ജ്വല്ലറി തട്ടിപ്പ്;കമറുദ്ദീന്‍ എംഎല്‍എക്കെതിരെ കൂടുതല്‍ വെളിപ്പെടുത്തല്‍

കാസര്‍കോട്: എം സി കമറുദീന്‍ എം എല്‍ എ ക്കെതിരെ കൂടുതല്‍ വെളിപ്പെടുത്തലുമായി മര്‍ജാന്‍ ജ്വല്ലറി ഉടമ ഹനീഫ.കാസര്‍ഗോഡ് ഫാഷന്‍ ഗോള്‍ഡ് പ്രവര്‍ത്തിച്ചിരുന്നത് മര്‍ജാന്‍ ഗോള്‍ഡിനായി താന്‍ കണ്ടെത്തി നവീകരണം നടത്തിയ കെട്ടിടത്തിലെന്ന് ഹനീഫ. എം സി കമറുദ്ദീന്‍ തന്നില്‍ നിന്ന് ആ കെട്ടിടം പിടിച്ചെടുക്കുകയായിരുന്നു അമ്പത് ലക്ഷം രൂപ ചിലവിട്ടാണ് കെട്ടിടം നവീകരിച്ചത്. ഭയം കാരണം അന്ന് പരാതി നല്‍കിയില്ലെന്നും ഹനീഫ.ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ് അന്വേഷണ പരിധിയില്‍ ഇക്കാര്യങ്ങളൊക്കെ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതായും ഹനീഫ വ്യക്തമാക്കുന്നു.

മര്‍ജാന്‍ ഗോള്‍ഡിന്റെ പുതിയ ബ്രാഞ്ച് തുടങ്ങുന്നതിന്റെ ഭാഗമായി 2007 ഫെബ്ര്യുവരിയിലാണ് ഹനീഫ കാസര്‍ക്കോട്ടെ ഗോള്‍ഡന്‍ ആര്‍ക്കേഡില്‍ കെട്ടിടം വാടകക്കെടുത്തത്. കാസര്‍ക്കോട്ടെ ഹംസ എന്നയാളില്‍ നിന്ന് മാസം അമ്പതിനായിരം രൂപ വാടക നല്‍കിയാണ് കെട്ടിടം എടുത്തത്.അരക്കോടി രൂപ ചിലവഴിച്ച് കെട്ടിടം നവീകരിക്കുകയും ചെയ്തു. ജ്വല്ലറി ആരംഭിക്കാനുള്ള ഒരുക്കങ്ങള്‍ നടക്കുന്നതിനിടയിലായിരുന്നു തലശേരി മര്‍ജാന്‍ ഗോള്‍ഡില്‍ കമറുദീന്നും സംഘവും കവര്‍ച്ച നടത്തിയത്. അതിന് തുടര്‍ച്ചയായാണ് കാസര്‍ക്കോട്ടെ കെട്ടിടവും കമറുദ്ദീന്‍ പിടിച്ചെടുത്തതെന്നാണ് റിപ്പോര്‍ട്ടുകള്‍.ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ് അന്വേഷണ പരിധിയില്‍ മര്‍ജാന്‍ ഗോള്‍ഡ് കൊള്ളയും ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് ഹനീഫ മുഖ്യമന്ത്രിക്ക് പരാതി നല്‍കി.

Loading...