കേരളത്തില്‍ കാല വര്‍ഷം ഇന്നെത്തും, ശക്തമായ മഴയും കാറ്റുമുണ്ടാകും, നാല് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു

തിരുവനന്തപുരം: കാലവര്‍ഷം സംസ്ഥാനത്ത് ഇന്ന് എത്തും. നാളെ മുതല്‍ ശക്തമായ മഴയുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. തിങ്കള്‍, ചൊവ്വ ദിവസങ്ങളിലായി നാല് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. നാളെ മുതല്‍ കേരളത്തില്‍ ശക്തമായ മഴ ഉണ്ടാകും. തൃശ്ശൂരില്‍ തിങ്കളാഴ്ചയും എറണാകുളം, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളില്‍ ചൊവ്വാഴ്ചയും റെഡ് അലര്‍ട്ടായിരിക്കും. 2016ന് ശേഷം ആദ്യമായാണ് കാലവര്‍ഷം ഇത്രയും വൈകുന്നത്. 2016ല്‍ ജൂണ്‍ എട്ടിനാണ് കാലവര്‍ഷം എത്തിയത്.

കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലര്‍ട്ട് പ്രഖ്യാപിക്കപ്പെട്ട ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായതോ (115 mm വരെ മഴ) അതിശക്തമായതോ (115 mm മുതല്‍ 204.5 mm വരെ മഴ) ആയ മഴ പെയ്യുമെന്നാണ് മുന്നറിയിപ്പ്. കഴിഞ്ഞ പ്രളയകാലത്ത് വെള്ളം കയറിയ പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ പ്രധാനപ്പെട്ട രേഖകളും വിലപ്പെട്ട വസ്തുക്കളും ഉള്‍പ്പെടുന്ന എമര്‍ജിന്‍സി കിറ്റ് തയ്യാറാക്കി വെക്കണം. അടിയന്തര സാഹചര്യം വന്നാല്‍ അധികൃതര്‍ നിര്‍ദ്ദേശിക്കുന്ന സുരക്ഷിത സ്ഥാനത്തേക്ക് മാറിത്താമസിക്കണമെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിര്‍ദ്ദേശിച്ചു.

Loading...

താഴെപ്പറയുന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ കൈയില്‍ എമര്‍ജന്‍സി കിറ്റ് കരുതുകയും മാറേണ്ട സാഹചര്യം വരികയാണെങ്കില്‍ അധികൃതര്‍ നിര്‍ദേശിക്കുന്ന സുരക്ഷിത സ്ഥാനത്തേക്ക് മാറിത്താമസിക്കാന്‍ തയ്യാറാവുകയും വേണം.

1. ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ വാസയോഗ്യമല്ലാത്തതെന്ന് കണ്ടെത്തിയ പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍

2. പ്രളയത്തിലും ഉരുള്‍പൊട്ടലിലുമായി പൂര്‍ണമായി വീട് നഷ്ടപ്പെടുകയും ഇതുവരെ പണി പൂര്‍ത്തീകരിക്കാത്തതുമായ വീടുകളില്‍ താമസിക്കുന്നവര്‍

3. പ്രളയത്തില്‍ ഭാഗികമായി കേടുപാടുകള്‍ സംഭവിക്കുകയും അറ്റകുറ്റപ്പണികള്‍ ഇത് വരെ നടത്തിത്തീര്‍ക്കാത്തതുമായ വീടുകളില്‍ താമസിക്കുന്നവര്‍

ഇത്തരം ആളുകള്‍ക്ക് വേണ്ടി സ്ഥിതിഗതികള്‍ വിലയിരുത്തിക്കൊണ്ട് ആവശ്യമായ ക്യാമ്ബുകള്‍ ആരംഭിക്കുന്നതിന് വേണ്ടിയുള്ള നിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടുണ്ട്.

എമര്‍ജന്‍സി കിറ്റില്‍ സൂക്ഷിക്കേണ്ട വസ്തുക്കള്‍ (ഒരു വ്യക്തിക്ക് എന്ന കണക്കില്‍):

ടോര്‍ച്ച്
റേഡിയോ
500 ml വെള്ളം
ORS പാക്കറ്റ്
അത്യാവശ്യം വേണ്ടുന്ന മരുന്ന്
മുറിവിന് പുരട്ടാവുന്ന മരുന്ന്
ഒരു ചെറിയ കുപ്പി ആന്റി സെപ്ടിക് ലോഷന്‍
100 ഗ്രാം കപ്പലണ്ടി
100 ഗ്രാം ഉണക്ക മുന്തിരി അല്ലെങ്കില് ഈന്തപ്പഴം
ചെറിയ ഒരു കത്തി
10 ക്ലോറിന് ടാബ്ലെറ്റ്
ഒരു ബാറ്ററി ബാങ്ക് അല്ലെങ്കില് ടോര്‍ച്ചില്‍ ഇടാവുന്ന ബാറ്ററി
ബാറ്ററിയും, കോള്‍ പ്ലാനും ചാര്ജ് ചെയ്ത ഒരു സാധാരണ മൊബൈല് ഫോണ്
അത്യാവശ്യം കുറച്ച് പണം, എടിഎം കാര്‍ഡ്