കാനഡയിൽ മോദിക്ക് കരാറുകളുടെ ഘോഷയാത്ര.

ടൊറന്റോ:കാനഡയിൽ മോദി ഒപ്പിട്ടത് 15ലേറെ കരാറുകൾ. യൂറേന്യത്തിന്റെ ഇറക്കുമതിയടക്കം 15ലേറെ കരാറുകളിൽ മോദിയുടെ കൈയ്യൊപ്പ് പതിഞ്ഞു.
3000 ടണ്‍ യുറേനിയം വാങ്ങാനുള്ള കരാറില്‍ ഇന്ത്യ കാനഡയുമായി കരാര്‍ ഒപ്പുവെച്ചു. ഊര്‍ജോല്‍പാദനത്തിനായി അഞ്ചു വര്‍ഷംകൊണ്ട് 70 ലക്ഷം പൗണ്ട് യുറേനിയമാണ് ഇന്ത്യയിലെ ആണവോര്‍ജ വകുപ്പ് ഇറക്കുമതി ചെയ്യുക. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും കനേഡിയന്‍ പ്രധാനമന്ത്രി സ്റ്റീഫന്‍ ഹാര്‍പറുടെയും സാന്നിധ്യത്തിലാണ് തലസ്ഥാനമായ ഓട്ടവയില്‍ കരാറൊപ്പിട്ടത്.

കനേഡിയന്‍ പൗരന്മാര്‍ക്ക് 10 വര്‍ഷ കാലാവധിയുള്ള വീസയും ഓണ്‍ അറൈവല്‍ വീസ സംവിധാനവും ഏര്‍പ്പെടുത്തുമെന്നു നരേന്ദ്ര മോദി വ്യക്തമാക്കി. സ്വതന്ത്ര വ്യാപാര കരാര്‍ സംബന്ധിച്ച ചര്‍ച്ചകളില്‍ സെപ്റ്റംബറോടെ തീരുമാനമാകുമെന്നും സ്റ്റീഫന്‍ ഹാര്‍പര്‍ സൂചന നല്‍കി.

Loading...

വ്യോമയാന, റയില്‍, വിദ്യാഭ്യാസ, ബഹിരാകാശ, സാമൂഹിക സുരക്ഷ, ശിശു ആരോഗ്യ പരിപാലന രംഗങ്ങളില്‍ സഹകരിച്ചു പ്രവര്‍ത്തിക്കുന്നതിനും ധാരണയായി. ഇതിലൂടെ വിമാനത്താവള, റയില്‍ ഗതാഗത വികസന-സുരക്ഷാ പദ്ധതികളില്‍ കനേഡിയന്‍ നിക്ഷേപം ഉറപ്പാക്കും. വ്യോമയാന, ഐടി, വാഹന, കൃഷി, വസ്ത്ര, ആരോഗ്യ, നിര്‍മാണ രംഗങ്ങളിലാകും വിദ്യാഭ്യാസ-തൊഴില്‍ വൈദഗ്ധ്യ സംരംഭങ്ങള്‍ നടപ്പാക്കുക. ഗര്‍ഭസ്ഥ ശിശുക്കളുടെയും കുട്ടികളുടെയും ആരോഗ്യപരിപാലനവുമായി ബന്ധപ്പെട്ട അഞ്ച് സംരംഭങ്ങളില്‍ 25 ലക്ഷം ഡോളറാണ് (15 കോടിയിലേറെ രൂപ) നിക്ഷേപിക്കുക. ഇന്ത്യയില്‍ താല്‍ക്കാലികമായി ജോലി ചെയ്യുന്ന കനേഡിയന്‍ പൗരന്മാര്‍ക്ക് ഇവിടെ പെന്‍ഷന്‍ പദ്ധതിയില്‍ തുടരാന്‍ സാമൂഹിക സുരക്ഷാ കരാറിലൂടെ സാധിക്കും.

കലാ സാംസ്‌കാരിക പ്രകടനങ്ങളുടെ അകമ്പടിയോടെയാണ് ഇന്ത്യന്‍ സമൂഹം മോദിയ്ക്ക് സ്വീകരണം ഒരുക്കിയത്. മാഡിസണ്‍ സ്‌ക്വയര്‍ മോഡലില്‍ റികോ കോളീസിയത്തില്‍ നടന്ന ചടങ്ങില്‍ 8000 പേര്‍ പങ്കെടുത്തു. ചടങ്ങില്‍ കനേഡിയന്‍ പ്രസിഡന്റ് സ്റ്റീഫന്‍ ഹാര്‍പറും പങ്കെടുത്തു.