ചങ്ങനാശ്ശേരി: ചങ്ങനാശ്ശേരിയിലെ പുതുജീവന്‍ ട്രസ്റ്റിനെതിരെ കൂടുതല്‍ ആരോപണങ്ങളുമായി കുടുംബാംഗങ്ങല്‍ രംഗത്ത്. യുവാവ് മരണപ്പെട്ടതില്‍ ദുരൂഹത ഉണ്ടെന്ന് ആരോപിച്ചാണ് ഇപ്പോള്‍ കുടുംബം രംഗത്ത് എത്തിയിരിക്കുന്നത്. കോട്ടയം സ്വദേശിയായ 38 കാരന്റെ മരണാേത്തില്‍ സംശയമുണ്ടെന്നാണ് കുടുംബത്തിന്റെ ആരോപണം. ഫെബ്രുവരി 14 നാണ് യുവാവ് മരണപ്പെട്ടത്.മരണത്തില്‍ ഇപ്പോള്‍ ദുരൂഹതയുണ്ടെന്നാണ് തോന്നുന്നതെന്ന് കുടുംബം ആരോപിച്ചു.ട്രസ്റ്റിന്റെ പേരിൽ നാലുകോടിയിൽ 2000 മുതൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിലാണ് 2013 നംവബർ 23ന് പുനരധിവാസം എന്ന സ്കീമിന്റെ കീഴിൽ നാലര ലക്ഷം വാങ്ങി കുര്യാക്കോസ് ജോസഫിനെ അഡ്മിറ്റ് ചെയ്യുന്നത്.
ഭക്ഷണം തൊണ്ടയിൽ കുടുങ്ങി മരിച്ചുവെന്നാണു കുടുംബത്തിന് അറിയിപ്പ് ലഭിച്ചതെന്ന് സഹോദരി പറയുന്നു. ചങ്ങനാശേരിയിൽ നിന്ന് നാലുകോടിയിൽ ഓടിയെത്തുമ്പോൾ കുര്യാക്കോസിന്റെ മൃതദേഹം മുകളിലത്തെ നിലയിൽ കിടത്തിയിരിക്കുകയായിരുന്നു. ഒരു നഴ്സ് മാത്രമേ അവിടെ ആ സമയം ഉണ്ടായിരുന്നുള്ളൂവെന്നും ഇവർ പറയുന്നു. മറ്റൊരു അന്തേവാസിയുടെ കയ്യിൽ നിന്ന് ഭക്ഷണം തട്ടിയെടുത്ത് വിഴുങ്ങിയെന്നും തൊണ്ടയിൽ കുടുങ്ങി മരിച്ചുവെന്നുമായിരുന്നു സ്ഥാപന അധികൃതർ നൽകിയ വിശദീകരണം. 2016 ഓഗസ്റ്റിൽ സഹോദരനെ കാണാൻ ചെന്നപ്പോൾ അസ്വാഭാവികമായ അംഗവിക്ഷേപങ്ങളിൽ സംശയം തോന്നി ചോദ്യം ചെയ്തതിനെ തുടർന്ന് അന്നേ ദിവസം സ്ഥാപന മേധാവി വി.സി.ജോസഫ് തന്നെ ശകാരിച്ചുവെന്നും സഹോദരി പറഞ്ഞു. മരണത്തിൽ തുടർ അന്വേഷണങ്ങളോ ആന്തരികാവയങ്ങളുടെ രാസപരിശോധനയോ നടന്നിരുന്നില്ല.
ട്രസ്റ്റിന്റെ കീഴിലുള്ള കോട്ടമുറിയിലെ മനോദൗർബല്യ ആശുപത്രിയിൽ മൂന്ന് അന്തേവാസികൾ തുടർച്ചയായി മരിച്ചതോടെയാണ് ദുരൂഹമരണങ്ങളെ കുറിച്ച് അന്വേഷണം ഉണ്ടായത്. 8 വർഷത്തിനിടയിൽ 33 മരണങ്ങളാണ് ഇവിടെ റിപ്പോർട്ട് ചെയ്തത്. കേന്ദ്രത്തിലെ രണ്ടു പേർ മരിച്ചത് വൈറസ് ബാധ മൂലമുള്ള ന്യൂമോണിയ മൂലമാണെന്നു ഫൊറൻസിക് വിഭാഗം അന്വേഷണ സംഘത്തെ അറിയിച്ചിരുന്നു. ഈയം, രക്തം, ആന്തരികാവയവങ്ങൾ, പാത്തോളജി എന്നീ പരിശോധനകൾക്കു ശേഷം അന്തിമ റിപ്പോർട്ട് നൽകാമെന്നും ഫൊറൻസിക് വിഭാഗം അറിയിച്ചിരുന്നു. ഈയം മൂലമുള്ള വിഷബാധ ഉണ്ടോ എന്നതിൽ കൊച്ചി അമൃത മെഡിക്കൽ കോളജിലെ പരിശോധനാഫലം ലഭിക്കുന്നതോടെ മാത്രമേ സ്ഥിരീകരിക്കാൻ സാധിക്കൂ.