മോഡലുകളുടെ അപകട മരണം;ഹാർഡ് ഡിസ്കിനായുള്ള കായലിലെ തിരച്ചിൽ അവസാനിപ്പിച്ച് പൊലീസ്

‌കൊച്ചി: മുൻ മിസ് കേരള അടക്കമുള്ള മോഡലുകളുടെ അപകരട മരണത്തിലെ നിർണായക തെളിവായ ഹാർഡ് ഡിസ്കിനായുളള കായലിലെ തെരച്ചിൽ അവസാനിപ്പിച്ച് പൊലീസ്. നമ്പർ 18 ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങടങ്ങിയ ഹാ‍ർഡ് ‍ഡിസ്കിനായുളള തെരച്ചിൽ ആണ് അവസാനിപ്പിച്ചത്.. കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ സി എച്ച് നാഗരാജുവാണ് ഇക്കാര്യം അറിയിച്ചത്. ഹോട്ടലിലെ മറ്റു സിസിടിവികളിൽ നിന്നും ലഭ്യമായ ദൃശ്യങ്ങൾ കേസിന്റെ ഭാഗമാക്കാനാണ് ഇനി പൊലീസിൻ്റെ ശ്രമം. അന്വേഷണവുമായി ബന്ധപ്പെട്ട് കൂടുതൽ പേരെ ചോദ്യം ചെയ്യുകയാണെന്നും ശക്തമായ തെളിവുകൾ സ്വീകരിച്ച് അന്വേഷണം വേഗത്തിൽ തീ‍ർക്കുമെന്നും സി.എച്ച്.നാഗരാജു അറിയിച്ചു.

കൊച്ചി കണ്ണങ്കാട് പാലത്തിനു സമീപം നമ്പർ 18 ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ ഉപേക്ഷിച്ചെന്നാണ് ഉടമ റോയി വയലാട്ടും ജീവനക്കാരും പൊലീസിന് നൽകിയ മൊഴി. ഹാർഡ് ഡിസ്ക് പോലെ ഒരു സാധനം കണ്ടതായി ഈ ഭാഗത്ത് തന്നെയുളള ഒരു മത്സ്യത്തൊഴിലാളിയാണ് പൊലീസിനെ അറിയിച്ചത്. മത്സ്യബന്ധനത്തിനിടെ വലയിൽ കുടുങ്ങിയ വസ്തു ഹാർഡ് ‍ഡിസ്ക് ആണെന്നറിയാതെ താൻ വെളളത്തിലേക്ക് തന്നെ എറിഞ്ഞെന്നാണ് മത്സ്യത്തൊഴിലാളിയുടെ മൊഴി. ഇതനുസരിച്ച് പൊലീസ് ഈ ഭാഗത്ത് തെരച്ചിൽ നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. അഗ്നിരക്ഷാസേനയേയും കോസ്റ്റ് ഗാ‍‍‍ർഡിനേയും ഒടുവിൽ മത്സ്യത്തൊഴിലാളികളെ വച്ചും മൂന്നു ദിവസം തെരച്ചിൽ നടത്തിയിട്ടും ഹാർ‍ഡ് ഡിസ്ക് കിട്ടാതെ വന്നതോടെയാണ് അവശേഷിച്ച തെളിവുകളിൽ കേന്ദ്രീകരിച്ച് അന്വേഷണം പൂർത്തിയാക്കാൻ പൊലീസ് തീരുമാനിച്ചത്.

Loading...