ഒന്നു വിളിക്കാന്‍ കൊടുത്താല്‍ ഫോണുമായി മുങ്ങുന്ന പ്രതിയെ കുടുക്കിയത് പെണ്‍സുഹൃത്തിനെ ഉപയോഗിച്ച്

കൊച്ചി: മുപ്പത്തിലധികം ഫോണുകള്‍ മോഷ്ടിച്ച ഫുഡ് ഡെലിവറി ബോയിയെ ഒടുവില്‍ പൊലീസ് പിടികൂടിയത് പ്രതിയുടെ സുഹൃത്തായ പെണ്‍കുട്ടിയെ ഉപയോഗിച്ച്. ആലപ്പുഴ പുന്നപ്ര അറവുകാട് സ്വദേശിയായ അങ്കുലിനെയാണ് എറണാകുളം നോര്‍ത്ത് പൊലീസ് അറസ്റ്റ് ചെയ്തത്.

സെപ്തംബര്‍ നാലാം തീയതി ലിസ്സി മെട്രോ സ്റ്റേഷന് സമീപത്തുള്ള ഹോട്ടലിലെ ജീവനക്കാരനായ സ്റ്റീഫന്റെ ഫോണ്‍ അങ്കുല്‍ മോഷ്ടിച്ചിരുന്നു. സ്റ്റീഫന്റെ പരാതിയിലാണ് അറസ്റ്റ്. തന്റെ സുഹൃത്തായ പെണ്‍കുട്ടിയുടെ സ്‌കൂട്ടറില്‍ എത്തി റെയില്‍വേ സ്റ്റേഷനില്‍ നിന്നും വരികയായിരുന്ന സ്റ്റീഫന്റെ ഫോണ്‍ ഇയാള്‍ തട്ടിയെടുക്കുകയായിരുന്നു.

ഒന്ന് ഫോണ്‍ ചെയ്യാന്‍ എന്ന വ്യാജേന മൊബൈല്‍ വാങ്ങിയ ശേഷം അതുമായി കടന്നുകളയുകയാണ് അങ്കുലിന്റെ പതിവ്. എറണാകുളം കലൂര്‍ ഭാഗത്തെ ഹോസ്റ്റലുകളില്‍ മാറി മാറി താമസിച്ച് വരികയായിരുന്ന ഫുഡ് ഡെലിവറി പോയി ആയ ഇയാള്‍ പാതിരാ നേരത്ത് മെന്‍സ് ഹോസ്റ്റലുകളില്‍ കയറി മൊബൈല്‍ ഫോണുമായി കടന്നുകളയുകയും ചെയ്യാറുണ്ട്.

ഒടുവില്‍ ഇയാള്‍ മോഷണത്തിനായി ഉപയോഗിച്ചിരുന്ന വാഹനത്തിന്റെ ഉടമയായ പെണ്‍കുട്ടിയെ പൊലീസ് കണ്ടെത്തുകയും പെണ്‍കുട്ടിയെ ഉപയോഗിച്ച് അങ്കുലിനെ കുടുക്കുകയുമായിരുന്നു. പെണ്‍കുട്ടി പറഞ്ഞതനുസരിച്ച് കച്ചേരിപ്പടിയിലെത്തിയപ്പോഴാണ് ഇയാള്‍ പൊലീസിന്റെ വലയിലായത്. കോടതിയില്‍ ഹാജരാക്കിയ ശേഷം അങ്കുലിനെ റിമാന്‍ഡ് ചെയ്തിട്ടുണ്ട്. തെളിവെടുപ്പിനായി ഇയാളെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങും.