കൊവിഡിനെതിരായ പോരാട്ടത്തിൽ രാജ്യം നി‍ർണായക ഘട്ടത്തിലേക്കെന്ന് മോദി

ന്യൂഡൽഹി: രാജ്യം കൊവിഡിനെതിരായ പോരാട്ടത്തിൽ നി‍‍ർണായക ഘട്ടത്തിലേക്ക് കടക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ലോക്ക് ഡൗണിൽ നിന്നും അൺലോക്കിലേക്ക് നമ്മൾ നീങ്ങുകയാണ്. കൃത്യസമയത്തെ ലോക്ഡൗൺ മരണനിരക്ക് കുറച്ചു. എന്നാൽ കൊവിഡിനെ നേരിടുന്നതിൽ ജനങ്ങളുടെ ഭാ​ഗത്ത് നിന്നും അശ്രദ്ധ കൂടുന്നതായും ജനം ജാ​ഗ്രത പാലിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിക്കുന്നതിനിടെയാണ് പ്രധാനമന്ത്രി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

ഓരോ പൗരനും ആരോഗ്യകാര്യത്തിൽ ശ്രദ്ധ പുലർത്തണം. മാസ്ക് ധരിക്കണം. മറ്റു രോഗങ്ങൾക്കെതിരെ മുൻകരുതൽ വേണം. ആരും പട്ടിണി കിടക്കാൻ ഇടവരരുത്. നവംബർ വരെ ഭക്ഷ്യധാന്യം സൗജന്യമാണ്. ഇളവുകൾ വന്നതോടെ കോവിഡ് പ്രതിരോധത്തിൽ അലംഭാവം കാണുന്നു. മാർഗരേഖ ലംഘിക്കുന്നവരെ തടയണം. കോവിഡ് മുൻകരുതലുകൾ ലംഘിക്കുന്നവരെ നിരുത്സാഹപ്പെടുത്തണം. ലോക്ഡൗണ്‍ ഇളവുകള്‍ വന്നതോടെ കോവിഡ് പ്രതിരോധത്തില്‍ അലംഭാവം വന്നതായും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

Loading...

കോവിഡ് മാർഗനിർദേശങ്ങൾ എല്ലാവരും പാലിക്കണം. പ്രധാനമന്ത്രി മുതൽ പഞ്ചായത്ത് പ്രസിഡന്റ് വരെ ആരും നിയമത്തിനു മുകളിലല്ല. പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജന നവംബർ അവസാനം വരെ നീട്ടി. 80 കോടി ആളുകൾക്കു 5 കിലോ അരിയോ ഗോതമ്പോ നൽകും. ഒരു കിലോ കടലയും ലഭ്യമാക്കും. ഒരു രാജ്യം, ഒരു റേഷൻ കാർഡ് പദ്ധതി അതിഥി തൊഴിലാളികൾക്കു തുണയാകും.

ഒരു രാജ്യം, ഒരു റേഷൻ കാർഡ് പദ്ധതി പദ്ധതി വിപുലീകരിക്കും. ജൻധൻ അക്കൗണ്ടുകളിൽ 21,000 കോടി രൂപ നേരിട്ടു നൽകി. 9 കോടി കുടുംബങ്ങൾക്ക് 18000 കോടി രൂപ ബാങ്ക് അക്കൗണ്ടുകൾ വഴി നൽകി. കോവിഡ് കാലത്ത് ഇതുവരെ ചെലവായ തുക ചേർക്കുമ്പോൾ 1.5 ലക്ഷം കോടി രൂപയാകും.– പ്രധാനമന്ത്രി പറഞ്ഞു. ചുമ, പനി ഉൾപ്പെടെ പല രോഗങ്ങൾ വരാൻ സാധ്യതയുള്ള സമയമാണിത് ആളുകൾ ജാഗ്രത പാലിക്കണമെന്നും രക്ഷാബന്ധൻ, കൃഷ്ണജന്മാഷ്ടമി, വിനായകചതുർത്ഥി, ഓണം, നവരാത്രി, ദസറ,ദീപാവലി… ഒരുപാട് ആഘോഷങ്ങൾ വരുന്നുണ്ട്. സാമൂഹിക അകലം പാലിച്ചു കൊണ്ട് വേണം നാം എല്ലാ ആഘോഷിക്കാനും ആചരിക്കാനുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.