മരിച്ച സ്ത്രീയില്‍ നിന്നും പൂര്‍ണ്ണ ആരോഗ്യവതിയായി കുഞ്ഞിന്റെ അത്ഭുത പിറവി

മരിച്ച സ്ത്രീയില്‍ നിന്ന് സ്വീകരിച്ച ഗര്‍ഭപാത്രത്തില്‍ നിന്ന് പൂര്‍ണ്ണ ആരോഗ്യവതിയായി കുഞ്ഞിന്റെ അത്ഭുത പിറവിയാണ് ഇന്ന് ലോകം ഉറ്റുനോക്കുന്നത്. ബ്രസിലിലെ മുപ്പത്തിരണ്ടുകാരിയായ യുവതിയാണ് രണ്ടര കിലോ ഗ്രാം ഭാരം വരുന്ന പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. യുവതിയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിടാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല. വൈദ്യശാസ്ത്രത്തിലെ ഈ പുത്തന്‍ മുന്നേറ്റം വന്ധ്യതമൂലം വിഷമിക്കുന്ന ആയിരക്കണക്കിനാളുകള്‍ക്ക് ആശ്വാസവും പ്രതീക്ഷയും നല്‍കുകയാണ്.

നിലവില്‍ 11 സ്ത്രീകള്‍ക്ക് ജീവിച്ചിരിക്കുന്ന ദാതാവില്‍നിന്ന് സ്വീകരിച്ച ഗര്‍ഭപാത്രത്തിലൂടെ ആരോഗ്യമുള്ള കുഞ്ഞ് ജനിച്ചിട്ടുണ്ട്. എന്നാല്‍ മരിച്ചയാളില്‍ നിന്ന് സ്വീകരിച്ച ഗര്‍ഭപാത്രത്തില്‍ നിന്ന് ആരോഗ്യത്തോടെ കുഞ്ഞ് ജനിക്കുന്ന ലോകത്തിലെ ആദ്യത്തെ സംഭവമാണ്. മെഡിക്കല്‍ ജേര്‍ണലായ ദ ലാന്‍സെറ്റിലാണ് വാര്‍ത്ത പുറത്ത് വിട്ടത്. പ്രസിദ്ധീകരിച്ചത്. 2016 സെപ്തംബറിലായിരുന്നു യൂണിവേഴ്സിറ്റി ഓഫ് സാവേ പോളോയിലെ ദാസ് ക്ലിനിക്കസ് ആശുപത്രിയില്‍ മരിച്ച സ്ത്രീയില്‍ നിന്നുള്ള ഗര്‍ഭപാത്രം ജീവിച്ചിരിക്കുന്ന സ്ത്രീയിലേയ്ക്ക് മാറ്റിവച്ചത്.

ജന്മനാ ഗര്‍ഭപാത്രം ഇല്ലാത്ത എംആര്‍കെഎച്ച് (മെയോര്‍ റൊക്കിസ്റ്റന്‍സി കെസ്റ്റര്‍ ഹൗസര്‍ സിന്‍ഡ്രോം) പ്രത്യേക ശാരീരികാവസ്ഥയോടെ ജനിച്ചയാളാണ് സ്വീകര്‍ത്താവ്. സ്ട്രോക്ക് വന്നു മരിച്ച 45 വയസ് പ്രായമുള്ള സ്ത്രീയുടെ ഗര്‍ഭപാത്രം 11 മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെയാണ് യുവതിയില്‍ മാറ്റിവച്ചത്. ശസ്ത്രക്രിയയ്ക്കുശേഷം രണ്ടുദിവസം യുവതിയുടെ ശരീരം ഗര്‍ഭപാത്രം അവഗണിക്കാതിരിക്കുന്നതിനുള്ള മരുന്നുകള്‍ നല്‍കിരുന്നു.

ഗര്‍ഭപാത്രം മാറ്റിവച്ച് 37-ാമത്തെ ദിവസം പ്രതീക്ഷകള്‍ നല്‍കി യുവതിക്ക് ആദ്യത്തെ ആര്‍ത്തവം ഉണ്ടായി. തുടര്‍ന്ന് ഏഴ് മാസവും ആര്‍ത്തവം ഉണ്ടായി. ഗര്‍ഭിണിയായത് അതിന് ശേഷമാണ്. പുത്തന്‍ ആശയത്തിന്റെ വിജയ തേരില്‍ വൈദ്യശാസ്ത്രമാണ് കുട്ടിയുടെ രൂപത്തില്‍ വളര്‍ന്നത്. ശസ്ത്രക്രിയയ്ക്കു വിധയമാകുന്നതിന് മുമ്പു തന്നെ യുവതിയുടെ അണ്ഡങ്ങള്‍ ശീതികരിച്ച് സൂക്ഷിച്ചിരുന്നു. തുടര്‍ന്ന് ഐവിഎഫ് വഴി ആദ്യത്തെ ശ്രമത്തില്‍ തന്നെ ഇവര്‍ ഗര്‍ഭിണിയായി. ഗര്‍ഭത്തിന്റെ എട്ടാം മാസം (35 ആഴ്ചയും മൂന്നു ദിവസവും) സിസേറിയന്‍ വഴി ഇവര്‍ പൂര്‍ണ്ണആരോഗ്യമുള്ള പെണ്‍കുഞ്ഞിന് ജന്മം നല്‍കി. കുഞ്ഞിന് 17.7 ഇഞ്ച് നീളവും രണ്ടര കിലോ ഭാരവും ഉണ്ട്.

മരണശേഷം ദാതാവില്‍നിന്ന് ഗര്‍ഭപാത്രം സ്വീകരിച്ചുകൊണ്ടുള്ള 11 ശസ്ത്രക്രിയകള്‍ നടന്നിരുന്നു എങ്കിലും ഇതില്‍ വിജയകരമായി കുഞ്ഞു ജനിച്ച ആദ്യത്തെ സംഭവമാണ് ബ്രസിലില്‍ റിപ്പോര്‍ട്ട് ചെയ്തത്. 2011-ല്‍ തുര്‍ക്കിയില്‍ ഒരു സ്ത്രീ ഗര്‍ഭം ധരിച്ചിരുന്നെങ്കിലും അലസുകയായിരുന്നു. മറ്റ് അവയവങ്ങളെ പോലെ തന്നെ മരണശേഷം ഗര്‍ഭപാത്രവും ദാനം ചെയ്യാമെന്ന അവസ്ഥ അനേകം പേര്‍ക്ക് ആശ്വാസവും പ്രതീക്ഷയുമാകുന്നുണ്ട്.

Top