ഷഹന ചായ കുടിക്കാറില്ല, മരിച്ച സമയത്ത് മുറിയില്‍ രണ്ട് ചായക്കപ്പുകള്‍; സജ്ജാദിന് കെണിയായി മൊഴി

ചെറുവത്തൂര്‍: നടിയും മോഡലുമായ ഷഹനയുടെ മരണവുമായി ബന്ധപ്പെട്ട് പോലീസ് ബന്ധുക്കളില്‍നിന്ന് മൊഴിയെടുത്തു. ഉമ്മ ഉമൈബ, സഹോദരങ്ങളായ ബിലാല്‍, നദീം, ഉമൈബയുടെ സഹോദരിയുടെ മക്കള്‍ സിദ്ദിഖ്, ജമീല എന്നിവരില്‍നിന്നാണ് വിവരങ്ങള്‍ ശേഖരിച്ചത്. അന്വേഷണ ചുമതലുയുള്ള കോഴിക്കോട് റൂറല്‍ എ.സി.പി. കെ.സുദര്‍ശന്റെ നേതൃത്വത്തിലെത്തിയ സംഘമാണ് മൊഴി രേഖപ്പെടുത്തിയത്.

12-ന് രാത്രിയിലാണ് ഷഹനയെ കോഴിക്കോട് പറമ്പില്‍ബസാറിലെ വാടക ക്വാര്‍ട്ടേഴ്സില്‍ മരിച്ച നിലയില്‍ കണ്ടത്. ഷഹനയുടെത് ആസൂത്രിതമായ കൊലപാതകമാണെന്ന് ആവര്‍ത്തിച്ച് ബന്ധുക്കള്‍. കൊലപാതകത്തില്‍ ഒന്നില്‍ക്കൂടുതല്‍ ആളുകളുണ്ടെന്ന് സംശയിക്കുന്നതായും ഉമ്മയും എ.സി.പി.യോട് പറഞ്ഞു.ഷഹന ആത്മഹത്യ ചെയ്യില്ലെന്നും ഭര്‍ത്താവ് സജ്ജാദ് കൊലപ്പെടുത്തിയതാണെന്നും അന്ന് ബന്ധുക്കള്‍ ആരോപിച്ചിരുന്നു. പോലീസ് അറസ്റ്റ് ചെയ്ത സജ്ജാദ് റിമാന്‍ഡിലാണ്. ഇയാളെ കസ്റ്റഡിയില്‍ വിട്ടുകിട്ടുന്നതിന് തിങ്കളാഴ്ച കോടതിയില്‍ അപേക്ഷ നല്‍കാനിരിക്കെയാണ് ചെമ്പ്രകാനത്തെ ബന്ധുവീട്ടില്‍ കഴിയുന്ന ഉമ്മയുടെയും സഹോദരങ്ങളുടെയും മൊഴിയെടുക്കാന്‍ എ.സി.പി.യും സംഘവുമെത്തിയത്.

Loading...

വെള്ളിയാഴ്ച രാവിലെ 9.30-ന് വീട്ടിലെത്തിയ സംഘം 12.30-ഓടെയാണ് മടങ്ങിയത്. മുറിക്കകത്ത് ചായ കുടിച്ച രണ്ട് കപ്പുകള്‍ കണ്ടതായും ഷഹന ചായ കുടിക്കാറില്ലെന്നും ഉമൈബ എ.സി.പി.യോട് പറഞ്ഞു.തൂങ്ങിയ നിലയില്‍ കണ്ടുവെന്ന് ഭര്‍ത്താവ് സജ്ജാദ് പറയുന്ന ജനലില്‍നിന്ന് അഞ്ചുമീറ്റര്‍ അകലെയാണ് ഷഹനയെ കണ്ടത്. അതിനോട് ചേര്‍ന്നുണ്ടായ കട്ടിലും കടന്ന് മൃതദേഹം എങ്ങനെ അവിടെവരെ എത്തിയെന്നും സംശയമുന്നയിച്ചു.