ലാലേട്ടനും രംഗത്തെത്തിയതോടെ മഞ്ഞുരുകിത്തുടങ്ങി; ഷെയന്‍ നിഗത്തോട് മറ്റന്നാള്‍ കൊച്ചിയിലെത്താന്‍ ‘അമ്മ’യുടെ നിര്‍ദേശം

കൊച്ചി: മലയാളസിനിമയില്‍ അടുത്തിടെ നടന്‍ ഷെയ്ന്‍ നിഗവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാസം നടന്‍ മോഹന്‍ലാലിന്റെ ഇടപെടലോടെ കെട്ടടങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്. നിര്‍മാതാക്കളുടെ വിലക്കില്‍ വിയോജിപ്പ് രേഖപ്പെടുത്തി അഭിനേതാക്കളുടെ സംഘടനയായ ‘അമ്മയുടെ പ്രസിഡന്റ് മോഹന്‍ലാല്‍ രംഗത്തുവന്നതോടെയാണു പ്രശ്‌നം ഒത്തുതീര്‍പ്പിലേക്കു നീങ്ങുന്നതിന്റെ സൂചനകള്‍ പുറത്തു വന്നുതുടങ്ങിയത്.

സിനിമയില്‍ നിന്നും നിര്‍മാതാക്കളുടെ സംഘടന വിലക്കേര്‍പ്പെടുത്തിയെന്നതിന്റെ പശ്ചാത്തലത്തില്‍ നടന്‍ ഷെയിന്‍ നിഗവുമായി കൂടിക്കാഴ്ച നടത്താനൊരുങ്ങി താരസംഘടനയായ അമ്മ. കൂടിക്കാഴ്ചയ്ക്കായി മറ്റന്നാള്‍ കൊച്ചിയില്‍ എത്തണമെന്നും ‘അമ്മ’ നേതൃത്വം ഷെയിന്‍ നിഗത്തിന് നിര്‍ദേശം നല്‍കി.

Loading...

ഷെയിനുമായി കൂടിക്കാഴ്ച നടത്തിയ ശേഷം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനുമായും അമ്മ ഭാരവാഹികള്‍ ചര്‍ച്ച നടത്തും. മുടങ്ങിയ മൂന്ന് സിനിമകള്‍ പൂര്‍ത്തിയാക്കണമെന്ന് അമ്മ ഷെയിന്‍ നിഗത്തോട് ആവശ്യപ്പെട്ടേക്കുമെന്നാണ് വിവരം.

വിലക്ക് എന്നത് പഴയപ്രയോഗമാണെന്ന നിലപാടാണ് അമ്മ തുടക്കത്തിലേ കൈക്കൊണ്ടത്. ഇതിനു യുവനിരയിലെ നടന്മാര്‍ രഹസ്യപിന്തുണ നല്‍കിയതോടെ ലംഘിച്ച കരാറുകള്‍ തിരുത്തിവന്നാല്‍ ഷെയ്ന്‍ നിഗത്തിന് അഭിനയിക്കാന്‍ വഴിതുറക്കുമെന്ന് ഉറപ്പായി. അതിനാല്‍ യുവതാരങ്ങളാരും സമൂഹമാധ്യമങ്ങളില്‍ പരസ്യമായി പ്രതികരിച്ചിട്ടില്ല.

സിദ്ധിഖ് സിനിമയുടെ ചിത്രീകരണത്തിനായി മോഹന്‍ലാല്‍ പൊള്ളാച്ചിയിലായതിനാല്‍ പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ ‘അമ്മയുടെ ഔദ്യോഗിക യോഗം ചേരാന്‍ കഴിഞ്ഞിട്ടില്ല. ലാലിന്റെ ഇടപെടല്‍ ഉണ്ടായതോടെ ഷെയ്ന്‍ നിഗം ‘ഉല്ലാസത്തിന്റെ ഡബ്ബിങ്ങിനെത്തും. തുടര്‍ന്ന് വിവാദത്തിലായ ‘വെയില്‍, ‘കുര്‍ബാനി’ സിനിമകളില്‍ സഹകരിക്കുക എന്നതാണ് പ്രശ്‌നപരിഹാരത്തിനുള്ള പോംവഴിയെന്നാണ് വിലയിരുത്തല്‍.

കരാര്‍ ലംഘന വിവാദം സിനിമാ സെറ്റിലെ ലഹരി ഉപയോഗത്തിലേക്കും സിനിമാ വ്യവസായത്തിന്റെ മറവില്‍ നടക്കുന്ന ഹവാല ഇടപാടുകളിലേക്കും ചര്‍ച്ചകളായി വളര്‍ന്നത് മലയാള സിനിമാ ലോകത്തെ അസ്വസ്ഥമാക്കിയിട്ടുണ്ട്. തുടര്‍ചര്‍ച്ചകള്‍ അവസാനിപ്പിക്കുന്നതാണ് എല്ലാവര്‍ക്കും നല്ലതെന്ന സൂചന നല്‍കി യുവതാര നിര പൊതുവേ പ്രശ്‌നത്തില്‍ മൗനം അവലംബിച്ചിരിക്കുകയാണ്.

ഷെയ്ന്‍ നിഗം കൊളുത്തിവിട്ട വിവാദം മലയാള സിനിമയുടെ കാണാപ്പുറങ്ങളിലേക്ക് തിരിഞ്ഞപ്പോള്‍ തര്‍ക്കം നിര്‍മ്മാതാക്കളും സാങ്കേതികവിദഗ്ധരും തമ്മില്‍ നേര്‍ക്കുനേരായതും ശ്രദ്ധേയമായി. സിനിമയിലെ വിവേചനങ്ങള്‍ വ്യക്തമാക്കി പ്രമുഖര്‍ ഷെയ്ന്‍ നിഗത്തെ അനുകൂലിച്ചും എതിര്‍ത്തും വന്നതോടെ വിഷയം സമൂഹമാധ്യമങ്ങളും ഏറ്റെടുത്തു.

സംശയത്തിന്റെ പുകമറയില്‍ ഈ വ്യവസായത്തെ നിര്‍ത്തരുതെന്ന ഫെഫ്ക ജനറല്‍ സെക്രട്ടറി ബി. ഉണ്ണികൃഷ്ണന്റെ പ്രതികരണം നിര്‍മാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനു നേരെയാണ്. നടന്‍ കരാര്‍ ലംഘനം നടത്തിയെന്ന ആരോപണം ഉന്നയിച്ചതിനു പിന്നാലെയാണ് നടനെ സംശയനിഴലില്‍ നിര്‍ത്തിക്കൊണ്ട് നിര്‍മ്മാതാക്കള്‍ സിനിമയിലെ ലഹരി ഉപയോഗത്തെക്കുറിച്ച് ആരോപണങ്ങള്‍ ഉന്നയിച്ചത്. തെളിവു തന്നാല്‍ നടപടിയെടുക്കാമെന്നു സര്‍ക്കാര്‍ അറിയിച്ചതോടെ സിനിമാ ലൊക്കേഷനുകളില്‍ അപ്രതീക്ഷിത പരിശോധനകള്‍ അരങ്ങേറുമോ എന്ന ആശങ്കയിലാണ് ഈ രംഗത്തെ പലരും. അത് സിനിമയുടെ ചിത്രീകരണ അന്തരീക്ഷം തകര്‍ക്കുമെന്നാണ് ഇവരുടെ വാദം.

സിനിമയില്‍ നിന്നും ഷെയിന് വിലക്കേര്‍പ്പെടുത്തിയ സംഭവത്തില്‍ ഡയറക്‌ടേഴ്‌സ് യൂണിയന്‍ ഇടപെട്ടിരിന്നു. കുര്‍ബാനി, വെയില്‍ എന്നീ സിനിമകള്‍ ഉപേക്ഷിക്കാനുള്ള നിര്‍മാതാക്കളുടെ സംഘടനയുടെ തീരുമാനം പിന്‍വലിക്കണം എന്ന് ആവശ്യപ്പെട്ട് യൂണിയന്‍ ഫെഫ്കയ്ക്ക് കത്തു നല്‍കിയിട്ടുണ്ട്.

ഷെയിന്റെ ഭാഗത്തു നിന്നും മര്യാദകേട് ഉണ്ടായിട്ടുണ്ടെന്നും നടനെ തിരുത്താന്‍ സംവിധായകര്‍ക്കും നിര്‍മാതാക്കള്‍ക്കും ബാധ്യതയുണ്ടെന്നും അതിനുള്ള അവസരം നല്‍കണമെന്നും ഡയറക്‌ടേഴ്‌സ് യൂണിയന്‍ കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.