പാട്ട് വിവാദത്തില്‍ വി.ടി മുരളിയോട് ക്ഷമ പറഞ്ഞ് മോഹന്‍ലാല്‍

പാട്ട് വിവാദത്തില്‍ വിശദീകരണവുമായി നടന്‍ മോഹന്‍ലാല്‍. ഉയരും ഞാന്‍ നാടാകെ എന്ന സിനിമയിലെ ‘മാതളത്തേനുണ്ണാന്‍’ എന്ന് ആരംഭിക്കുന്ന പാട്ടിനെ ചൊല്ലിയുണ്ടായ വിവാദത്തിലാണ് മോഹന്‍ലാല്‍ വിശദീകരണവുമായി രംഗത്ത് എത്തിയിരിക്കുന്നത്.

മോഹന്‍ലാലിന്റെ ഈ വാക്കുകള്‍ക്ക് എതിരെ ഗാനം ആലപിച്ച വിടി മുരളി രംഗത്തെത്തിയിരുന്നു. പാവപ്പെട്ട പാട്ടുകാരന്റെ പിച്ചച്ചട്ടിയിലും കൈയ്യിട്ടു തുടങ്ങിയോ എന്നാണ് മുരളി ഈ സംഭവവുമായി ബന്ധപ്പെട്ട് ഫേസ്ബുക്കില്‍ കുറിച്ചത്. എന്നാല്‍ ഇക്കാര്യത്തില്‍ വിശദീകരണവുമായി മോഹന്‍ലാല്‍ തന്നെ രംഗത്തെത്തിയിരിക്കുകയാണ്. അന്ന് താന്‍ പറഞ്ഞതില്‍ തെറ്റിദ്ധാരണ ഉണ്ടായത് ആണെന്നും ക്ഷമ ചോദിക്കുന്നു എന്നും മോഹന്‍ലാല്‍ പറഞ്ഞു.

Loading...

മോഹന്‍ലാല്‍ പറഞ്ഞതിങ്ങനെ

കഴിഞ്ഞ ആഴ്ചയില്‍ ഞാന്‍ ഒരാളോട് ഒരു പാട്ട് പാടാന്‍ പറഞ്ഞു. അപ്പോള്‍ അദ്ദേഹം ഒരു പാട്ട് പാടി. പക്ഷേ ആ പാട്ട് ഏത് സിനിമയിലെ ആണെന്നോ ആരാണ് പാടിയതെന്നോ (അദ്ദേഹത്തിന്) അറിയില്ലായിരുന്നു. അപ്പോള്‍ ഞാന്‍ പറഞ്ഞു, ഇത് എന്റെ സിനിമയിലേത് ആണ്. ഞാന്‍ പാടിയ പാട്ടാണെന്ന്.

അങ്ങനെ പറഞ്ഞാല്‍ ഞാന്‍ പാടി അഭിനയിച്ചു എന്നാണല്ലോ ഞാന്‍ അര്‍ഥമാക്കുന്നത്. അത് 38 വര്‍ഷം മുന്‍പുള്ള ഒരു സിനിമയാണ്. പക്ഷേ ഒരുപാട് പേര്‍ അത് തെറ്റിദ്ധരിച്ചു, ഞാന്‍ പാടിയ പാട്ടാണെന്ന്. അങ്ങനെ തെറ്റിദ്ധരിച്ചവരോട് പറയാം, ഞാന്‍ അങ്ങനെയല്ല അര്‍ഥമാക്കിയത്. ഞാന്‍ പാടി അഭിനയിച്ചു എന്നാണ് ഉദ്ദേശിച്ചത്. കാരണം ഞാന്‍ ഒരു പാട്ടുകാരനല്ല. അങ്ങനെ ആ തെറ്റിദ്ധാരണ ഉണ്ടായതില്‍, അങ്ങനെ ആര്‍ക്കെങ്കിലും ഉണ്ടെങ്കില്‍ ഞാന്‍ അതിന് സോറി പറയുന്നു.
ഫേസ്‌ബുക്ക് പോസ്റ്റുമായി ഗാനം ആലപിച്ച വി.ടി മുരളി രംഗത്തെത്തുകയായിരുന്നു. മോഹന്‍ലാലിന്റെ അവകാശവാദം സുഹൃത്തുക്കളാണ് തന്നെ വിളിച്ചറിയിച്ചതെന്ന് വി.ടി. മുരളി പറഞ്ഞത്. ഇത് വിശ്വസിക്കാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് പരിപാടിയുടെ പുനഃസംപ്രേഷണം കണ്ടെന്നും പാവപ്പെട്ട പാട്ടുകാരന്റെ പിച്ചച്ചട്ടിയിലും കൈയിട്ടു വാരരുതെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു. എന്നാല്‍ പാട്ടുകാരനും മകളും ഫേസ്‌ബുക്ക് പോസ്റ്റുമായിരംഗത്തെത്തിയിരുന്നു.

താങ്ക്യു മോഹന്‍ലാല്‍ സാര്‍ ഇത്രയും കാലം വിചാരിച്ചത് ഇത് എന്റെ അച്ഛന്‍ പാടിയ പാട്ടാണെന്നാണ് ഇത് താങ്കള്‍ പാടിയ പാട്ടാണെന്ന് അറിയില്ലായിരുന്നെന്ന് പരിഹാസത്തോടെ അദ്ദേഹത്തിന്റെ മകള്‍ കുറിക്കുന്നു.പി. ചന്ദ്രകുമാര്‍ സംവിധാനം ചെയ്ത് മോഹന്‍ലാല്‍ അഭിനയിച്ച്‌ 1985ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ‘ഉയരും ഞാന്‍ നാടാകെ’. ഇതിലെ ഏറെ ശ്രദ്ധിക്കപ്പെട്ട ‘മാതളത്തേനുണ്ണാന്‍…’എന്ന ഗാനം ഒ.എന്‍.വി. കുറുപ്പ് രചിച്ച്‌ കെ.പി.എന്‍. പിള്ള സംഗീതം പകര്‍ന്ന് വി.ടി. മുരളി ആലപിച്ചതാണ്. ‘ഓത്തുപള്ളീലന്നു നമ്മള്‍ പോയിരുന്ന കാലം…’ വി.ടി. മുരളി പാടിയ മറ്റൊരു ഹിറ്റ് ഗാനമാണ്.എന്നാല്‍ മോഹഹന്‍ലാലിനെതിരെ പോസ്റ്റിട്ടതിന് സമൂഹ മാധ്യമങ്ങളില്‍ വിഷയം ചര്‍ച്ച ചെയ്യപ്പെടുകയും വിടി മുരളിക്കെതിരെ സൈബര്‍ അറ്റാക്ക് നടക്കുകയും ചെയ്തിരുന്നു. പിന്നാലെയാണ് താരത്തിന്റെ ക്ഷമാപണം.

വിവാദമായ ഫേസ്‌ബുക്ക് പോസ്റ്റ്:’-

ഏഷ്യാനെറ്റ് അവതരിപ്പിക്കുന്ന ബിഗ് ബോസ് എന്ന പരിപാടി ഞാന്‍ കാണാറില്ല.
ഇന്നലെ രാത്രി ആ പരിപാടി സംപ്രേഷണം ചെയ്ത ശേഷം എന്നെ കുറെ പേര്‍ വിളിച്ചു.
ബിഗ് ബോസ് കണ്ടില്ലെ എന്ന് ചോദിച്ചു.
ഇല്ല എന്ന് ഞാന്‍ പറഞ്ഞു.
എന്താണ് കാര്യം എന്ന് തുടര്‍ന്ന് ചോദിച്ചപ്പോള്‍ അവര്‍ പറഞ്ഞ കാര്യങ്ങള്‍ എനിക്ക് വിശ്വസിക്കാന്‍ കഴിഞ്ഞില്ല.
ഇന്ന് ആ പരിപാടിയുടെ പുനഃ സംപ്രേഷണം എത്ര മണിക്കാണെന്നന്വേഷിച്ച്‌ ഇന്ന് ഞാന്‍ കണ്ടു.
പരിപാടിയുടെ അവസാന ഭാഗത്ത്.
ശോകമൂകമായ അന്തരീക്ഷത്തില്‍ ധര്‍മജന്‍ എന്ന നടന്‍ ക്യാമ്ബ് വിട്ടു പോകുന്നു.
മോഹന്‍ലാല്‍ ആ നാടകത്തിന്റെ രഹസ്യം വെളിപ്പെടുത്തുന്നു.
എല്ലാവരുടെയും മുഖത്ത് ദുഃഖം ഘനീഭവിച്ചിരിക്കുന്നു.
മോഹന്‍ലാല്‍ ( ലാലേട്ടന്‍ എന്ന് പറയാത്തത് അദ്ദേഹത്തിന് വയസ്സ് കുറവായതുകൊണ്ടാണേ.
ബഹുമാനക്കുറവ് കൊണ്ടല്ല. അങ്ങിനെ പറഞ്ഞ് ശീലവുമില്ല.ആരാധകര്‍ ക്ഷോഭിക്കരുത് )
ധര്‍മജനനോട് ഒരു പാട്ട് പാടാന്‍ പറയുന്നു.
ധര്‍മജന്‍ പാടുന്നു.

‘ മാതളത്തേനുണ്ണാന്‍ പാറിപ്പറന്നു വന്ന
മാണിക്യക്കുയിലാളെ
നീയെവിടെ നിന്റെ കൂടെവിടെ
നീ പാടും പൂമരമെവിടെ ‘.

മോഹന്‍ലാല്‍..’ ഈ പാട്ട് പാടിയതാരാണെന്നറിയാമോ ?

ധര്‍മജന്‍..’ ഇല്ല’

മോഹന്‍ലാല്‍..’ ഇത് ഞാന്‍ പാടിയ പാട്ടാണ്’

( സദസ്സില്‍ കൈയടി )

മോഹന്‍ലാല്‍..
‘ചന്ദ്രകുമാര്‍ സംവിധാനം ചെയ്ത ”ഉയരും ഞാന്‍ നാടാകെ ‘ എന്ന സിനിമയ്ക്ക് വേണ്ടി ഞാന്‍ പാടിയതാണീ പാട്ട്’

തുടര്‍ന്ന് ഗംഭീര കൈയടി മുഴങ്ങുന്നു.
കൈയടി നേര്‍ത്തുനേര്‍ത്തു വരുന്നു.
രംഗം അവസാനിക്കുന്നു..

( ഇന്നലെ ഏഷ്യാനെറ്റില്‍ ഈ പരിപാടി നടക്കുന്ന സമയത്ത് ഒരു സാംസ്‌കാരിക പരിപാടി ഉല്‍ഘാടനം ചെയ്യ് കൊണ്ട് , ജനങ്ങള്‍ ആവശ്യപ്പെട്ടതനുസരിച്ച്‌ മാതളത്തേനുണ്ണാന്‍ പാടുകയായിരുന്നു.
എന്നത് യാദൃശ്ചികം.

വാല്‍ക്കഷണം.
———————–
പാവപ്പെട്ട പാട്ടുകാരന്റെ പിച്ചച്ചട്ടിയിലും കൈയിട്ടു തുടങ്ങിയോ ?