കേരളമൊഴികെ നാല് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മോദിയുടെ സന്ദര്‍ശനം; 25000 കോടിയുടെ പദ്ധതികള്‍ക്ക് തുടക്കം

ബെംഗളൂരു. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ സര്‍ക്കാരും ബിജെപിയും തമ്മിലുള്ള പോര് കടുക്കുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദി കേരളം ഒഴികെയുള്ള നാല് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ സന്ദര്‍ശനം നടത്തുന്നു. വിവിധ സ്ഥലങ്ങളില്‍ പ്രധാനമന്ത്രി വിവിധ പരിപാടികളില്‍ പങ്കെടുക്കും. ഏകദേശം 25000 കോടതിയുടെ പദ്ധതിക്കാണ് മോദി തറക്കല്ലിടുന്നത്. കര്‍ണാടക, തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, തെലങ്കാന എന്നീ സംസ്ഥാനങ്ങളാണ് മോദി സന്ദര്‍ശിക്കുന്നത്.

കര്‍ണാടകയില്‍ നിയമസഭാ തിരഞ്ഞെടുപ്പിന് ആറുമാസം മാത്രം ശേഷിക്കുകയും പല സംസ്ഥാനങ്ങളിലും ഗവര്‍ണര്‍മാരും സര്‍ക്കാരും തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് മോദിയുടെ സന്ദര്‍ശനം. ഇന്ത്യയെ ശക്തിപ്പെടുത്തുവാനും വളര്‍ത്തുവാനുമുള്ള തന്റെ ശ്രമത്തിന്റെ ഭാഗമാണ് സന്ദര്‍ശനം എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

Loading...

ദക്ഷിണേന്ത്യയിലെ ആദ്യത്തെ വന്ദേ ഭാരത് ട്രെയിനായ ചെന്നൈ- മൈസൂര്‍ വന്ദേ ഭാരത് എക്‌സ്പ്രസ് വെള്ളിയാഴ്ച ബെംഗളൂരുവിലെ കെഎസ്ആര്‍ റെയില്‍വേ സ്റ്റേഷനില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. ബെംഗളൂരുവിലെ വിദാന്‍ സൗധയിലെ കവി കനകദാസിന്റെയും മഹര്‍ഷി വാല്മീകിയുടെയും പ്രതിമകളും അദ്ദേഹം പുഷ്പാര്‍ച്ചന നടത്തി. ബെംഗളൂരുവിലെ വിമാനത്താവളത്തിന്റെ രണ്ടാം ടെര്‍മിനലും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. തമിഴ്‌നാട്ടില്‍ വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷമാണ് പ്രധാനമന്ത്രി സന്ദര്‍ശനം നടത്തുന്നത്.