സ്ത്രീകളുടെ വിശ്വാസം ആര്‍ജ്ജിക്കാന്‍ കഴിയണം; നരേന്ദ്രമോദി

രാജ്യത്ത് സ്ത്രീകള്‍ക്ക് എതിരായ അതിക്രമങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ സംസ്ഥാന ഡിജിപിമാര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കി പ്രധാനമന്ത്രി നരേന്ദ്ര മോദി.സ്ത്രീസുരക്ഷ ഉറപ്പാക്കാന്‍ ഫലപ്രദമായ പോലീസ് സംവിധാനം വേണം. പോലീസ് സേനയുടെ പ്രതിച്ഛായ നന്നാക്കണം. സമൂഹത്തിലെ എല്ലാ വിഭാഗത്തിന്റെയും വിശ്വാസം ആര്‍ജ്ജിക്കാന്‍ പോലീസിന് സാധിക്കണമെന്നും അദ്ദേഹം പറഞ്ഞു.

സമൂഹത്തിലെ എല്ലാ വിഭാഗത്തിന്റെയും വിശ്വാസം ആര്‍ജ്ജിക്കാന്‍ പൊലീസിന് കഴിയണം. പ്രത്യേകിച്ച്‌ സ്ത്രീകളുടെയും കുട്ടികളുടെയും വിശ്വാസം ആര്‍ജ്ജിക്കണമെന്ന് മോദി നിര്‍ദ്ദേശിച്ചു. പൊലീസ് കൂടുതല്‍ കാര്യക്ഷമമാകാന്‍ ഫലപ്രദമായ നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സുരക്ഷിതയെന്ന ബോധം സ്ത്രീകളിലുണ്ടാവാന്‍ ഫലപ്രദമായ പൊലീസ് സംവിധാനം അനിവാര്യമാണെന്നും മോദി പറഞ്ഞു. എന്നാല്‍ ഹൈദരാബാദില്‍ ഉള്‍പ്പടെ അടുത്തിടെ നടന്ന സ്ത്രീകള്‍ക്കെതിരായ ആക്രമണങ്ങളില്‍ നേരിട്ടൊരു പ്രതികരണം മോദി നടത്തിയില്ല.

Loading...

അതേസമയം പാര്‍ലമെന്റ് നാളെ വന്‍പ്രതിഷേധത്തിന് സാക്ഷ്യം വഹിക്കും. ഉന്നാവ്, ത്രിപുര സംഭവങ്ങളില്‍ അമിത് ഷായുടെ വിശദീകരണം ആവശ്യപ്പെട്ട് ഇരുസഭകളിലും നോട്ടീസ് നല്‍കാന്‍ വൈകീട്ട്‌ ചേര്‍ന്ന കോണ്‍ഗ്രസ് നേതൃയോഗം തീരുമാനിച്ചിട്ടുണ്ട്. രാവിലെ ഗാന്ധി പ്രതിമയ്ക്കു മുന്നില്‍ പ്രതിഷേധിക്കും. തന്റെ ജന്മദിനം ആഘോഷിക്കരുതെന്ന് സോണിയ ഗാന്ധി കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ഇന്ത്യന്‍ ശിക്ഷാ നിയമവും (ഐപിസി) ക്രിമിനല്‍ നടപടി ചട്ടവും (സിആര്‍പിസി) ഭേഗതി ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ. ബലാത്സംഗം പോലെയുള്ള കുറ്റകൃത്യങ്ങളില്‍ നീതി നടപ്പാക്കാന്‍ വൈകുന്നുവെന്ന പരാതികള്‍ ഉയരുന്ന പശ്ചാത്തലത്തിലാണ് അമിത് ഷായുടെ പ്രതികരണം. പുനെയില്‍ ഡിജിപിമാരുടെയും ഐജിമാരുടെയും യോഗത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അമിത് ഷാ.

ജനാധിപത്യ സംവിധാനം കൂടുതല്‍ ശക്തമാക്കുന്നതിന് ഐപിസിയും സിആര്‍പിസിയും ഭേദഗതി ചെയ്യാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന നിലപാടാണ് കേന്ദ്രസര്‍ക്കാരിനെന്ന് അമിത് ഷാ പറഞ്ഞു. ഇതുസംബന്ധിച്ച്‌ നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ വിവിധ സംസ്ഥാനങ്ങളോട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടിരുന്നു. ജനങ്ങളുടെ പ്രതീക്ഷയ്‌ക്കൊത്തവിധം ഐപിസിയും സിആര്‍പിസിയും ഭേദഗതി ചെയ്യുന്നത് സംബന്ധിച്ച നിര്‍ദ്ദേശങ്ങളാണ് കേന്ദ്രം ആരാഞ്ഞത്. ഇതിന് പുറമേ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ ഒരു സമിതിക്കും കേന്ദ്രസര്‍ക്കാര്‍ രൂപം നല്‍കിയിട്ടുണ്ട്.

2012 ല്‍ നടന്ന നിര്‍ഭയ സംഭവത്തില്‍ പ്രതികളുടെ ശിക്ഷ ഇനിയും നടപ്പാക്കാത്തത് അടക്കമുള്ളവ രാജ്യമൊട്ടാകെ പ്രതിഷേധത്തിന് ഇടയാക്കിയ സാഹചര്യത്തിലാണ് കേന്ദ്ര സര്‍ക്കാരിന്റെ നീക്കം. ഓള്‍ ഇന്ത്യന്‍ പൊലീസ് യൂണിവേഴ്‌സിറ്റിയും, ഫോറന്‍സിക് സയന്‍സ് യൂണിവേഴ്‌സിറ്റിയും സ്ഥാപിക്കാന്‍ കേന്ദ്രസര്‍ക്കാരിന് പദ്ധതിയുണ്ടെന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ അമിത് ഷാ പറഞ്ഞു.വിവിധ സംസ്ഥാനങ്ങളിലെ പൊലീസ് ഉദ്യോഗസ്ഥര്‍ കൈവരിച്ച നേട്ടങ്ങളെ ആഭ്യന്തരമന്ത്രി യോഗത്തില്‍ പ്രശംസിച്ചു. വീരമൃത്യു വരിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് യോഗം ആദരാഞ്ജലി അര്‍പ്പിച്ചു.

പ്രധാനമന്ത്രി നരേന്ദ്രമോദി, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, ആഭ്യന്തര മന്ത്രാലയ സെക്രട്ടറി അജയ് കുമാര്‍ ഭല്ല തുടങ്ങിയവര്‍ പങ്കെടുത്ത മൂന്ന് ദിവസത്തെ യോഗത്തിലാണ് അമിത് ഷായും പങ്കെടുത്തത്.