കേരളത്തിൽ 24 മണിക്കൂറിനുള്ളിൽ തുലാ വർഷമെത്തും; കാലവർഷം പിൻവലിയുന്നു

തിരുവനന്തപുരം: മഴക്കെടുതികൾ രൂക്ഷമായി നിരവധി ജീവനുകൾ കവർന്ന ശേഷം കേരളത്തിൽ നിന്നും കാലവർഷം പിൻവലിയുന്നു. അടുത്ത 5 ദിവസം വരെ കേരളത്തിൽ വ്യാപകമായി ഇടി മിന്നലോട് കൂടിയ മഴ തുടരാൻ സാധ്യതയുണ്ട്. ബംഗാൾ ഉൾകടലിലും തെക്കെ ഇന്ത്യയിലും വടക്ക് കിഴക്കൻ കാറ്റിന്റെ വരവിൻ്റെ ഫലമായിട്ടായിരിക്കും മഴ. ഒറ്റപ്പെട്ട ശക്തമായ മഴ പെയ്യാനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്. നാളെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിശക്തമായ മഴക്കും സാധ്യതയെന്നും കാലാവസ്ഥാ മുന്നറിയിപ്പിലുണ്ട്. അടുത്ത 24 മണിക്കൂറിനുള്ളിൽ കാലവർഷം രാജ്യത്തു നിന്ന് പൂർണമായും പിൻവാങ്ങാനും തുലാവർഷം ആരംഭിക്കാനുമാണ് സാധ്യത. ചൊവ്വാഴ്ചയോടെ തുലാവർഷം കേരളത്തിൽ എത്തുമെന്ന് കാലാവാസ്ഥാ വിദഗ്ദ്ധർ നേരത്തെ പ്രവചിച്ചിരുന്നു.