100 കോടിയുടെ മണി ചെയിൻ തട്ടിപ്പിനു പിന്നിൽ മേലേഷ്യൻ കമ്പനി, അഞ്ച് പേർ പിടിയിൽ

കൊച്ചി: മണി ചെയിൻ തട്ടിപ്പിലൂടെ കോടികൾ തട്ടിയെടുത്ത സംഘത്തിലെ അഞ്ച് പേരെപൊലീസ് അറസ്റ്റ് ചെയ്തു. മലേഷ്യൻ കമ്പനിയുടെ കേരളത്തിലെ ഏജൻസികളെയാണ് നോർത്ത് പൊലീസ് പിടികൂടിയത്. മട്ടാഞ്ചേരി സ്വദേശിയായ ഷമീം (26), ഇടുക്കി പുറ്റടി സ്വദേശി മോനേഷ് (28), എളമക്കര സ്വദേശി മുഹമ്മദ് റമീസ് (24), നോർത്ത് പറവൂർ സ്വദേശി ജോയൽ ജോഷി (27), ആലുവ സ്വദേശി ജിഷ്ണു മോഹൻ (27) എന്നിവരാണ് പിടിയിലായത്. എറണാകുളത്തും,  തിരുവനന്തപുരത്തും പല സ്ഥലങ്ങളിലായി ഓഫീസ് തുറന്ന് നൂറു കോടി രൂപയുടെ തട്ടിപ്പാണ് നടത്തിയിരിക്കുന്നത്.
മലേഷ്യ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന എംഎൽഎം കമ്പനിയായ ക്യുനെറ്റിന്‍റെ ഇന്ത്യൻസ്ഥാപനമായ വിഹാൻ ഡയറക്റ്റ് സെല്ലിങ് കമ്പനിയുടെ കേരളത്തിലെ ഫ്രാഞ്ചസി പോലെ പ്രവർത്തിച്ചിരുന്ന ഓഷ്യൻ ട്രെയ്നിങ് സൊലൂഷൻ ഏജന്‍റ് എന്ന സ്ഥാപനത്തിന്‍റെ മറവിലായിരുന്നു തട്ടിപ്പ്.
ചെയിൻ മാതൃകയിൽ വിദ്യാസമ്പന്നരായ നിരവധി യുവതിയുവാക്കളെ കമ്പനിയിൽ ചേർത്ത് അനധികൃതമായി പണം തട്ടിയെടുത്ത കേസിലാണ് എറണാകുളം നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. പണം നഷ്ടപ്പെട്ട നിരവധി പേർ ഈ സ്ഥാപനത്തിന്‍റെ ലിസി ജംക്‌ഷനിലുള്ള ഓഫിസിൽ എത്തി ബഹളം നടത്തിയതിനെതുടർന്ന് തട്ടിപ്പുസംഘം ഇവരെ ഭീഷണിപ്പെടുത്തി തിരിച്ചയച്ചിരുന്നു. തുടർന്ന് കൊച്ചി സിറ്റി പൊലീസ് കമ്മിഷണർക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നോർത്ത് പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് പ്രതികൾ പിടിയിലായത്.
സ്ഥാപനത്തിന്‍റെ മേധാവികളായ ലോക ബില്ല്യാർഡ്സ് ചാമ്പ്യൻ മൈക്കേൽ ഫെരാര, ചെന്നൈ സ്വദേശിനി പത്മാക്ക എന്നുവിളിക്കുന്ന പത്മ, മകൻ ചേതൻ തുടങ്ങി പത്തോളം പേരെ ഇനിയും പിടികൂടാനുണ്ട്.