പാക്കിസ്ഥാന്റെ നെഞ്ചിടിപ്പ് കൂട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദി സൗദിയില്‍; തന്ത്രപ്രധാന കരാറുകളില്‍ ഒപ്പുവെയ്ക്കും

പ്രധാനമന്ത്രി നരേന്ദ്ര മോദി സൗദിയിലെത്തി. ആഗോള നിക്ഷേപ സംഗമത്തില്‍ പങ്കെടുക്കുന്നതിന്റെ ഭാഗമായി എത്തിയ അദ്ദേഹത്തിന് വന്‍ സ്വീകരണമാണ് വിമാനത്താവളത്തില്‍ ലഭിച്ചത്. സല്‍മാന്‍ രാജാവുമായും കിരീടാവകാശ് മുഹമ്മദ് ബിന്‍ സല്‍മാനുമായും അദ്ദേഹം ചര്‍ച്ച നടത്തും. സൗദി ഭരണാധികാരികളുമായുള്ള കൂടിക്കാഴ്ചയില്‍ ഊര്‍ജ്ജ മേഖലകളില്‍ ഉള്‍പ്പെടെയുള്ള തന്ത്രപ്രധാന കരാറുകളില്‍ ഇരു രാജ്യങ്ങളും ഒപ്പുവെക്കും. പാക്കിസ്ഥാന്‍ ഉള്‍പ്പെടെയുള്ള മറ്റ് രാജ്യങ്ങള്‍ വളരെ സൂക്ഷ്മമായാണ് മോദിയുടെ സൗദി സന്ദര്‍ശനത്തെ നിരീക്ഷിക്കുന്നത്.

റുപിയാ കാര്‍ഡിന്റെ ഔദ്യോഗിക പ്രകാശനവും പ്രധാനമന്ത്രി ഇന്ന് നിര്‍വഹിക്കും. സൗദി പ്രാദേശിക സമയം രാവിലെ പത്തര മുതല്‍ പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ചകള്‍ ആരംഭിക്കുമെന്നാണ് ലഭിക്കുന്ന വിവരം. ഊര്‍ജ മന്ത്രി അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ അല്‍ സഊദുമായിട്ടായിരിക്കും ആദ്യ കൂടിക്കാഴ്ച. വിദേശ കാര്യ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാനുമായാണ് പിന്നീട് കൂടിക്കാഴ്ച. രാവിലെ 11 മണിക്ക് തൊഴില്‍ സാമൂഹ്യ ക്ഷേമ വകുപ്പ് മന്ത്രി സുലൈമാന്‍ അല്‍ റാജി പ്രധാനമന്ത്രിയുമായി വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും.

Loading...

ഉച്ചക്ക് രണ്ടു മണിക്ക് സല്‍മാന്‍ രാജാവിനൊപ്പമാണ് നരേന്ദ്ര മോദിയുടെ ഉച്ചഭക്ഷണം. പിന്നീട് ഇരുവരും ചര്‍ച്ച നടത്തും. തന്ത്ര പ്രധാന സഹകരണ കൗണ്‍സില്‍ കരാര്‍ ഒപ്പുവെയ്ക്കലും, കരാര്‍ കൈമാറ്റങ്ങളും നടക്കും. വൈകീട്ട് അഞ്ചരക്ക് ആഗോള നിക്ഷേപ സമ്മേളനത്തില്‍ പങ്കെടുക്കും. ഇതില്‍ യുഎസിലെ വന്‍കിട നിക്ഷേപ കമ്പനി ബ്രിഡ്ജ് വാട്ടര്‍ അസോസിയേറ്റ്‌സ് സ്ഥാപകന്‍ റേ ഡാലിയോ സമ്മേളന വേദിയില്‍ മോദിയുമായി സംവദിക്കും. ഇതിന് ശേഷം കിരീടാവകാശിയുമായി മോദി ചര്‍ച്ച നടത്തും. ചര്‍ച്ചയ്ക്കുശേഷം അത്താഴവിരുന്നും കഴിഞ്ഞ് പ്രധാനമന്ത്രി ഇന്ത്യയിലേയ്ക്ക് മടങ്ങും.