മൂലമറ്റം വെടിവെപ്പ്; ചികിത്സയിലുള്ള പ്രദീപിന്റെ കരളിൽ വെടിയുണ്ട കയറിയെന്ന് ഡോക്ടർ

ഇടുക്കി: തട്ടുകടയിലുണ്ടായ സംഘർഷത്തിൽ വെടിയേറ്റ് ചികിത്സയിൽ കഴിയുന്ന പ്രദീപിന്റെ കരളിൽ വെടിയുണ്ട കയറിയിരുന്നുവെന്ന് ഡോക്ടർമാർ. വെടിവെപ്പിൽ ആക്രമണത്തിന് ഉപയോഗിച്ച തോക്ക് കണ്ടെത്തിയതായി ഇടുക്കി എസ്.പി കറുപ്പ് സ്വാമി അറിയിച്ചു. തോക്കിൻ്റെ ഉറവിടം അറിയാനുള്ള ശ്രമത്തിലാണ് പൊലീസെന്നും ആക്രമണത്തിലേക്ക് നയിച്ച കാരണങ്ങൾ അന്വേഷിച്ചു കൊണ്ടിരിക്കുകയാണെന്നും എസ്.പി പറഞ്ഞു. കേസിൽ നിലവിൽ ഒരാൾ മാത്രമാണ് പ്രതി. കൂടുതൽ പേരെ ചോദ്യം ചെയ്തു വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇടുക്കി മൂലമറ്റത്ത് തട്ടുകടയിൽ ഭക്ഷണത്തെച്ചൊല്ലി പ്രശ്നമുണ്ടാക്കിയാളുടെ വെടിയേറ്റ് കഴിഞ്ഞ ദിവസം വഴിയാത്രക്കാരൻ മരിച്ചിരുന്നു. കീരിത്തോട് സ്വദേശി സനലാണ് മരിച്ചത്. വെടിയേറ്റ മറ്റൊരാൾ ഗുരുതരപരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്.

വെടിവച്ച മൂലമറ്റം സ്വദേശി ഫിലിപ്പ് മാർട്ടിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇന്നലെ രാത്രി പത്തരയോടെയാണ് സംഭവം. മൂലമറ്റം അശോക കവലയിലുള്ള തട്ടുകടയിലെത്തിയ രണ്ടംഗ സംഘം ബീഫ് ആവശ്യപ്പെട്ടു. എന്നാൽ തീർന്നെന്നും മറ്റൊരാൾക്ക് പാഴ്സൽ എടുത്ത് വച്ചത് മാത്രമേയുള്ളൂവെന്ന് കടയുടമ മറുപടി നൽകി. ഇത് വാങ്ങാൻ ആളെത്തിയപ്പോൾ എന്തുകൊണ്ട് ബീഫ് തനിക്ക് തന്നില്ലെന്ന് പറഞ്ഞ് മദ്യലഹരിയിലായിരുന്ന ഫിലിപ്പ് മാർട്ടിൻ പ്രശ്നം തുടങ്ങി. കടയിൽ തടിച്ചുകൂടിയ നാട്ടൂകാരുമായി ഫിലിപ്പ് മാർട്ടിൻ കയ്യാങ്കളിയായി. തുടർന്ന് ഇവിടെ നിന്ന് പോയ ഇയാൾ തോക്കുമായെത്തി കടയ്ക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. ഇതോടെ നാട്ടുകാർ ഇയാളെ കല്ലെറിഞ്ഞ് ഓടിച്ചു. കടയിൽ നിന്ന് 200 മീറ്റർ മാറിയുള്ള ജംഗ്ഷനിൽ എത്തിയപ്പോൾ ഫിലിപ്പ് വീണ്ടും വെടിവച്ചു. ഈ സമയം ഇതുവഴി ബൈക്കിൽ പോകുകയായിരുന്ന സനലിനും പ്രദീപിനും വെടിയേൽക്കുകയായിരുന്നെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. തലയ്ക്ക് വെടിയേറ്റ സനൽ സംഭവസ്ഥലത്ത് തന്നെ മരിച്ചു.

Loading...