കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കില്ലെന്ന് സന്ദേശം നല്‍കി പ്രധാനമന്ത്രി നരേന്ദ്രമോദി

കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കില്ലെന്ന സന്ദേശവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. നിയമങ്ങള്‍ കര്‍ഷകര്‍ക്ക് പുതിയ അവസരങ്ങളും അവകാശവും നല്‍കിയെന്ന് മന്‍ കീ ബാത്തില്‍ മോദി പറഞ്ഞു. കര്‍ഷകരുമായി കേന്ദ്ര സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് ഒരുങ്ങുന്നത് മുന്‍ ധാരണയോടെയെന്ന് വ്യക്തമാക്കുന്നതാണ് പ്രധാനമന്ത്രിയുടെ വാക്കുകള്‍.കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ കര്‍ഷക സമരം രാജ്യ തലസ്ഥാനത്തെ പ്രകമ്പനം കൊള്ളിക്കുമ്പോഴും പിറകോട്ടില്ലെന്ന് പ്രഖ്യാപിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. ഇത് വ്യക്തമാകുന്നതാണ് മന്‍ കീ ബാത്തിലെ പ്രധാനമന്ത്രിയുടെ പ്രസ്താവന. ഏറെ ചര്‍ച്ചകള്‍ക്ക് ഒടുവിലാണ് നിയമങ്ങള്‍ കൊണ്ടുവന്നത്. ഇത് കര്‍ഷകര്‍ക്ക് പുതിയ അവസരങ്ങളും അവകാശങ്ങളും നല്‍കിയെന്ന് മന്‍ കീ ബാത്തില്‍ പ്രധാനമന്ത്രി അവകാശപ്പെട്ടു.

കാര്‍ഷിക വിള വാങ്ങിയാല്‍ 3 ദിവസത്തിനകം കര്‍ഷകന് പണം നല്‍കണം. ഇല്ലെങ്കില്‍ പരാതി നല്‍കാം. പരാതിയില്‍ എസ്ഡിഎം ഒരു മാസത്തിനകം നടപടി എടുക്കണം. പുതിയ നിയമങ്ങള്‍ വഴിയാണ് ഇത് സാധ്യമാകുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യുവാക്കള്‍ കാര്‍ഷിക പരിഷ്‌കാരങ്ങളുടെ നേട്ടങ്ങള്‍ കര്‍ഷകരെ അറിയിക്കാന്‍ മുന്‍ കൈ എടുക്കണമെന്നും മോദി ആഹ്വാനം ചെയ്തു. കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ പ്രചരണങ്ങളെയും മോദി പരോക്ഷമായി ലക്ഷ്യമിട്ടു. ശരിയായ അറിവ് ഒരു വ്യക്തിക്ക് അധിക കരുത്താണെന്നായിരുന്നു പ്രതികരണം. തുറന്ന മനസോടെ സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയ്യാറാവണമെന്നാണ് കര്‍ഷകരുടെ നിലപാട്. എന്നാല്‍ കര്‍ഷകരുടെ ആശങ്ക കേള്‍ക്കാതെ നിയമങ്ങളെ പൂര്‍ണമായും ന്യായീകരിക്കുകയാണ് പ്രധാനമന്ത്രി മന്‍ കീ ബാത്തില്‍ ചെയ്തത്. മുന്‍ ധാരണയോടെയുള്ള ഈ നിലപാട് ചര്‍ച്ച നടത്താമെന്ന വാഗ്ദാനം ആത്മാര്‍ഥമല്ലെന്ന് വ്യക്തമാക്കുന്നു.

Loading...