കേസുകൾ കൂടുന്നു; കണ്ണൂർ എ കാറ്റ​ഗറിയിൽ, നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു

കണ്ണൂർ: കണ്ണൂരിലും കൊവിഡ് കേസുകൾ കുത്തനെ വർദ്ധിക്കുന്നു. ഈ സാഹചര്യത്തിൽ കൂടുതൽ നിയന്ത്രണങ്ങളുടെ എ കാറ്റ​ഗറിയിൽ‌ ഉൾപ്പെടുത്തിയിരിക്കുകയാണ് കണ്ണൂർ ജില്ലയെ. ആശുപത്രിയിൽ പ്രവേശിക്കപ്പെടുന്ന രോഗികളുടെ എണ്ണവും ഉയർന്നിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ജില്ലാ കളക്ടറുടെ പുതിയ ഉത്തരവ്. പുതിയ സാഹചര്യത്തിൽ ജില്ലയിൽ കൊവിഡ് നിയന്ത്രണങ്ങൾ കർശനമാക്കിയിരിക്കുകയാണ്. പൊതുപരിപാടികൾ, രാഷ്ട്രീയ, സാമൂഹിക, സാംസ്ക്കാരിക, മതപരമായ ചടങ്ങുകൾ, മരണ,വിവാഹ ചടങ്ങുകൾ എന്നിവക്ക് ഇനി 50 പേരെ മാത്രമേ അനുവദിക്കൂ. ആശുപത്രിയിലെ രോഗികളുടെ എണ്ണം കൂടിയതിനാൽ പരിയാരം ഗവൺമെന്റ് മെഡിക്കൽ കോളേജുകളിൽ കൊവിഡ് ബാധിതരുടെ പ്രവേശനം ഇനി കൺട്രോൾ റൂം വഴിയാകുമെന്നും ജില്ലാ കളക്ടർ അറിയിച്ചു.

അതേ സമയം, കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ കണ്ണൂർ ഗവ.മെ‍ഡിക്കൽ കോളേജ് ആശുപത്രിയിൽ സന്ദർശകർക്ക് നിയന്ത്രണം ഏ‌ർപ്പെടുത്തി. നാളെ മുതൽ രാവിലെ 8 മണി മുതൽ 11 മണി വരെ മാത്രമേ ഒപി പ്രവർത്തിക്കു. പനി ബാധിച്ചെത്തുന്ന രോഗികൾക്കായി പ്രത്യേക ഫീവ‍ർ ക്ലിനിക്കും സ‍ജ്ജമാക്കിയിട്ടുണ്ട്. 2022 ജനുവരി 1-നെ അടിസ്ഥാനമാക്കി, ആശുപത്രി കേസുകൾ, ഐസിയു കേസുകളിലെ വർധന എന്നിവ നോക്കിയാണ് നിലവിൽ സംസ്ഥാനത്തെ ജില്ലകളിലെ കൊവിഡ് നിയന്ത്രണം. ജനുവരി 1-ൽ നിന്നും ആശുപത്രി അഡ്മിഷൻ ഇരട്ടിയും, ഐസിയു കേസുകളിൽ 50%വും വർദ്ധന വന്നാൽ കാറ്റഗറി എ, ആശുപത്രി കേസുകളിൽ കൊവിഡ് കേസുകൾ 10 ശതമാനവും, ഐസിയു കേസുകൾ ഇരട്ടിയും ആയാൽ കാറ്റഗറി ബി, ആകെ ആശുപത്രി കേസുകളിൽ കൊവിഡ് രോഗികളുടെ എണ്ണം 25% ആയാൽ കാറ്റഗറി സി – എന്നിങ്ങനെയാണ് കണക്ക്.

Loading...