മഞ്ഞുരുകി തുടങ്ങിയതോടെ എവറസ്റ്റിലെ കാഴ്ച കണ്ട് ഞെട്ടി ലോകം

കാലാവാസ്ഥ വ്യതിയാനത്തിന്റെ ഭാഗമായി മഞ്ഞുരുകി തുടങ്ങിയതോടെ എവറസ്റ്റില്‍ മഞ്ഞിനിടിയില്‍ നിന്നും പുറത്തെത്തുന്നത് കണ്ട് ലോകമാസകലം ഞെട്ടിയിരിക്കുകയാണ്. ടണ്‍ കണക്കിന് മാലിന്യങ്ങളും നിരവധി മൃതദേഹങ്ങളുമാണ് മഞ്ഞിനടിയില്‍ നിന്നും പുറത്ത് വരുന്നത്. എവറസ്റ്റ് കീഴടക്കാനുള്ള പരിശ്രമത്തിനിടെ മരിച്ച് വീഴുന്നവരുടെ മൃതദേഹങ്ങള്‍ പുറത്തെത്തിക്കാന്‍ ആരും പരിശ്രമിക്കാറില്ല. ഇരുന്നൂറിലധികം മൃതദേഹങ്ങളാണ് എവറസ്റ്റിലുല്‌ളത്. മഞ്ഞില്‍ പൊതിഞ്ഞ് കിടക്കുന്നതിനാല്‍ ജീര്‍ണ്ണിക്കുകയോ ദുര്‍ഗന്ധം വമിക്കുകയോ ചെയ്യുന്നില്ല. മൃതദേഹങ്ങളില്‍ വസ്ത്രങ്ങളിലെയും ഗ്ലൗസുകളിലെയും നിറം വഴി അടയാളങ്ങളായി യാത്രക്കാര്‍ പ്രയോജനപ്പെടുത്തുകയും ചെയ്തിരുന്നു.

2019 -ല്‍ പര്‍വ്വതാരോഹണത്തിനിടെയുണ്ടായ ഒരു കൊടുങ്കാറ്റില്‍ പന്ത്രണ്ടുപേരായിരുന്നു മരിച്ചത്. ഇരുനൂറോളം പര്‍വ്വതാരോഹകര്‍ ട്രാഫിക് ബ്ലോക്കില്‍ കുടുങ്ങി നില്‍ക്കുന്നതിന്റെ ചിത്രങ്ങള്‍ അന്ന് വൈറലായിരുന്നു. ഈ വര്‍ഷം ഇതുവരെ 383 പേര്‍ക്ക് എവറസ്റ്റ് കീഴടക്കാനുള്ള ക്ലൈംബിങ് ലൈസന്‍സ് നല്‍കിയ നേപ്പാളീസ് സര്‍ക്കാരും ഈ വിഷയത്തില്‍ കടുംവെട്ട് നടത്തിക്കൊണ്ടിരിക്കുകയാണ്. ഈയിനത്തില്‍ സര്‍ക്കാരിന് പിരിഞ്ഞു കിട്ടിയത് ഏതാണ്ട് 30 കോടി രൂപയാണ്. അതുകൊണ്ടുതന്നെ നേപ്പാള്‍ സര്‍ക്കാരിന് എവറസ്റ്റില്‍ നടക്കുന്ന മാലിന്യ നിക്ഷേപങ്ങള്‍ കീറാമുട്ടിയായിരിക്കുകയാണ്. ഏകദേശം ഒരു നൂറ്റാണ്ടുമുമ്പേ എവറസ്റ്റില്‍ പര്‍വ്വതാരോഹണദൗത്യങ്ങള്‍ നടന്നുവരുന്നു. ആദ്യമായി ഒരു വൃത്തിയാക്കല്‍ യജ്ഞം നടന്നത് 1996 -ലാണ്. അന്ന്, ഏകദേശം ഏഴു ടണ്ണോളം മാലിന്യങ്ങള്‍ നീക്കം ചെയ്യപ്പെട്ടിരുന്നു.

Loading...

ഐസില്‍ ഉറഞ്ഞു കിടക്കുന്ന ഒരു മൃതദേഹത്തിന് ഫലത്തില്‍ 160 കിലോഗ്രാമിലധികം ഭാരം വരും. വിദഗ്ദ്ധ പരിശീലനം സിദ്ധിച്ച നേപ്പാളി ഷെര്‍പ്പകള്‍ക്കു മാത്രമാണ് ആ മൃതദേഹങ്ങളെ താഴെ ബേസ് ക്യാമ്പിലേക്ക് എത്തിക്കാനുള്ള ശേഷിയുള്ളത്. ലക്ഷക്കണക്കിന് രൂപ ചെലവുവരുന്ന ഒരു പ്രവൃത്തിയാണ് കൊടുമുടിയില്‍ മൃതദേഹങ്ങള്‍ അടക്കമുള്ള മാലിന്യങ്ങളുടെ വൃത്തിയാക്കല്‍ നടത്തുക എന്നത്. എവറസ്റ്റ് മലിനമാക്കപ്പെടുന്നു എന്ന പരാതികള്‍ കൂടിയതോടെ 2014 മുതല്‍ വൃത്തിയാക്കാനുള്ള ചെലവിലേക്ക് മൂന്നു ലക്ഷം രൂപ കെട്ടി വെച്ചാല്‍ മാത്രമേ കയറ്റിവിടൂ എന്ന നിയമവും നേപ്പാളീസ് സര്‍ക്കാര്‍ കൊണ്ടുവന്നിരുന്നു.