പൊട്ടിക്കുന്ന സ്വര്‍ണം മൂന്നായി പങ്കിടും: ഒരു പങ്ക് ‘പാര്‍ട്ടിക്ക്’, ക്വട്ടേഷന്‍ ടീമിന്റെ ശബ്ദരേഖ

സ്വര്‍ണക്കടത്ത് പൊട്ടിക്കാനായി ക്വട്ടേഷന്‍ സംഘം തയ്യാറെടുക്കുന്നതിന്റെ ഫോണ്‍സംഭാഷണം പുറത്ത്. സ്വര്‍ണം എങ്ങനെ കൊണ്ടുവരണം, കൊണ്ടുവന്ന സ്വര്‍ണം എന്തുചെയ്യണം, ആര്‍ക്കുവേണ്ടിയാണ് കൊണ്ടുവരുന്നത് തുടങ്ങിയ കാര്യങ്ങളാണ് ഓഡിയോ ക്ലിപ്പുകളിലുള്ളത്.ഒരു ഭാഗം പൊട്ടിക്കുന്നവര്‍ക്ക്, ഒരു പങ്ക് കടത്തുന്നവര്‍ക്ക് മൂന്നാമത്തെ പങ്ക് കൊടി സുനി, ഷാഫി അടങ്ങുന്ന പാര്‍ട്ടിക്കും എന്നാണ് വീതംവയ്പ്പിനെക്കുറിച്ച പറയുന്നത്.

സ്വര്‍ണക്കടത്ത് സംഘത്തിന് പിന്നിലെ ക്വട്ടേഷന്‍ ടീമില്‍ ആരൊക്കെ, പൊട്ടിക്കുന്ന സ്വര്‍ണം(അടിച്ചുമാറ്റുന്നത്) എങ്ങനെ പങ്കിടണം, അതില്‍ ടിപി കേസ് പ്രതികളുടെ റോള്‍ എല്ലാം സൂചിപ്പിക്കുന്ന ശബ്ദരേഖയാണ് പുറത്ത് വന്നത്. പൊട്ടിക്കുന്ന സ്വര്‍ണം മൂന്നായി വീതംവെച്ച് ഒരു ഭാഗം ‘പാര്‍ട്ടി’ക്കെന്ന് സംഘത്തിലെ ഒരാള്‍ പറയുന്ന ശബ്ദരേഖയാണ് ് പുറത്തുവിട്ടത്. കണ്ണൂര്‍ കോഴിക്കോട് വിമാനത്താവളത്തിലൂടെ നടക്കുന്ന സ്വര്‍ണക്കടത്തിന്റെ വിവരങ്ങള്‍ സ്വര്‍ണം പൊട്ടിക്കാന്‍ ഏല്‍പ്പിച്ച ആള്‍ക്ക് പറഞ്ഞുമനസ്സിലാക്കുന്ന തരത്തിലാണ് ശബ്ദസന്ദേശമുള്ളത്

Loading...

ടി.പി കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന കൊടി സുനി, മുഹമ്മദ് ഷാഫി അടങ്ങുന്ന ടീമിനെയാണ് ‘പാര്‍ട്ടി’ എന്ന് ഇതില്‍ ഓഡിയോയില്‍ വിശേഷിപ്പിക്കുന്നത്. ഇവര്‍ക്ക് ഒരു പങ്ക് കൊടുക്കുന്നതോടെ പിന്നെ അന്വേഷണം ഉണ്ടാവില്ലെന്നും പറയുന്നതും ഓഡിയോയിലുണ്ട്. സ്വര്‍ണക്കടത്തില്‍ ഇടപെടുന്നത് പാര്‍ട്ടിക്കാരാണ്,ടിപി ചന്ദ്രശേഖരന്‍ കേസിലെ പ്രധാനപ്പെട്ട രണ്ട് പ്രതികളായ കൊടി സുനി, മുഹമ്മദ് ഷാഫി എന്നിവരും ജിജോ തില്ലങ്കേരി,രജീഷ് തില്ലങ്കേരി എന്നിവരാണ് ഇതില്‍ ഇടപെടുന്നത് എന്ന് പറയുന്നുണ്ട്. കൊണ്ടുവരുന്ന സ്വര്‍ണം മൂന്നായി പങ്കുവെയ്ക്കും. അതില്‍ ഒരുപങ്ക് ഇവര്‍ക്കാണ്.

അര്‍ജുന്‍ ആയങ്കി ഉള്‍പ്പെട്ട സ്വര്‍ണക്കവര്‍ച്ചാ സിന്‍ഡിക്കറ്റിന്റെ ബുദ്ധികേന്ദ്രം ദുബായില്‍ ആണെന്നാണ് പുറത്തുവരുന്ന വിവരം. ഇതോടെ ഈ സ്വര്‍ണകവര്‍ച്ചാ സംഘത്തിന്റെ വ്യാപ്തിയെ കുറിച്ചും വിശദമായ അന്വേഷണം ഉണ്ടാകും. വിദേശത്തുനിന്നു സ്വര്‍ണം വാങ്ങി കാരിയര്‍മാരെ ഉപയോഗിച്ച്‌ ഇന്ത്യയിലേക്കു കടത്തുന്ന സംഘങ്ങള്‍ക്കും ഇതു തട്ടിയെടുക്കുന്നവര്‍ക്കും ഇടയില്‍ ഏജന്റുമാരാണ്fe പലപ്പോഴും നിര്‍ണായക കളിക്കാരായി മാറുന്നത്. വിശ്വാസ്യത എന്നൊന്ന് ഈ സംഘങ്ങള്‍ക്കിടയില്‍ ഇല്ല.

ഇരുപക്ഷത്തു നിന്നും ഇവര്‍ കടത്തുകൂലി കൈപ്പറ്റുവരാണ് ഇടനിലക്കാരായി നില്‍ക്കുന്നവര്‍. വിലപേശുന്ന കടത്തുകാരെ കസ്റ്റംസിനും ഡിആര്‍ഐക്കും ഒറ്റി പാരിതോഷികവും സ്വന്തമാക്കും. പിടിയിലായ മുഹമ്മദ് ഷഫീഖാണ് ഈ കള്ളക്കളി വെളിപ്പെടുത്തിയത്. സ്വര്‍ണക്കടത്തുകാരും ഗുണ്ടകളും പരസ്പരം പിന്തുടര്‍ന്ന് കോഴിക്കോട് രാമനാട്ടുകരയില്‍ 5 പേര്‍ മരിക്കാനിടയായതാണ് സ്വര്‍ണക്കടത്തിനും കവര്‍ച്ചയ്ക്കും പിന്നിലെ കള്ളി വെളിച്ചത്തു കൊണ്ടുവന്നത്. ഷഫീഖിനെയും അര്‍ജുനെയും ഒരുമിച്ചു ചോദ്യം ചെയ്യുന്നതോടെ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്നാണു പ്രതീക്ഷ.

കരിപ്പൂര്‍ വഴി സ്വര്‍ണം കടത്തുന്ന കൊടുവള്ളി സംഘത്തിനും അര്‍ജുന്‍ നേതൃത്വം നല്‍കുന്ന കവര്‍ച്ചാ സംഘത്തിനും ഇടയില്‍ ഡബിള്‍ ഗെയിം കളിച്ചതു ജലീലെന്ന ഏജന്റാണെന്നാണു വിവരം. കൊടുവള്ളി സംഘത്തിനുള്ള 2.33 കിലോഗ്രാം സ്വര്‍ണം ഷഫീഖിനെ ഏല്‍പിച്ചതു ജലീലാണ്. ഷഫീഖ് സ്വര്‍ണം കൊണ്ടുവരുന്ന വിവരം ആയങ്കിക്കു കൈമാറിയതും ഇയാള്‍ തന്നെ. കാരിയറായ ഷഫീഖിനെ പരിചയപ്പെടുത്തി അവര്‍ക്കിടയില്‍ വിലപേശലിനു വഴിയൊരുക്കി.

ഷഫീഖിന്റെ പക്കല്‍ സ്വര്‍ണമുള്ള വിവരം കസ്റ്റംസിനു കൈമാറിയതും ജലീലാണെങ്കില്‍ വിവരം നല്‍കുന്നവര്‍ക്കു ലഭിക്കുന്ന നിയമപരമായ സംരക്ഷണം ഇയാള്‍ക്കു ലഭിക്കും. സലീം, മുഹമ്മദ് എന്നിവര്‍കൂടി ദുബായ് സംഘത്തിലുണ്ട്. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് വിമാനത്താവളങ്ങള്‍ കേന്ദ്രീകരിച്ചു സ്വര്‍ണക്കവര്‍ച്ചാ സംഘങ്ങളുടെ കണ്ണികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.