ഹാജർ ഇളവു ചോദിച്ചെത്തിയ വിദ്യാർഥിനിയുടെ തന്തയ്ക്ക് വിളിച്ചു, സ്ത്രീകളുടെ ആരോഗ്യ പ്രശ്നം ജീവിതകാലം മുഴുവൻ ഉള്ളതാണെന്നു പരിഹാസം, തിരുവനന്തപുരം ലോ അക്കാദമി പ്രിൻസിപ്പാൾ ലക്ഷ്മി നായർ വിദ്യാർഥിനിയോട് പെരുമാറുന്ന ക്രൂരതകൾ പുറത്ത്

തിരുവനന്തപുരം: മലയാളികളുടെ പ്രിയങ്കരിയായ പാചക വിദഗ്ദ ലക്ഷ്മി നായരുടെ തനി നിറം പുറത്ത്. തന്‍റെ കോളേജിലെ വിദ്യാർഥിനിയെ പരസ്യമായി തന്തയ്ക്ക് വിളിക്കുന്ന ശബ്ദ രേഖകളാണ് പുറത്തു വന്നിരിക്കുന്നത്. ഇതോടെ തിരുവനന്തപുരം ലോ അക്കാദമിക്കെതിരെ പ്രതിഷേധം വ്യാപകമാകുകയാണ്.

ഇതിനിടെ ലക്ഷ്മി നായരെ പ്രിൻസിപ്പൽ സ്ഥാനത്തു നിന്നും മാറ്റില്ലെന്ന ഉറച്ച നിലപാടിലാണ് കോളേജ് മാനേജ്മെന്‍റ്. വിദ്യാർഥി പ്രക്ഷോഭം ശക്തമായിട്ടും സർക്കാർ വിഷയത്തിൽ ഇടപെടാത്തതും കടുത്ത വിമർശനത്തിനിടയാക്കുന്നുണ്ട്.
സർവകലാശാല ഉപസമിതി നടത്തിയ തെളിവെടുപ്പിലാണ് ലക്ഷ്മി നായർ തന്തയ്ക്ക് വിളിക്കുന്ന ഓഡിയോ ലഭിച്ചത്.

വിദ്യാർഥികൾ തന്നെയാണ് ഇത് കൈമാറിയത്. ഹാജർ ഇളവു തേടിയെത്തിയ വിദ്യാര്‍ത്ഥിനിയെ ലക്ഷ്മി നായര്‍ പരസ്യമായി ശകാരിക്കുന്നതാണ് ഓഡിയോ. ഓഡിയോയില്‍ വിദ്യാര്‍ത്ഥിനിയുടെ പിതാവിനെ പോലും അവഹേളിക്കുന്നതായി വ്യക്തമാണ്. ലക്ഷ്മി നായരുടെ വിദ്യാര്‍ത്ഥികളോടുള്ള പെരുമാറ്റം മോശമാണെന്നായിരുന്നു അവര്‍ക്കെതിരെ ഉയര്‍ന്നിരുന്ന പ്രധാന ആരോപണം. ഈ ആരോപണങ്ങള്‍ ശരിവെക്കുന്നു എന്ന വിധത്തിലാണ് ശബ്ദരേഖ പുറത്ത് വന്നിരിക്കുന്നത്.
വിദ്യാര്‍ത്ഥിനിയും ലക്ഷ്മി നായരും തമ്മിലുള്ള സംഭാഷണം:

എന്തോന്നാ ഞാന്‍ തനിക്ക് എക്സ്ട്രാ തരാമെന്ന് പറഞ്ഞത്. മാഗസിന്‍ എഴുതിയതിന്‍റെ ഒരു പത്ത് ദിവസമൊക്കെ കൊടുത്താണ് അഡ്ജസ്റ്റ് ചെയ്തത്. അപ്പോ അതും പോരാ. വളയമില്ലാതെ ചാടണം. ഒരുകാര്യം ചെയ്യ്. ഇയര്‍ ഔട്ട് ആയേക്കാം.. പ്രശ്നം തീര്‍ന്നല്ലോ.. തനിക്ക് ഒന്നും ചെയ്യേണ്ട. താന്‍ ഇങ്ങോട്ട് ഡിക്റ്റേറ്റ് ചെയ്യേണ്ട, ഞാന്‍ എങ്ങനാണ് ചെയ്യേണ്ടതെന്നുള്ളത്. കേട്ടോ. തനിക്ക് എത്രയാ.. എത്രയാ പറഞ്ഞത് 29 (ഓഫീസുള്ള മറ്റൊരാള്‍ 25 എന്ന് പറയുന്നു.) 25 ദിവസത്തില്‍ കൂടുതല്‍ തനിക്ക് ഷോര്‍ട്ടേജാണ്. തനിക്ക് 25 ദിവസവും കണക്കാക്കി തന്നെ വിടണോ ഞാന്‍. മാഗസിന്‍റെ പത്ത് ദിവസം കണ്ണും അടച്ചോണ്ട് തന്നു. എങ്കിലും കിടക്കുന്നു 15 ദിവസത്തില്‍ കൂടുതല്‍.
(തനിക്ക് ഹെല്‍ത്ത് പ്രോബ്ലം ഉണ്ടെന്ന് കുട്ടി പറയുന്നു) അപ്പോള്‍ ലക്ഷ്മി നായരുടെ മറുപടി ഇങ്ങനെ:
തനിക്ക് ഹെല്‍ത്ത് പ്രോബ്ലം ആദ്യാവസാനം ഉണ്ട്. തനിക്ക് ഇത്രയും ഹെല്‍ത്ത് പ്രോബ്ലം ആണേ താന്‍ എന്താനാ വന്ന് അഡ്മിഷന്‍ എടുത്തത് എല്‍എല്‍ബിക്ക്. താന്‍ വല്ല ഡിഗ്രിക്കെങ്ങാനും ചേര്‍ന്നാ പോരാരുന്നോ. തനിക്ക് ഇത്രയും പ്രശ്നമുള്ള കൊച്ചാരുന്നെന്ന് അറിഞ്ഞാരുന്നേല്‍ ഞാന്‍ അഡ്മിഷന്‍ കൊടുക്കില്ലായിരുന്നല്ലോ. അന്ന് തന്ത കേറിയിറങ്ങി നടന്നാണ് അഡ്മിഷന്‍ വാങ്ങിച്ചത്, ക്ലാസ്മേറ്റ് ആണെന്നും പറഞ്ഞോണ്ട്. ജീവിത കാലം മുഴുവന്‍ കുരിശാ. ഇത് എത്രാമത്തെ പ്രാവിശ്യമാ ഇനിയും ഞാന്‍ പറയാം. അടുത്ത സെമസ്റ്ററിലും ഇയാള്‍ ഇയര്‍ ഔട്ട് ആകേം ചെയ്യും. ഇതാണ് അവസ്ഥയെങ്കില്‍, കേട്ടല്ലോ..
അല്ലാതെ ഹെല്‍ത്ത് റീസണ്‍ ആണ് അതുകൊണ്ട് വളയമില്ലാതെ ചാടണം ഒരു കാര്യം ചെയ്യ്.. യൂണിവേഴ്സ്റ്റിയില്‍ ചെന്ന് റിക്വസ്റ്റ് കൊടുക്ക് ഹെല്‍ത്ത് റീസണ്‍ ഉള്ള കുട്ടിയാണ്,, തനിക്ക് 50 ശതമാനം അറ്റന്‍ഡന്റ്സ് ഉണ്ടെങ്കില്‍ വിടാനുള്ള ഒരു സ്പെഷ്യല്‍ പെര്‍മിഷന്‍ വാങ്ങിച്ചു കൊണ്ടുവാ.. കേട്ടോ എല്ലാ വര്‍ഷവും കടത്തിവിടാം. 50 ശതമാനം മതി. ചെല്ല്.

തന്‍റെ മകളോട് അങ്ങേയറ്റം മോശകരമായ രീതിയിലാണ് ലക്ഷ്മിനായര്‍ പെരുമാറിയതെന്ന് കോളെജിലെ വിദ്യാര്‍ത്ഥിനിയുടെ അമ്മ മാദ്ധ്യമങ്ങളോട് വ്യക്തമാക്കി. നിന്‍റെ തന്ത എന്‍റെ ക്ലാസ്മേറ്റായതുകൊണ്ടും കാലുപിടിച്ചതു കൊണ്ടുമാണ് നിനക്ക് ഇവിടെ അഡ്മിഷന്‍ തന്നത്. നിന്നെ പോലെയുള്ള കുരിശുകള്‍ക്കാണല്ലോ ഇവിടെ അഡ്മിഷന്‍ തന്നതെന്നും ആക്ഷേപിച്ച് തന്‍റെ മകളോട് ലക്ഷ്മിനായര്‍ സംസാരിച്ചു. ഇതുകൂടാതെ പലപ്പോഴും അസഭ്യമായ രീതിയിലാണ് പ്രിന്‍സിപ്പല്‍ മകളോട് ഉള്‍പ്പെടെയുള്ളവരോട് പെരുമാറുന്നതെന്നും രക്ഷിതാവ് പറഞ്ഞു. അതേസമയം ഈ ഈ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും ഇത്തരത്തില്‍ താന്‍ പറഞ്ഞിട്ടില്ലെന്നും ലക്ഷ്മിനായര്‍ പ്രതികരിച്ചു.
ക്ലാസുകള്‍ നടന്നുകൊണ്ടിരിക്കെ വിളിച്ചുകൊണ്ടുപോയി ലക്ഷ്മി നായരുടെ ഹോട്ടല്‍ ഉദ്ഘാടനത്തിന് ബിരിയാണി വിളമ്പാന്‍ നിര്‍ത്തിയെന്ന പരാതിയാണ് അക്കാദമിയിലെ മറ്റൊരു വിദ്യാര്‍ത്ഥിയായ സെല്‍വന്‍ ഉന്നയിച്ചത്. യൂണിഫോമിലായിരുന്ന തങ്ങളെ ഹോട്ടലിലെ മേശകള്‍ തുടപ്പിച്ച് ബിരിയാണി വിളമ്പിക്കൊടുപ്പിച്ചെന്നും നോട്ടീസ് വിതരണത്തിന് പറഞ്ഞുവിട്ടെന്നും സെല്‍വന്‍ ആരോപിക്കുന്നു. ഹോട്ടലിലെ ജോലികള്‍ ചെയ്യുന്നവര്‍ക്ക് ഇന്റേണല്‍ മാര്‍ക്കുകള്‍ കൂട്ടികൊടുക്കാം എന്ന് പറഞ്ഞിരുന്നതായും സെല്‍വന്‍ വിശദമാക്കി.