ജപ്തിനടപടി ഭയന്ന് ആത്മഹത്യ… മകൾക്ക് പിന്നാലെ അമ്മയും മരിച്ചു

നെയ്യാറ്റിന്‍കര: തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ ജപ്തിനടപടി ഭയന്ന് ആത്മഹത്യക്കു ശ്രമിച്ച അമ്മയും മരിച്ചു. ഗുരുതരമായ പൊള്ളലുകളോടെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മാരായമുട്ടം സ്വദേശിനി ലേഖ(40)യാണു മരിച്ചത്. നേരത്തേ ഡിഗ്രി വിദ്യാര്‍ഥിനിയായ മകള്‍ വൈഷ്ണവി (19) മരിച്ചിരുന്നു.

സംഭവത്തില്‍ ബാങ്ക് മാനേജര്‍ക്കെതിരേ കേസെടുക്കാന്‍ തീരുമാനമായിട്ടുണ്ട്. കാനറ ബാങ്കിന്റെ നെയ്യാറ്റിന്‍കര മാരായമുട്ടം ബ്രാഞ്ച് മാനേജര്‍ക്കെതിരെയാണ് കേസെടുക്കുക. ബാങ്കിന്റെ നടപടിയെ വിമര്‍ശിച്ച് ധനമന്ത്രി തോമസ് ഐസക്ക് അടക്കമുള്ളവര്‍ രംഗത്തുവന്നിരുന്നു.

Loading...

പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ എല്ലാ ബാങ്കുകളോടും ജപ്തി നടപടികള്‍ താത്കാലികമായി നിര്‍ത്തിവെയ്ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നേരത്തേ ആവശ്യപ്പെട്ടിരുന്നു.

മാരായമുട്ടം മലയിക്കടയിലാണ് ദാരുണസംഭവം നടന്നത്. കനറ ബാങ്കിന്റെ നെയ്യാറ്റിന്‍കര ബ്രാഞ്ചില്‍ നിന്ന് പതിനഞ്ച് വര്‍ഷം മുമ്പ് ഇവരുടെ കുടുംബം അഞ്ചു ലക്ഷം രൂപയോളം വായ്പയെടുത്തിരുന്നു.

പലിശ സഹിതം ഇതിപ്പോള്‍ ആറ് ലക്ഷത്തി എണ്‍പതിനായിരം രൂപയായിട്ടുണ്ട്. ഇവരുടെ ഭര്‍ത്താവിന് വിദേശത്ത് ജോലിയുണ്ടായിരുന്നു. ആ ജോലി നഷ്ടപ്പെട്ടതോടെ കുടുംബം ആകെ സാമ്പത്തിക പ്രതിസന്ധിയിലായി. ഇവരിപ്പോള്‍ മരപ്പണിക്കാരനാണ്.