ഭര്‍തൃവീട്ടില്‍ നേരിട്ട ദുരനുഭവങ്ങള്‍ ഓരോന്നോയി മോഫിയ തന്റെ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിരുന്നു; തെളിവായി സ്വീകരിക്കും

കൊച്ചി: ഭര്‍തൃവീട്ടില്‍ കൊടിയ പീഡനങ്ങള്‍ അനുഭവിച്ചതിന്റെ തെളിവുകളാണ് ആലുവയില്‍ ആത്മഹത്യചെയ്ത മോഫിയ പര്‍വീണിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റുകള്‍. താന്‍ നേരിട്ട ദുരനുഭങ്ങളും പീഡനങ്ങളും മോഫിയ തുറന്നുപറഞ്ഞതായി സുഹൃത്തുക്കളും വെളിപ്പെടുത്തി. കരഞ്ഞുതളര്‍ന്ന വീഡിയോ കണ്ടതോടെയാണ് മോഫിയ എത്രമാത്രം മാനസിക സമ്മര്‍ദ്ദത്തില്‍ ആണെന്ന് മനസിലായത്. എല്ലാത്തിലും ഊര്‍ജത്തോടെ ഇടപെട്ടിരുന്ന സുഹൃത്ത് ജീവനൊടുക്കുമെന്ന് ഒരിക്കലും കരുതിയില്ലെന്നും സഹപാഠികള്‍ പറയുന്നു.

എന്തുപറ്റിയെന്ന് പലരും ചോദിക്കുന്നു. അപേക്ഷയാണ് അങ്ങനെ ചോദിക്കരുത്. എന്നെ വിലയിരുത്തുന്നതിനുപകരം സഹായിക്കണം. നീതി ലഭിക്കാനായി ഒപ്പം നില്‍ക്കണം, ദിവസങ്ങള്‍ക്ക് മുന്‍പ് മോഫിയാ പര്‍വീണ്‍ ഇന്‍സ്റ്റഗ്രാമില്‍ എഴുതിയ കുറിപ്പാണ് ഇത്. കരഞ്ഞുതളര്‍ന്ന ദൃശ്യള്‍ക്കൊപ്പമാണ് എഴുത്ത്.

Loading...

ഭര്‍ത്താവില്‍ നിന്നും ഭര്‍തൃമാതാവില്‍ നിന്നും നേരിട്ട ദുരനുഭവങ്ങള്‍ ഓരോന്നോയി മോഫിയ തന്റെ ഇന്‍സ്റ്റഗ്രാമില്‍ എഴുതിയിരുന്നു. പിന്നാലെ പലതും കൂട്ടുകാരുമായി പങ്കുവച്ചു. കഴിവുറ്റ ചിത്രകാരിയായിരുന്നു മോഫിയ. മൈലാഞ്ചിയിടാനും മിടുക്കി. സുഹൈല്‍ പറഞ്ഞ് പറ്റിച്ചാണ് മോഫിയയെ വിവാഹം കഴിച്ചതെന്നും സുഹൃത്തുക്കള്‍ പറയുന്നു. കൂട്ടുകാരുടെ മൊഴിയെടുത്ത പൊലീസ് ഇന്‍സ്റ്റഗ്രാം പോസ്റ്റുകളും തെളിവായി സ്വീകരിക്കും. എന്നാല്‍ മുഹമ്മദ് സുഹൈലും വീട്ടുകാരും പഞ്ചപാവങ്ങളാണെന്നാണ് അയല്‍വാസികളുെട മൊഴി.