സൗന്ദര്യവര്‍ധക വസ്തുക്കളുടെ അമിതോപയോഗവും അതിന് വേണ്ടി ഏതറ്റവും പോകുന്നതും പലരുടെയും ജീവന്‍ നഷ്ടപ്പെടാന്‍ തന്നെ കാരണമായിത്തീരുന്ന വാര്‍ത്തകളൊക്കെ പല തവണ പുറത്ത് വന്നിട്ടുണ്ട്. എന്നാല്‍ കണ്ണിനകത്ത് ടാറ്റു ചെയ്ത കാഴ്ച ശക്തി നഷ്ടപ്പെടുത്തിയ ഒരു മോഡലാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ ഇടംപിടിച്ചിരിക്കുന്നത്. പോളണ്ട് സ്വദേശിനിയായ അലക്‌സാന്‍ഡ്ര സഡോവ്‌സ്‌കയുടെ വലതു കണ്ണിന്റെ കാഴ്ചയാണ് പൂര്‍ണമായും നഷ്ടപ്പെട്ടിരിക്കുന്നത്. ഇടതുകണ്ണിന്റെ കാഴ്ച ഇപ്പോള്‍ ഭാഗികമായി നഷ്ടപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
അതേസമയം ആ കണ്ണിന്റെയും കാഴ്ച പൂര്‍ണമായും നഷ്ടപ്പെടാന്‍ സാധ്യത ഉണ്ടെന്നാണ് ഡോക്ടര്‍മാര്‍ വിധിയെഴുതിയത്. 2016 ലായിരുന്നു അലക്‌സാന്‍ഡ്ര കണ്ണിനുള്ളില്‍ ടാറ്റൂ ചെയ്തത്. പോളിഷ് ഗായകനായ പോപ്പക്കിനോടുള്ള ആരാധന കൊണ്ടാണ് കണ്ണിനുള്ളില്‍ ടാറ്റൂ ചെയ്തതെന്നാണ് ഇരുപ്പത്തിയഞ്ചുകാരിയായ അലക്‌സാന്‍ഡ്ര വ്യക്തമാക്കിയത്. എന്നാല്‍ ശരീരത്തില്‍ പച്ച കുത്താന്‍ ഉപയോഗിക്കുന്ന മഷി കണ്ണില്‍ ഉപയോഗിച്ചതാണ് മോഡലിന് വിനയായത്.
പോപക്കിനെപ്പോലെ കണ്ണിന്റെ വെള്ളയിൽ കറുപ്പ് ടാറ്റൂ ചെയ്യണമെന്ന ആവശ്യവുമായി പിയോട്ടർ എന്ന ടാറ്റൂ ആർടിസ്റ്റിനെ സമീപിക്കുകയായിരുന്നു. അലക്സാൻഡ്ര ആവശ്യപ്പെട്ടതു പോലെ ഇയാൾ കണ്ണിനുള്ളിൽ ടാറ്റൂ ചെയ്തു നൽകി. എന്നാൽ ഇതിനുശേഷം അസഹ്യമായ വേദനയായിരുന്നു അലക്സാന്‍ഡ്ര അനുഭവിച്ചത്. ഇത് സാധാരണമാണെന്നും വേദനസംഹാരികൾ കഴിച്ചാൽ മതിയെന്നുമായിരുന്നു പിയോട്ടറിന്റെ നിർദേശം. എന്നാൽ ഏതാനും ദിവസങ്ങൾക്കുള്ളിൽ അലക്സാൻഡ്രയുടെ കാഴ്ച കുറഞ്ഞു വന്നു. ഇങ്ങനെ വലതു കണ്ണിന്റെ കാഴ്ച പൂർണമായി നഷ്ടപ്പെട്ടു. മൂന്നു തവണ ശസ്ത്രക്രിയയ്ക്ക് വിധേയമായെങ്കിലും കാഴ്ച തിരിച്ചു കിട്ടിയില്ല. മഷി കണ്ണിലെ കോശങ്ങളിലേക്ക് വ്യാപിച്ചതിനാൽ കാഴ്ച തിരിച്ചു കിട്ടാൻ സാധ്യതയില്ല എന്നാണ് ഡോക്ടർമാർ അറിയിച്ചത്.
മാത്രമല്ല ഇടതു കണ്ണിന്റെ അവശേഷിക്കുന്ന കാഴ്ച ശക്തി നഷ്ടമാകുമെന്നും അവർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ടാറ്റൂ ആർടിസ്റ്റായ പിയോറ്ററിനെതിരെ അലക്സാൻഡ്ര കോടതിയെ സമീപിച്ചിരിക്കുകയാണ്. നഷ്ടപരിഹാരം ലഭിക്കണമെന്നും ശിക്ഷ നൽകണമെന്നുമാണ് ആവശ്യം. ശരീരത്തിൽ ഉപയോഗിക്കുന്ന മഷി കണ്ണിൽ ഉപയോഗിക്കാൻ പാടില്ല. പിയോറ്ററിന് കണ്ണിൽ ടാറ്റൂ ചെയ്യാൻ അറിയില്ലെന്ന് അന്വേഷണത്തിൽ തെളിഞ്ഞതായും അലക്സാൻഡ്രയുടെ വക്കീൽ പറഞ്ഞു. മൂന്നു വർഷം വരെ ജയിൽവാസം ലഭിക്കുന്ന കുറ്റമാണിതെന്ന് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.