കൊറോണ വൈറസിന്റെ പുതിയ വകഭേദം; കേരളത്തിലും അതീവജാഗ്രത

തിരുവനന്തപുരം : കൊറോണ വൈറസിന്റെ പിടിയിലമര്‍ന്നിട്ട് ഒരു വര്‍ഷം ആകുന്നു. കേസുകള്‍ കുറഞ്ഞു വരികയും വാക്‌സിന്‍ വിതരണത്തിനുമുള്ള ഒരുക്കങ്ങള്‍ നടത്തുകയും ചെയ്യുന്ന സാഹചര്യത്തലാണ് വീണ്ടുമൊരു ഭീഷണി ഉയര്‍ന്നുവരുന്നത്. ബ്രിട്ടണില്‍ കൊറോണ വൈറസിന്റെ വകഭേദം കണ്ടെത്തിയിരിക്കുന്നു. അതിവേഗം മനുഷ്യരിലേക്ക് പടരാന്‍ സാധ്യതയുള്ള ഈ വൈറസ് ഇതിനോടകം തന്നെ നിരവധി പേരെ ബാധിക്കുകയും ചെയ്തിരിക്കുകയും ചെയ്തു. ഈ സാഹചര്യത്തില്‍ ബ്രിട്ടനിലേക്കും തിരിച്ച് ഇന്ത്യയിലേക്കുമുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്. അതേസമയം കേരളത്തിലും അതീവജാഗ്രത നിര്‍ദേശം നല്‍കിയിരിക്കുകയാണ്.

പുതിയ കൊറോണ വൈറസിന്റെ വ്യാപനവും തദ്ദേശ തെരഞ്ഞെടുപ്പിനെ തുടര്‍ന്നുള്ള വൈറസ് വ്യാപനവും തടയാനുള്ള മുന്‍ കരുതല്‍ നടപടികള്‍ തീരുമാനിക്കാന്‍ ആരോഗ്യ മന്ത്രി കെ.കെ ശൈലജയുടെ അധ്യക്ഷതയില്‍ ഇന്ന് ഉന്നതതല യോഗം ചേരും.വൈറസിന്റെ വ്യാപനത്തെ തുടര്‍ന്ന് രാജ്യത്തും അതീവ ജാഗ്രതയാണുള്ളത്. മുന്‍കരുതലെന്ന നിലയില്‍ ഇന്ത്യയില്‍ നിന്ന് ബ്രിട്ടനിലേക്കും തിരിച്ചുമുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവെച്ചു. ഇന്നു രാത്രി 12 മുതല്‍ 31നു രാത്രി 12 വരെയാണു നിയന്ത്രണം. 70% അധികമാണു കൊറോണ വൈറസിന്റെ പുതിയ വകഭേദത്തിന്റെ സാംക്രമിക ശേഷി. രോഗ തീവ്രതയിലോ ലക്ഷണങ്ങളിലോ വ്യത്യാസമില്ല. ഇപ്പോഴുള്ള വാക്സിനുകള്‍ പുതിയ വകഭേദത്തിനെതിരെയും ഫലപ്രദമാകുമെന്നു ലോകാരോഗ്യ സംഘടന ചീഫ് സയന്റിസ്റ്റ് സൗമ്യ സ്വാമിനാഥന്‍ പറഞ്ഞു. യുഎസിലെ നിയുക്ത സര്‍ജന്‍ ജനറലും ഇന്ത്യന്‍ വംശജനുമായ ഡോ. വിവേക് മൂര്‍ത്തിയും ഇക്കാര്യം ശരിവെച്ചിരുന്നു.

Loading...