ചാവക്കാട്ട് യുവാവിനെ തല്ലിക്കൊന്ന കേസ്: രണ്ടുപേര്‍ അറസ്റ്റില്‍

ചാവക്കാട്: സദാചാര പോലീസ് ചമഞ്ഞ് യുവാവിനെ തല്ലിക്കൊന്ന കേസില്‍ 2 പേര്‍ അറസ്റ്റിലായതായി പോലീസ് അറിയിച്ചു. അഞ്ചങ്ങാടി സ്വദേശികളായ ഷാഹിദ്‌, റംഷാദ്‌ എന്നിവരാണു പിടിയിലായത്‌.

പരിചയക്കാരിയുടെ വീട്ടിലെത്തിയ യുവാവിനെ ഒരുസംഘമാളുകള്‍ തല്ലിക്കൊന്നു. തൃശ്ശൂര്‍ ജില്ലയിെല ചാവക്കാട് അഞ്ചങ്ങാടിയിലാണ് സംഭവം. വിവാഹിതയായ യുവതിയുമായി ഇയാള്‍ക്കുണ്ടായിരുന്ന ബന്ധത്തെച്ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നു കരുതുന്നതായി പോലീസ് അറിയിച്ചു.

Loading...

അഞ്ചങ്ങാടിയില്‍ വ്യാഴാഴ്‌ച രാത്രിയായിരുന്നു സംഭവം. അഞ്ചങ്ങാടി ആസ്പത്രിറോഡിന് സമീപം പുതിയകത്ത് മാമ്മുട്ടിയുടെ മകന്‍ സവാഹിറാ(27)ണ് കൊല്ലപ്പെട്ടത്. ക്രൂരമായി മര്‍ദ്ദനമേറ്റ ഇയാളെ ആക്രമിച്ചവര്‍തന്നെ ആസ്പത്രിയില്‍ എത്തിക്കുകയായിരുന്നു. യുവാവ് മരിച്ചെന്ന് ഉറപ്പായപ്പോള്‍ പ്രതികള്‍ രക്ഷപ്പെട്ടു. യുവതിയുടെ ബന്ധുക്കളും അവരുടെ സുഹൃത്തുക്കളും ചേര്‍ന്നാണ് ആക്രമണം നടത്തിയതെന്നാണ് പോലീസ് സംശയിക്കുന്നത്.

സവാഹീറും യുവതിയും തമ്മിലുള്ള ബന്ധത്തെച്ചൊല്ലി മുമ്പും പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. ഈ ബന്ധം വീണ്ടും തുടര്‍ന്നതിന്റെ ഭാഗമായാണ് ആക്രമണമെന്നാണ് ആരോപണം. എന്നാല്‍, സവാഹിറിനെ കെണിയില്‍ കുരുക്കിയതാണെന്നാണ് യുവാവിന്റെ ബന്ധുക്കള്‍ പറയുന്നത്. വ്യാഴാഴ്ച രാത്രി ഒന്‍പതുമണിക്ക് ബൈക്കില്‍ എത്തിയ സവാഹിറിനെ മദ്യംനല്‍കിയ ശേഷം ആസൂത്രിതമായി കൊലപ്പെടുത്തിയതാണെന്ന് അവര്‍ ആരോപിക്കുന്നു.

അഞ്ചങ്ങാടിയില്‍ വ്യാഴാഴ്ച രാത്രി 9.30 ഓടെയാണ് അക്രമം നടന്നതെന്നാണ് കരുതുന്നത്. പക്ഷേ, 11.30ഓടെയാണ് ഗുരുതരമായി പരിക്കേറ്റ യുവാവിനെ പെട്ടി ഓട്ടോറിക്ഷയില്‍ മുതുവട്ടൂരിലെ രാജാ ആസ്പത്രിയില്‍ എത്തിച്ചത്. ആസ്പത്രി അധികൃതരും നാട്ടുകാരും വിവരമറിയിച്ചതിനെ തുടര്‍ന്ന് ചാവക്കാട് പോലീസ് സ്ഥലത്തെത്തി. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് കൊല്ലപ്പെട്ടയാളെ തിരിച്ചറിഞ്ഞത്. മണ്‍വെട്ടികൊണ്ടും വടികൊണ്ടും തലക്കേറ്റ അടിയാണ് മരണകാരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടത്തിലെ പ്രാഥമിക നിഗമനം. സംഭവംനടന്ന വീടിനു മുറ്റത്ത് പിടിവലി നടന്ന പാടുകളും രക്തം കട്ടപിടിച്ചതും കാണാമായിരുന്നു.

വിവാഹിതനാണ് സവാഹിറാ. ഭാര്യ: ഷാഹിദ. മകള്‍: സഹല, മാതാവ്: ആമിനു.