അമ്മേ.. ഒന്നു വിളിക്കൂ… അമ്മയെ തേടി ഇറ്റലിയില്‍ നിന്നും മേരി ദീപ

കോഴിക്കോട്‌: അമ്മയെ തേടി അവള്‍ വീണ്ടും. അകലെ നിന്നെങ്കിലും തനിക്കു ജന്മം നല്‍കിയ ആ അമ്മയെ ഒരുനോക്കു കാണാന്‍. അതിനു വേണ്ടി ഇറ്റലിയില്‍ നിന്നു മേരി ദീപ കേരളത്തിലേക്കു പറക്കുന്നത്‌ ഇതു മൂന്നാം തവണയാണ്‌. 30 വര്‍ഷം മുന്‍പ്‌ അനാഥാലയത്തിലാക്കി നടന്നകന്ന ആ അമ്മയെ ഈ വരവിനെങ്കിലും കണ്ടെത്താന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ദീപ.

കണ്ണൂരില്‍ നിന്ന്‌ അഭയം തേടിയെത്തിയ സ്‌ത്രീ 1985 ഒക്‌ടോബര്‍ ഒന്‍പതിനാണ്‌ കോഴിക്കോട്‌ സെന്റ്‌ വിന്‍സെന്റ്‌ ഹോമില്‍ മേരി ദീപയ്ക്കു ജന്മം നല്‍കിയത്‌. ഒരു മാസം കുട്ടിയെ മുലയൂട്ടി പരിചരിച്ച ശേഷം അവര്‍ വീട്ടിലേക്കു മടങ്ങി. ഹോമിലെ കന്യാസ്‌ത്രീകള്‍ ചേര്‍ന്നു സംരക്ഷിച്ച കുട്ടിയെ വൈത്തിരിയിലെ അനാഥാലയത്തിലേക്കു മാറ്റി.

Loading...

മേരി ദീപയ്ക്ക് ഒന്നര വയസ്സുള്ളപ്പോഴാണ് ഇറ്റലിയില്‍ നിന്നുള്ള ദമ്പതികളെത്തി അവളെ ദത്തെടുത്തത്. തുടര്‍ന്ന് അവരുടെ സ്നേഹമാസ്വദിച്ച് അവള്‍ വളര്‍ന്നു. മികച്ച വിദ്യാഭ്യാസവും നേടി. കാര്യങ്ങള്‍ തിരിച്ചറിയാവുന്ന പ്രായമെത്തിയപ്പോള്‍ അവരില്‍ നിന്നാണ് അവള്‍ കോഴിക്കോട്ടുകാരിയെന്ന് അറിഞ്ഞത്.

തുടര്‍ന്ന് തനിക്കു ജന്മം നല്‍കിയ ആമ്മയെ തേടിയായി അവളുടെ യാത്ര. ഇറ്റാലിയന്‍ വളര്‍ത്തുമാതാപിതാക്കള്‍ക്കൊപ്പം അവള്‍ കേരളത്തിലേക്ക് അമ്മയെ തേടി യാത്രയായി. കഴിഞ്ഞ രണ്ടുതവണയും അവള്‍ നിരാശയായി മടങ്ങി. ഇത് മൂന്നാം തവണയാണ് അവള്‍ എത്തുന്നത്.

അനാഥാലയം കാര്‍ക്ക് ദീപയുടെ അമ്മയെക്കുറിച്ച് വിവരങ്ങള്‍ ഒന്നും തന്നെയില്ല. ഒന്നരമാസം പ്രായമുള്ളപ്പോള്‍ അവള്‍ക്ക് ദീപയെന്ന് അനാഥാലയം പേരിട്ടത് ആ അമ്മയ്ക്കുമറിയാം. അത്രമാത്രമാണ് ദീപയുടെ അമ്മയെക്കുറിച്ച് അവര്‍ക്കുള്ള അറിവ്. അതുമാത്രമാണ് ദീപയുടെ പ്രതീക്ഷയും. ഈ പത്രവാര്‍ത്തകള്‍ കാണുമ്പോള്‍ ആ അമ്മ തന്നെ തിരിച്ചറിഞ്ഞ് ഒന്നു കാണാന്‍ വരും അല്ലെങ്കി ‘തന്റെ പേരു കേട്ടാല്‍ തിരിച്ചറിഞ്ഞ്‌ അമ്മ ഫോണില്‍ വിളിക്കുകയെങ്കിലും ചെയ്യും.

സാഹചര്യങ്ങള്‍ മൂലമാവാം അമ്മ തന്നെ ഉപേക്ഷിച്ചത്. ഇപ്പോള്‍ തന്നെ ഉള്‍ക്കൊള്ളാന്‍ കഴിയണമെന്നുമില്ല. കേരളത്തിലോ ലോകത്തിന്റെ ഏതെങ്കിലും ഒരു മൂലയിലോ അമ്മ ജീവിക്കുന്നുണ്ടാവാം. ഒന്നു കണ്ടാല്‍ മാത്രം മതി, ആ അമ്മയുടെ ഒരു ചുംബനം മാത്രം മതി! മേരി ദീപ പറഞ്ഞു. അമ്മയുടെ വിളിയും കാത്ത് ഒരു നമ്പര്‍ കാത്തിരിക്കുന്നു.

ദീപ അടുത്തയാഴ്‌ച ഇറ്റയിലേക്കു മടങ്ങുമെങ്കിലും അമ്മയെ കണ്ടെത്തും വരെ ഈ വരവു തുടരും. ദീപയുടെ അമ്മേ നിങ്ങളുടെ പൊന്നുമോള്‍ക്ക് ഒരുനോക്കു കാണാനെങ്കിലും ഈ നമ്പറില്‍ ഒന്നു വിളിക്കൂ! അവളെ നിരാശയാക്കരുതേ!

ദീപയുടെ നമ്പര്‍: 9447679783.