തിരുവനന്തപുരം: മാധ്യമ പ്രവര്‍ത്തക ജിഷ എലിസബത്തിനെയും ഭര്‍ത്താവ് ജോണിനെയും സദാചാര പോലീസ് ആക്രമിച്ച സംഭവത്തില്‍ സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയടക്കം രണ്ടുപേരെ പൊലീസ് അറസ്റ്റു ചെയ്തു. സിപിഐഎം ശാസ്തമംഗലം ജവഹര്‍നഗര്‍ ബ്രാഞ്ച് സെക്രട്ടറി ബിഎന്‍ആര്‍എല്‍69ല്‍ പി വിനോദ് കുമാര്‍ (34), ഭഗവതിനഗര്‍ ബിഎന്‍ആര്‍എല്‍71ല്‍ രാജേന്ദ്രന്‍(48) എന്നിവരെയാണ് പൊലീസ് അറസ്റ്റു ചെയ്തത്. അക്രമം നേരിടേണ്ടിവന്ന ജിഷയും ജോണും നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി.

മാധ്യമം തിരുവനന്തപുരം യൂണിറ്റിലെ സബ് എഡിറ്റര്‍ ജിഷ എലിസബത്തിനും ഭര്‍ത്താവ് ജോണിനും നേരെ ഞായറാഴ്ച ഉച്ചയോടെയായിരുന്നു സദാചാര പൊലീസ് ചമഞ്ഞ് അക്രമം നടത്തിയത്. സുഖമില്ലാത്തതിനാല്‍ വീട്ടില്‍ ഒറ്റയ്ക്കിരിക്കേണ്ടെന്ന് കരുതി ഭര്‍ത്താവിന്റെ ഓഫീസിലെത്തിയതായിരുന്നു ജിഷ. ജോണിന്റെ ഭഗവതി നഗറിലുള്ള സ്വകാര്യസ്ഥാപനത്തിലെ ഓഫീസിലെത്തിയായിരുന്ന സാദാചാരവാദികളുടെ കയ്യേറ്റശ്രമവും മാനസികപീഡനവും. ഓഫീസിലേക്ക് കടന്നുവന്ന സംഘം പെണ്‍കുട്ടിയുമൊത്ത് എന്തെടുക്കുകയാണെന്ന് ചോദിക്കുകയും അപമാനിക്കാന്‍ ശ്രമിക്കുകയുമായിരുന്നു. തങ്ങള്‍ ദമ്പതികളാണെന്ന് പറഞ്ഞശേഷവും പിന്തിരിയാതിരുന്ന സംഘം ഇരുവര്‍ക്കുമെതിരെ അധിക്ഷേപം തുടര്‍ന്നു താലി കാട്ടിക്കൊടുത്തെങ്കിലും അന്‍പത് രൂപയ്ക്കും താലി കിട്ടുമെന്ന് പറഞ്ഞ് പരിഹസിക്കുകയും ചെയ്തു.

Loading...

സംഭവത്തില്‍ ദമ്പതിമാര്‍ പരാതി നല്‍കിയതോടെ സിറ്റി പോലീസ് കമ്മീഷണര്‍ എച്ച്. വെങ്കടേഷിന്റെ നിര്‍ദ്ദേശപ്രകാരം മ്യൂസിയം പോലീസ് നടത്തിയ അന്വേഷണത്തിലാണ് സിപിഎം ജവഹര്‍ നഗര്‍ ബ്രാഞ്ച് സെക്രട്ടറി ഭഗവതി നഗര്‍ പി. വിനോദ് കുമാര്‍, ശാസ്തമംഗലം പൈപ്പിന്‍മൂട് ഭഗവതി നഗര്‍ രാജേന്ദ്രന്‍ എന്നിവര്‍ അറസ്റ്റിലായത്. സദാചാര പോലീസ് പോലുള്ള ദുരവസ്ഥയെ എതിര്‍ത്തിരുന്ന സിപിഎമ്മിന് പ്രാദേശിക നേതാവ് തന്നെ സദാചാര പോലീസ് കളിച്ചതിനെ ന്യായീകരിക്കാനാവുന്നില്ല. 2012 ജൂലൈയില്‍ സദാചാര പോലീസ് സൃഷ്ടിക്കുന്ന സാമൂഹ്യ പ്രശ്‌നങ്ങളെക്കുറിച്ച് കേരള നിയമസഭയില്‍ ഒരു മണിക്കൂര്‍ ചര്‍ച്ച നടന്നിരുന്നു. ഇന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയായിരിക്കുന്ന കോടിയേരി ബാലകൃഷ്ണന്‍ ആണ് ആ ചര്‍ച്ചയ്ക്ക് നോട്ടീസ് നല്‍കിയത്.

കോഴിക്കോട് കൊടിയത്തൂര്‍ ഷഹീദ് ബാവ കൊലക്കേസില്‍ ഉള്‍പ്പെടെ സദാചാര പോലീസിനെതിരേ വാചാലമായിക്കൊണ്ടിരുന്ന പാര്‍ട്ടിയാണ് സിപിഎം. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ആഭ്യന്തരമന്ത്രിയായിരിക്കെ നിയമസഭയിലെ ചോദ്യോത്തരവേളയില്‍ പോലും ഇടത് എംഎല്‍എമാര്‍ വിഷയം ഉന്നയിച്ചിരുന്നു.

സിപിഎം സംസ്ഥാന സെക്രട്ടറിയായിരിക്കെ പിണറായി വിജയന്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ സദാചാര പോലീസിനെ തീവ്രവാദികളായിട്ടാണ് വിശേഷിപ്പിക്കുന്നത്. തീവ്രവാദികളുടെ നേതൃത്വത്തിലുള്ള സദാചാര പോലീസ് നടത്തിക്കൊണ്ടിരിക്കുന്ന അതിക്രമങ്ങള്‍ ജനങ്ങളുടെ സൈ്വര്യജീവിതത്തിന് ഭീഷണി സൃഷ്ടിക്കുന്നതായും കേരളം ഏറെക്കാലം കൊണ്ട് നേടിയെടുത്ത ജനാധിപത്യ രീതിക്ക് തന്നെ ഇത് വെല്ലുവിളി സൃഷ്ടിക്കുകയാണെന്നുമായിരുന്നു സദാചാര പോലീസിനെ പിണറായി വിമര്‍ശിച്ചത്.

സിപിഎം ബ്രാഞ്ച് സെക്രട്ടറി ഉള്‍പ്പെട്ട സംഭവത്തില്‍ സിപിഎം പാലിക്കുന്ന മൗനത്തില്‍ സോഷ്യല്‍ മീഡിയയില്‍ രൂക്ഷ വിമര്‍ശനം. സദാചാര പോലീസ് ചമയലിനെ എതിര്‍ത്തിരുന്ന പാര്‍ട്ടി ഈ സംഭവത്തില്‍ നിലപാട് വ്യക്തമാക്കാനാകാതെ ഉത്തരം മുട്ടിയ അവസ്ഥയിലാണ്.