മോദിയുടെ പ്രസംഗം പ്രതീക്ഷിച്ചത്ര ആളുകളെത്തിയില്ല, കോണ്‍ഗ്രസ്, സിപിഎം അനുഭാവികള്‍ പണിതന്നതാണെന്നു ബിജെപി

ഒമാന്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗം കേള്‍ക്കാന്‍ പ്രതീക്ഷിച്ച ആളുകള്‍ എത്തിയില്ല കോണ്‍ഗ്രസ്, സിപിഎം അനുഭാവികള്‍ പണി തന്നതാണെന്നു ബിജെപി. മസ്‌കറ്റ് സുല്‍ത്താന്‍ ഖാബൂസ് സ്റ്റേഡിയത്തിലെ പൊതുപരിപാടിക്ക് മുപ്പതിനായിരം പേരെത്തുമെന്ന് പ്രതീക്ഷിച്ചെങ്കിലും വന്നത് പതിനായിരത്തോളം പേര്‍ മാത്രം.തന്റെ സര്‍ക്കാരിന്റെ നേട്ടങ്ങള്‍ എണ്ണിയെണ്ണി പറയുകയാണ് മസ്‌കറ്റിലെ പൊതുപരിപാടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി. പക്ഷേ കസേരകളില്‍ പകുതിയും കാലിയായിരുന്നു. കോണ്‍ഗ്രസ്, സിപിഎം അനുഭാവികള്‍ പാസ് വാങ്ങിയ ശേഷം മനഃപൂര്‍വം യോഗത്തിന് എത്തിയില്ലെന്നായിരുന്നു ബിജെപി അനുഭാവികളുടെ ആരോപണം.

മോദിക്കു സ്വന്തം നാട്ടില്‍ തിരഞ്ഞെടുപ്പു പ്രചരണത്തിനിടയില്‍ ഉണ്ടായ അനുഭവം തന്നെ ഒമാനിലും ഉണ്ടായത് . ഇത്തിച്ചേര്‍ന്ന ആരാധകരുടെ ആഹ്ലാദത്തിനിടയിലും പ്ലക്കാര്‍ഡുകളേന്തിയ ചില പ്രതിഷേധങ്ങളും ഉണ്ടായിരുന്നു. ഒമാനിലെ ഏറ്റവും വലിയ സ്റ്റേഡിയത്തിലായിരുന്നു പ്രധാനമന്ത്രിയുടെ പൊതുപരിപാടി. മുപ്പതിനായിരം പേര്‍ക്ക് പാസുകള്‍ വിതരണം ചെയ്‌തെങ്കിലും വന്നത് പതിമൂവായിരത്തോളം പേര്‍ മാത്രം. വി.ഐ.പി, വി.വി.ഐ.പി കസേരകള്‍ ഒട്ടുമുക്കാലുംഒഴിഞ്ഞുകിടന്നു. ഉത്തരേന്ത്യയില്‍നിന്നുള്ള ബിജെപി അനുഭാവികളും പ്രവര്‍ത്തകരുമായിരുന്നു വന്നതിലേറെയും. മസ്‌കറ്റിലെ ഇന്ത്യന്‍ സോഷ്യല്‍ ക്ലബ്ബിന്റെ നേതൃത്വത്തിലാണ് പ്രധാനമന്ത്രിക്ക് സ്വീകരണം ഒരുക്കിയത്. 25,000ത്തിലെറെ അംഗങ്ങളുള്ള ക്ലബ്ബില്‍നിന്ന് പകുതിയാളുകള്‍ പോലും മോദിയുടെ പ്രസംഗം കേള്‍ക്കാന്‍ എത്താതിരുന്നത് നാണക്കേടായി. സംഭവം എന്തായാലും പ്രവാസ ലോകത്ത് ചര്‍ച്ചയായി കഴിഞ്ഞു. പ്രധാനമന്ത്രി തന്റെ പ്രസംഗത്തില്‍ പ്രവാസികള്‍ക്കായി എന്തു പ്രഖ്യാപിച്ചുവെന്ന് മറുപക്ഷം തിരിച്ചു ചോദിക്കുന്നു. ഞായറാഴ്ച ഒമാനില്‍ പ്രവര്‍ത്തി ദിവസമായതും പരിപാടിക്ക് ജനപങ്കാളിത്തം കുറയാന്‍ കാരണമായതായി കരുതുന്നു.

Top