പുരാവസ്തു തട്ടിപ്പ് കേസ്: ഡി.ജി.പി. അനില്‍കാന്തിന്റെ മൊഴിയെടുത്തു

മോൺസൺ മാവുങ്കൽ നടത്തിയ പുരാവസ്തു തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട്‌ ക്രൈം ബ്രാഞ്ച് സംസ്ഥാന പോലീസ് മേധാവി അനിൽകാന്തിന്റെ മൊഴിയെടുത്തു. സംസ്ഥാന പോലീസ് മേധാവിയായി അനിൽകാന്ത് ചുമതലയേറ്റശേഷം മോൻസൺ മാവുങ്കൽ പ്രവാസി മലയാളി ഫെഡറേഷൻ ഭാരവാഹികൾക്കൊപ്പം പോലീസ് ആസ്ഥാനത്തെത്തുകയും ഡി.ജി.പിയെ നേരിട്ടു കാണുകയും ചെയ്തിരുന്നു.

പ്രവാസി മലയാളി ഫെഡറേഷൻ ഭാരവാഹികളായ ആറുപേരടങ്ങുന്ന സംഘമാണ് ഡി.ജി.പിയെ കണ്ടത്. കൂടിക്കാഴ്ച നടത്തി മടങ്ങുന്നതിന് മുൻപ് മോൻസൺ ഒരു ഉപഹാരം അനിൽകാന്തിന് നൽകി. ഇതിന്റെ ചിത്രം എടുക്കുമ്പോൾ, ആറുപേരും ഒപ്പമുണ്ടായിരുന്നു. എന്നാൽ ഈ ഫോട്ടോയിൽനിന്ന് മറ്റ് പ്രവാസി മലയാളി ഫെഡറേഷൻ ഭാരവാഹികളുടെ ചിത്രം ക്രോപ് ചെയ്ത് മാറ്റി മോൻസണും ഡി.ജി.പിയും മാത്രമുള്ള ചിത്രമാക്കി മാറ്റി എന്നതാണ് ക്രൈം ബ്രാഞ്ചിന്റെ കണ്ടെത്തൽ. പ്രവാസി മലയാളി ഫെഡറേഷൻ ഭാരവാഹികൾ എന്ന നിലയ്ക്കാണ് ഇവർക്ക് കാണാൻ അനുമതി നൽകിയതെന്ന് ഡി.ജി.പി. അനിൽകാന്തിന് ക്രൈം ബ്രാഞ്ചിന് മൊഴി നൽകി.

Loading...