കൊച്ചിയില്‍ മോഹന്‍ലാലിന്റെ ഉടമസ്ഥതയിലുള്ള ഹോട്ടല്‍ ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥര്‍ അടച്ചു പൂട്ടി..

പ്രമുഖ നടന്‍ മോഹന്‍ലാലിന്റെ കൊച്ചിയിലെ ത്രീ സ്റ്റാര്‍ ഹോട്ടല്‍ ആയ ട്രാവന്‍കൂര്‍ കോര്‍ട്ട് ഭക്ഷ്യ സുരക്ഷാ വിഭാഗം അടച്ചു പൂട്ടി. ഭക്ഷ്യ വിഷബാധ മൂലമാണ് ഹോട്ടലിന്റെ അടുക്കള ഭക്ഷ്യ സുരക്ഷ വിഭാഗം അടച്ചു പൂട്ടിയത്. കൊച്ചിയില്‍ ടിഡിഎം റോഡില്‍ ആണ് പ്രസ്തുത ഹോട്ടല്‍ സ്ഥിതി ചെയ്യുന്നത്. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് സിബിഎസ്സി അസോസിയേഷന്‍ ഹോട്ടലില്‍ നടത്തിയ പത്ര സമ്മേളനത്തിന് ശേഷം ഭക്ഷണം കഴിച്ചവര്‍ക്ക് ആണ് വിഷബാധ ഏറ്റത്.

മോഹന്‍ലാല്‍ ഷെയര്‍ ഹോള്‍റായ ഹോട്ടല്‍ എന്ന നിലയിലാണ് ടൂറിസ്റ്റുകളും മറ്റുള്ളവരും ഈ ഹോട്ടല്‍ തിരഞ്ഞെടുക്കുകയും ഇവിടെ നിന്ന് തന്നെ ഭക്ഷണം കഴിക്കുകയും പതിവാക്കിയിരുന്നത്. അടുത്തിടെ സ്പ്രീ എന്ന ഹോട്ടല്‍ ശൃംഖലയുമായി മോഹന്‍ലാല്‍ ഹോട്ടല്‍ നടത്തിപ്പിനായി കരാറില്‍ ഏര്‍പ്പെട്ടിരുന്നു. ഷെയര്‍ ഭൂരിഭാഗവും ഇവര്‍ നേടുകയും ചെയ്തു. എങ്കിലും മോഹന്‍ലാലിന് ഹോട്ടലില്‍ ഇപ്പോഴും ഷെയറുണ്ട്. ട്രാവന്‍കൂര്‍ കോര്‍ട്ടില്‍ ഭക്ഷ്യവിഷബാധ നടന്നത് ഈ ഹോട്ടല്‍ പരിപാടികള്‍ക്കായി തിരഞ്ഞെടുക്കുന്നവരെ ഞെട്ടിച്ചിട്ടുണ്ട്. മാധ്യമ പ്രവര്‍ത്തകരെ പരിപാടിക്ക് ക്ഷണിച്ച സംഘാടകര്‍ നല്‍കിയ പരാതി പ്രകാരമാണ് ഭക്ഷ്യ സുരക്ഷാ വിഭാഗം റെസ്റ്റോറന്റിന്റെ അടുക്കള പൂട്ടി സീല്‍ ചെയ്തത്.

ട്രാവന്‍കൂര്‍ കോര്‍ട്ടിലെ ഡിന്നറില്‍ പങ്കെടുത്ത മാധ്യമപ്രവര്‍ത്തകര്‍ക്കും പരിപാടിയുടെ സംഘാടകര്‍ക്കും ഡിന്നറിനു ശേഷം അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു. വയറിളക്കവും ശര്‍ദ്ദിയുമാണ് ഭക്ഷണം കഴിച്ചവര്‍ക്ക് അനുഭവപ്പെട്ടത്. വെജിറ്റബിള്‍-നോണ്‍ വെജിറ്റബിള്‍ ഭക്ഷണമാണ് ഹോട്ടലില്‍ വിളമ്പിയത്. ഭക്ഷണം കഴിച്ച മിക്കപേര്‍ക്കും അസ്വസ്ഥത അനുഭവപ്പെട്ടു. അതുകൊണ്ട് തന്നെ ഏത് ഭക്ഷണത്തില്‍ നിന്നാണ് ഭക്ഷ്യവിഷബാധ വന്നത് എന്നറിവായിട്ടില്ല. അതിന്റെ കാരണം കണ്ടുപിടിക്കാന്‍ വേണ്ടിയാണ് ഭക്ഷ്യസുരക്ഷാ വിഭാഗം ഹോട്ടലിന്റെ റെസ്റ്റോറന്റ് പൂട്ടി സീല്‍ ചെയ്തത്.