അഞ്ചു ധാരണാപത്രങ്ങളില്‍ ഇരുരാജ്യങ്ങളും ഒപ്പുവച്ചു,പ്രധാനമന്ത്രിക്ക് അബുദാബിയില്‍ ഊഷ്മളമായ വരവേല്‍പ്

സൗദി: തൊഴിലാളികളുടെ ക്ഷേമത്തിന് സംയുക്ത പദ്ധതികള്‍ നടപ്പിലാക്കാന്‍ ഇന്ത്യ യുഎഇ ധാരണ. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനവേളയില്‍ ഇതടക്കം അഞ്ചു ധാരണാപത്രങ്ങളില്‍ ഇരുരാജ്യങ്ങളും ഒപ്പുവച്ചു. ഊഷ്മളമായ വരവേല്‍പാണ് പ്രധാനമന്ത്രിക്ക് അബുദാബിയില്‍ ലഭിച്ചത്.യുഎഇയിലെ ഇന്ത്യന്‍ തൊഴിലാളികളുടെ ക്ഷേമത്തിനായി സംയുക്ത പദ്ധതികള്‍ നടപ്പിലാക്കാനുള്ള തീരുമാനമാണ് ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ യുഎഇ സന്ദര്‍ശനത്തിലെ പ്രധാന നേട്ടം. മനുഷ്യക്കടത്തും, തൊഴില്‍തട്ടപ്പും തടയുന്നതിനുള്ള സംയോജിത ഓണ്‍ലൈന്‍ സംവിധാനമാണ് ഇതില്‍ പ്രധാനം. ഇരുരാജ്യങ്ങളും സംയുക്തമായി തൊഴിലാളികള്‍ക്കായി ബോധവല്‍ക്കരണ പദ്ധതികള്‍ നടപ്പിലാക്കും. തൊഴില്‍, അടിസ്ഥാന സൌകര്യവികസനം, പെട്രോളിയം തുടങ്ങിയ മേഖലകളിലാണ് സഹകരണം കൂടുതല്‍ ശക്തമാക്കാന്‍ ഇന്ത്യ യുഎഇ ഉഭയകക്ഷി ചര്‍ച്ചയില്‍ തീരുമാനമായത്.

യു എ ഇ യിലെ എണ്ണ മേഖലയില്‍ ഇന്ത്യന്‍ കമ്പനികള്‍ നിക്ഷേപം നടത്തുന്നത് സംബന്ധിച്ചും ഇരുരാജ്യങ്ങളും ധാരണയിലെത്തി. യുഎഇ തീരക്കടലിലെ ലോവര്‍ സാകും എണ്ണ പര്യവേഷണ പദ്ധതിയിലായിരിക്കും മൂന്ന് പൊതുമേഖലാ ഇന്ത്യന്‍ കമ്പനികള്‍ സംയുക്തമായി നിക്ഷേപം നടത്തുക. പദ്ധതി ചെലവിന്റെ പത്തുശതമാനമായിരിക്കും ഇന്ത്യന്‍ കന്പനികള്‍ വഹിക്കുക. ഇതിനു പുറമേ റെയില്‍ ഗതാഗത രംഗത്തും ഇരുരാജ്യങ്ങളും പരസ്പരം കൈകോര്‍ക്കും. ജമ്മു കശ്മീരില്‍ ഡി.പി.വേള്‍ഡിന്റെ ലോജിസ്റ്റിക്‌സ് ഹബ് നിര്‍മിക്കാനും കരാര്‍ ഒപ്പിട്ടു. ബോംബെ സ്റ്റോക് എക്‌സ്‌ചേഞ്ചും അബുദാബി സെക്യൂരിറ്റീസ് എക്‌സ്‌ചേഞ്ചും വിവിധ വിഷയങ്ങളില്‍ സഹകരിക്കാനും തീരുമാനിച്ചിട്ടുണ്ട്. വൈകിട്ട് ആറേകാലോടെ യുഎഇയിലെത്തിയ പ്രധാനമന്ത്രിയെ അബുദാബി കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ പ്രസിഡന്‍ഷ്യല്‍ വിമാനത്താവളത്തില്‍ സ്വീകരിച്ചു. തുടര്‍ന്ന് പ്രസിഡന്റിന്റെ പുതിയ കൊട്ടാരത്തില്‍ ഇരുനേതാക്കളും ചര്‍ച്ച നടത്തി. ഇതാദ്യമായാണ് ഒരു വിദേശരാഷ്ട്രത്തലവന് ഇവിടെ ആതിഥ്യമരുളുന്നത്.