രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയെ മറികടക്കാൻ 20 ലക്ഷം കോടി യുടെ പാക്കേജ്

ദില്ലി: കൊവിഡിനെ തുടർന്ന് രാജ്യത്തുണ്ടായ സാമ്പത്തിക പ്രതിസന്ധിയെ മറികടക്കാൻ 20 ലക്ഷം കോടി യുടെ പാക്കേജ്. ഈ സാമ്പത്തിക പാക്കേജ് രാജ്യത്തെ കർഷകർക്കും സാധാരണക്കാർക്കും, മധ്യവർഗത്തിനും നികുതി ദായകർക്കും ഉദ്യോഗസ്ഥർക്കും ഓരോ പൗരനും വേണ്ടിയുള്ളതാണെന്നും പ്രധാനമന്ത്രി പറഞ്ഞു. രാഷ്ട്രത്തെ അഭിസംബോധന ചെയ്തുകൊണ്ടുള്ള പ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചത്.

രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ പത്ത് ശതമാനം വരും ഈ തുകയെന്നും മോദി പറഞ്ഞു. ഇത്തരം സാഹചര്യം നേരിടുന്നത് ആദ്യമായി. തോല്‍ക്കാനോ പിന്മാറാനോ രാജ്യം തയ്യാറല്ല. നിശ്ചയദാര്‍ഢ്യത്തോടെ ഈ പ്രതിസന്ധി നാം മറികടക്കണം. ലോകം ഇന്ത്യയെ കാണുന്ന രീതി മാറിയിരിക്കുന്നു. നയങ്ങള്‍ കൊണ്ട് ഇന്ത്യ ലോകത്തെ മാറ്റി. നിലവിലുള്ളത് അസാധാരണ സാഹചര്യമെന്നും മോദി പറഞ്ഞു. മാനവികത നേരിടുന്ന വെല്ലുവിളിയാണ് കോവിഡ്. കോവിഡ് പോരാട്ടത്തില്‍ നാം തോല്‍ക്കില്ല. കോവിഡ് പോരാട്ടം നാലുമാസം പിന്നിടുന്നു. ഒരു വൈറസ് ലോകത്തെ മുട്ടു കുത്തിച്ചിരിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. സ്വയംപര്യാപ്തതയ്ക്ക് ഇപ്പോള്‍ ഒരു
അര്‍ത്ഥമുണ്ടായിരിക്കുന്നുവെന്നും മോദി പറഞ്ഞു. കോവിഡിനെതിരായ പോരാട്ടത്തില്‍ ഇന്ത്യ ഒറ്റക്കെട്ടാണെന്നും മോദി പറഞ്ഞു.

Loading...

കഴിഞ്ഞ കുറച്ചുകാലമായി കൊവിഡ് മൂലം ദുരിതത്തിലായിരുന്നു ലോകം. ലക്ഷക്കണക്കിന് പേർക്ക് രോഗം ബാധിച്ചു. ലക്ഷക്കണക്കിന് പേർക്ക് ജീവൻ നഷ്ടമായി. ഇന്ത്യയിലും നിരവധി കുടുംബങ്ങൾക്ക് സ്വന്തക്കാരെ നഷ്ടമായി. എല്ലാവർക്കും വേണ്ടിയാണ് ഞാൻ സംസാരിക്കുന്നത്. ഒറ്റ വൈറസ്, ലോകത്തെ നിശ്ചലമാക്കിയിരിക്കുകയാണ്. നിരവധി ജീവിതങ്ങൾ ബുദ്ധിമുട്ടിലായി. ഒരു യുദ്ധമാണ് നടക്കുന്നത്. ഇത്തരം ഒരു ദുരിതത്തെക്കുറിച്ച് നമ്മൾ കേട്ടിട്ടില്ല, കണ്ടിട്ടുമില്ല. നമ്മൾ സങ്കൽപിച്ചതിനുമപ്പുറമാണിത്. പക്ഷേ, ക്ഷീണിക്കരുത്, തോൽക്കരുത്. അത് മനുഷ്യർക്ക് ഭൂഷണമല്ല. ധൈര്യത്തോടെ, എല്ലാ ചട്ടങ്ങളും പാലിച്ച് നമുക്ക് രക്ഷപ്പെടണം, മുന്നോട്ട് പോവുകയും വേണം. ഇന്ന് ലോകം ദുരിതത്തിലാണ്ടിരിക്കുമ്പോൾ കൂടുതൽ ഈ പോരാട്ടം ശക്തിപ്പെടുത്തണം. നമ്മുടെ ലക്ഷ്യം മികച്ചതായിരിക്കണമെന്നും പ്രധനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചു.