ഈ വർഷം ഹജ്ജിനിടെ 1301 പേർ മരിച്ചെന്ന് സൗദി; 83 ശതമാനം പേരും അനധികൃത തീർഥാടകർ

മക്ക : ഈ വർഷം ഹജജ് തീർത്ഥാടനത്തിനിടെ 1,301 പേർ മരിച്ചെന്ന് സൗദി അറേബ്യ. മരിച്ചവരിൽ ഭൂരിഭാഗം പേരും ഔദ്യോഗിക അനുമതി ഇല്ലാതെ തീർത്ഥാടനത്തിന് എത്തിയവരാണെന്നും സൗദി അറേബ്യൻ സർക്കാർ അറിയിച്ചു. അനുമതി ലഭിക്കാതെ എത്തിയവർക്ക്
പാർപ്പിട സൗകര്യത്തിന്റെ പ്രശ്നവും അതികഠിനമായ ചൂടിൽ ദീർഘദൂരം നടക്കേണ്ട സാഹചര്യവും ഉണ്ടായിരുന്നു.

മരണപ്പെട്ടവരിൽ 83 ശതമാനം പേരും അനുമതി ഇല്ലാതെയാണ് ഹജ്ജ് തീർത്ഥാടനത്തിനെത്തിയത്. മരണപ്പെട്ടവരുടെ കയ്യിൽ തിരിച്ചറിയൽ രേഖകൾ ഇല്ലാത്തതാണ് നടപടികൾ വൈകുന്നതെന്നും സൗദി സർക്കാർ അറിയിച്ചു. ഹജ്ജ് തീർത്ഥാടനത്തിനെത്തിയ 95 പേർ നിലവിൽ ആശുപത്രിയിൽ കഴിയുകയാണ്. ചിലരെ മക്കയിൽ തന്നെ അടക്കം ചെയ്തതായി സൗദി ആരോഗ്യ മന്ത്രി ഫഹദ് അൽ ജലാജെൽ അറിയിച്ചു.

Loading...

മരിച്ചവരിൽ കൂടുതൽ പേരും ഈജിപ്തിൽ നിന്നുള്ളവരാണ്. അനധികൃതമായി ഹജ്ജിന് പോകാൻ സഹായിച്ച 16 ട്രാവൽ ഏജൻസികളുടെ ലൈസൻസ് ഈജിപ്ത് റദ്ദാക്കിയതായും അറിയിച്ചു. ഈ വർഷം 1.8 ദശലക്ഷം തീർത്ഥാടകരാണ് മക്കയിലെത്തിയത്. കഴിഞ്ഞവർഷം 1.6 ദശലക്ഷം പേരാണ് സൗദിയിൽ ഹജ്ജിനെത്തിയത്.