തിരുവനന്തപുരത്ത് സ്ഥിതി ഗുരുതരം,സൊമാറ്റോ ജീവനക്കാരനും മത്സ്യമാര്‍ക്കറ്റിലെ തൊഴിലാളിക്കും കൊവിഡ്

തിരുവനന്തപുരം: തലസ്ഥാനനഗരിയില്‍ സ്ഥിതി ഗുരുതരം. സമ്പര്‍ക്കത്തിലൂടെയും ഉറവിടം അറിയാത്ത കേസുകളും തലസ്ഥാനത്ത് വര്‍ദ്ധിച്ചുവരികയാണ്. അതേസമയം ഇന്ന് തലസ്ഥാനത്ത് 16 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ സൊമാറ്റോയുടെ ഡെലിവറി ജീവനക്കാരനും മെഡിക്കല്‍ റപ്പിനും മത്സ്യമാര്‍ക്കറ്റിലെ തൊഴിലാളിക്കും കൊവിഡ് സ്ഥിരീകരിച്ചത് ആശങ്കയുണ്ടാക്കുകയാണ്. തലസ്ഥാന നഗരി കൂടുതല്‍ നിയന്ത്രണങ്ങളിലേക്ക് പോകേണ്ടി വരുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വ്യക്തമാക്കിയിരുന്നു. ആളുകള്‍ കൂട്ടം കൂടുന്നതും മാസ്‌ക്ക് ഉപയോഗിക്കാത്തതും വലിയ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.

അതേസമയം കേരളത്തില്‍ ഇന്ന് 240 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. മലപ്പുറം ജില്ലയില്‍ നിന്നുള്ള 37 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 35 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 29 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 22 പേര്‍ക്കും, ആലപ്പുഴ, തൃശൂര്‍ ജില്ലകളില്‍ നിന്നുള്ള 20 പേര്‍ക്ക് വീതവും, തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ നിന്നുള്ള 16 പേര്‍ക്ക് വീതവും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 14 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 13 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 8 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 6 പേര്‍ക്കും ഇടുക്കി, വയനാട് ജില്ലകളില്‍ നിന്നുള്ള 2 പേര്‍ക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 152 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 52 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്.

Loading...