ഇരട്ട കുട്ടികളെ കൊലപ്പെടുത്തിയ ഇരുപത്തിമൂന്നുകാരിയായ അമ്മ അറസ്റ്റില്‍

ഇരട്ട കുട്ടികളെ കൊലപ്പെടുത്തിയ ഇരുപത്തിമൂന്നുകാരിയായ അമ്മ അറസ്റ്റില്‍. ന്യൂയോര്‍ക്കിലാണ് ദാരുണമായ കൊലപാതകം നടന്നത്. പിറന്നു വീണ് ആറാഴ്ച മാത്രം പ്രായമായ കുഞ്ഞുങ്ങളെയാണ് അമ്മ കൊലപ്പെടുത്തിയത്. ന്യൂയോര്‍ക്കിലെ ക്യൂന്‍സില്‍ ഡെയ്ന്‍സ് കില്‍ പാട്രിക്ക് എന്ന 23 കാരിയാണ് സ്വന്തം കുട്ടികളെ ക്രൂരമായി കൊലപ്പെടുത്തിയത്. മാതാവിനെതിരെ ഇരട്ടകൊലപാതകത്തിനു കേസ്സെടുത്തിട്ടുണ്ട്. ഏപ്രില്‍ 22 വ്യാഴാഴ്ച ഉച്ചക്കുശേഷമാണ് വിവരം പുറംലോകം അറിഞ്ഞത്. കുടുംബാംഗങ്ങള്‍ ഡെയ്ന്‍സ് കില്‍ പാട്രിക്കിനെ വിളിച്ചു മറുപടി ലഭിക്കാത്തതിനെ തുടര്‍ന്ന് പോലീസില്‍ അറിയിക്കുകയായിരുന്നു.

ഹൗസ് അതോറട്ടിയുടെ വുഡ്സൈഡിലുള്ള വീട്ടില്‍ പോലീസ് എത്തി അന്വേഷിച്ചപ്പോള്‍ കത്തികൊണ്ടു തലക്ക് കുത്തേറ്റ നിലയില്‍ കുഞ്ഞുങ്ങളിലൊരാള്‍ ക്രിമ്പില്‍ കിടക്കുന്നതും, മറ്റേയാള്‍ പുതപ്പു കൊണ്ട് മൂടിയ നിലയില്‍ സിങ്കിന് താഴെ കിടക്കുന്നതും കണ്ടെത്തി. രണ്ടാമത്തെ പെണ്‍കുഞ്ഞ് സിങ്കിന് താഴെയുണ്ടെന്ന് മാതാവ് തന്നെയാണ് പോലീസിനെ അറിയിച്ചത്. സമീപത്തു നിന്നും കുത്താന്‍ ഉപയോഗിച്ചെന്ന് കരുതുന്ന ഒരു കത്തിയും കണ്ടെടുത്തു. കുട്ടികളെ എനിക്കു വേണം എന്നാണ് പോലീസ് ഉദ്യോഗസ്ഥനോട് മാതാവ് പറഞ്ഞത്.

Loading...

മാര്‍ച്ചില്‍ കുട്ടികള്‍ ജനിച്ചു കഴിഞ്ഞപ്പോള്‍ കില്‍പാര്‍ക്ക് അതീവ സന്തോഷവതിയായിരുന്നുവെന്നും, അവരുടെ ജനനം ശരിക്കും ആഘോഷിച്ചതായും കുടുംബാംഗങ്ങള്‍ പറയുന്നു. ഈയ്യിടെയാണ് കില്‍പാര്‍ക്ക് ഇവിടെയുള്ള വീട്ടിലേക്കു താമസം മാറിയത്. ഇവര്‍ക്കെതിരെ ഇരട്ടക്കൊലപാതകത്തിന് കേസ്സെടുത്തു. കുട്ടികളുടെ മരണകാരണം പൂര്‍ണ്ണമായും ഓട്ടോപ്സിക്കുശേഷമേ ലഭിക്കുകയുള്ളൂവെന്നും, കൊലപാതകത്തിനു പ്രേരിപ്പിച്ചതെന്താണെന്ന് ഇനിയും വ്യക്തമായിട്ടില്ലെന്നും ന്യൂയോര്‍ക്ക് പോലീസ് അറിയിച്ചു.