മോൻസൻ കേസിൽ ബെഹ്റയുടെയും ഐജി ലക്ഷ്മണയുടെയും മൊഴിയെടുത്തു

തിരുവനന്തപുരം: മോൻസൻ മാവുങ്കൽ തട്ടിപ്പുമായി ബന്ധപ്പെട്ട് മൊഴിയുടെപ്പ് പ്രമുഖരിലേക്കും. മുൻ ഡിജിപി ലോക്നാഥ് ബെഹ്റയുടെയും ഐജി ലക്ഷ്മണയുടെയും മൊഴിയെടുത്തു. എഡിജിപി ശ്രീജിത്താണ് ഇരുവരുടെയും മൊഴിയെടുത്തത്. മുൻ പൊലീസ് മേധാവിക്ക് മോൻസനുമായി അടുത്ത ബന്ധമാണ് ഉണ്ടായിരുന്നത്. മോൻസന്റെ കേസുകൾ അട്ടിമറിക്കാൻ ഐജി ലക്ഷ്മണ ശ്രമിച്ചിരുന്നു. ഉന്നത ഉദ്യോഗസ്ഥരെ അടക്കം ചോദ്യം ചെയ്ത വിശദാംശങ്ങൾ ക്രൈം ബ്രാഞ്ച് കോടതിയെ അറിയിക്കും.

അതേസമയം മോൻസൻ മാവുങ്കലിൻറെ മാനേജർ ജിഷ്ണുവിനെ ഇന്ന് വീണ്ടും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും. രാവിലെ 10 മണിക്ക് ക്രൈംബ്രാഞ്ച് ഓഫീസിൽ ഹാജരാകാൻ ആണ് ജിഷ്ണുവിന് നിർദ്ദേശം നൽകിയിട്ടുള്ളത്. തട്ടിപ്പ് കേസിൽ അറസ്റ്റിലായ മോൻസൻ തന്റെ കൈവശമുള്ള പെൻഡ്രൈവുകൾ നശിപ്പിക്കാൻ ജിഷ്ണുവിനെ ആയിരുന്നു ചുമതലപ്പെടുത്തിയത്. കോടതിയിൽ ഹാജരാക്കിയ ഘട്ടത്തിലാണ് പെൻഡ്രൈവ് നശിപ്പിക്കണമെന്ന് ജിഷ്ണുവിനോട് മോൻസൻ ആവശ്യപ്പെട്ടത്. സുപ്രധാന തെളിവുകൾ നശിപ്പിച്ച സംഭവത്തിലാണ് ചോദ്യം ചെയ്യൽ. പോക്സോ കേസിലെ പരാതിക്കാരിയെ ഭീഷണിപ്പെടുത്തിയ സംഭവത്തിലും ജിഷ്ണു അന്വേഷണം നേരിടുന്നുണ്ട്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയ പീഡിപ്പിച്ച കേസിൽ മോൻസൊന്റെ സഹായി ജോഷിയെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. മോൻസന്റെ അറസ്റ്റിനായി ഉടൻ കോടതിയിൽ അപേക്ഷ നൽകാനും ക്രൈം ബ്രാഞ്ച് തീരുമാനിച്ചിട്ടുണ്ട്.

Loading...