മോഹനന്‍ വൈദ്യനെ പിടികൂടിയത് പഴുതടച്ച പരിശോധനയില്‍;ഒപി ടിക്കറ്റില്‍ സ്വന്തം ഫോട്ടോ

പട്ടിക്കാട്; കൊറോണയ്ക്ക് വ്യാജചികിത്സ നടത്തിയ മോഹനന്‍ വൈദ്യരെ ആരോഗ്യ വകുപ്പ് പിടികൂടിയത് പഴുതടച്ചുള്ള പരിശോധനയിലാണ്. സ്ഥാപനത്തിലുള്ള രണ്ട് ആയുര്‍വേദ ഡോക്ടര്‍മാരുടെ ഒപ്പം പരിശോധനാ റൂമില്‍ ഇരുന്നായിരുന്നു മോഹനന്‍വൈദ്യര്‍ രോഗികളെ പരിശോധിച്ചിരുന്നതും.രാവിലെ ഒമ്പതിന് ആരംഭിച്ച പരിശോധന വൈകീട്ട് ആറുവരെ നീണ്ടു. എട്ടുമാസമായി എല്ലാ ചൊവ്വാഴ്ചയും ബുധനാഴ്ചയും മോഹനന്‍ വൈദ്യര്‍ ഇവിടെ ചികിത്സ നടത്തുന്നുണ്ട്.ബുധനാഴ്ച 75 രോഗികളാണ് വൈദ്യരെ കാണാന്‍ എത്തിയത്. ഇതില്‍ ആംബുലന്‍സില്‍ എത്തിച്ച കിടപ്പുരോഗിയും ഉള്‍പ്പെടും.

ആരോഗ്യവകുപ്പിന്റെ പരിശോധനാ വിവരമറിഞ്ഞ സ്ഥാപനത്തിന്റെ മാനേജ്‌മെന്റ് ഇടപെടുകയും ടോക്കണ്‍ നല്‍കിയിട്ടുള്ള മറ്റു രോഗികളെ ഫോണ്‍ ചെയ്ത് വരേണ്ട എന്ന് അറിയിക്കുകയും ചെയ്തു. ചൊവ്വാഴ്ച 200 രോഗികളാണ് ചികിത്സ തേടി എത്തിയത്. സ്ഥാപനത്തില്‍ രണ്ട് ആയുര്‍വേദ ഡോക്ടര്‍മാര്‍ ഉണ്ട്. ഇവരോടൊപ്പം പരിശോധനാ മുറിയില്‍ ഇരുന്നാണ് മോഹനന്‍ വൈദ്യര്‍ രോഗികളെ പരിശോധിച്ചിരുന്നത്.രജിസ്റ്റേഡ് മെഡിക്കല്‍ പ്രാക്ടീഷണേഴ്‌സ് കൗണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഈ രണ്ട് ആയുര്‍വേദ വനിതാ ഡോക്ടര്‍മാരുടെ പേരിലാണ് കുറിപ്പടികള്‍ നല്‍കുക.

Loading...

എന്നാല്‍ രോഗിയെ പരിശോധിക്കുന്നതും മരുന്ന് നിശ്ചയിക്കുന്നതും മോഹനന്‍ വൈദ്യരാണ്. ബുധനാഴ്ച ഡോക്ടറെ കാണാനെത്തിയ രോഗികളില്‍നിന്ന് ആരോഗ്യവകുപ്പ് വിശദമായ മൊഴിയെടുത്തിരുന്നു. ഇതില്‍ നാലഞ്ചുപേര്‍ മോഹനന്‍ വൈദ്യരെ കാണാനാണ് എത്തിയതെന്ന് മൊഴിനല്‍കി. കുറേ രോഗികള്‍ അതിനു മുന്‍പ് സ്ഥലംവിടുകയും ചെയ്തു. പെരുമാറ്റച്ചട്ടം ലംഘിച്ചതിന് ആയുര്‍വേദ ഡോക്ടര്‍മാര്‍ക്കെതിരേ നടപടിക്ക് ശുപാര്‍ശ ചെയ്‌തേക്കും.പരസ്യങ്ങളിലോ മറ്റു രേഖകളിലോ മോഹനന്‍ വൈദ്യരുടെ പേരില്ലെങ്കിലും ഒ.പി. ടിക്കറ്റില്‍ ചിത്രം അച്ചടിച്ചാണ് രോഗികള്‍ക്ക് നല്‍കുന്നത്. ചികിത്സയ്ക്ക് എത്തുന്നവരില്‍ ബഹുഭൂരിപക്ഷവും ഇതരജില്ലയില്‍ നിന്നുള്ളവരാണ്.

അതുകൊണ്ടുതന്നെ തലേദിവസം ഇവിടെയെത്തി സ്ഥാപനത്തിന്റെ തന്നെ വിശ്രമകേന്ദ്രത്തില്‍ 1500 രൂപ ദിവസവാടകയ്ക്ക് താമസിക്കുകയാണ് ചെയ്യുന്നത്. ടെലിഫോണില്‍ വിളിച്ച് ബുക്ക് ചെയ്യുന്നവര്‍ക്കുള്ള സമയക്രമങ്ങളും ഇവിടെനിന്നും നല്‍കും. എട്ടുമാസമായി മോഹനന്‍ വൈദ്യര്‍ ചികിത്സ നടത്തുന്നുണ്ടെങ്കിലും പ്രദേശവാസികള്‍ക്ക് ഇതേക്കുറിച്ച് വലിയ വിവരമില്ല.