വെസ്റ്റ്പാംബീച്ച് (ഫ്ലോറിഡ): മാതാപിതാക്കള്‍ തമ്മില്‍ മകന്റെ സുന്നത്തിനെ പറ്റിയുള്ള അഭിപ്രായ വ്യത്യാസത്തിനൊടുവില്‍ മാതാവ് അറസ്റ്റിലായി. ഫ്ലോറിഡയിലെ വെസ്റ്റ് പാം ബീച്ച് നിവാസിയായ ഹെതര്‍ ഹിറോണിമസ് ആണ് അറസ്റ്റിലായത്. കോടതി ഉത്തരവ് ഉണ്ടായിട്ടും മാതാവ് മകന്റെ സുന്നത്തുമായി സഹകരിക്കാന്‍ കൂട്ടാക്കാഞ്ഞതിനാലാണ് അറസ്റ്റ് എന്ന് പോലീസ് അറിയിച്ചു. വ്യാഴാഴ്ച (മെയ് 14)യായിരുന്നു അറസ്റ്റ്.

ഹെതറും ഭര്‍ത്താവായ ഡെന്നിസ് നെബസും തമ്മില്‍ ഇവരുടെ 4 വയസ് പ്രായമുള്ള കുട്ടിയുടെ സുന്നത്ത് നടത്തുന്നതിനെ പറ്റി തര്‍ക്കിച്ചിരുന്നു. ഈ അഭിപ്രായവ്യത്യാസം കുട്ടി ഉണ്ടാകുന്നതിനു മുമ്പേ തുടങ്ങിയിരുന്നു. മുസ്ലീം മതവിശ്വാസിയായ ഭര്‍ത്താവിന് സുന്നത്ത് നടത്തണമെന്നുള്ള പിടിവാശിയും ഹെതറിന് അതു വേണ്ടാ എന്നുള്ള തീരുമാനവുമായിരുന്നു. എന്നാല്‍ 2012-ല്‍ ഹെതറും സുന്നത്തു നടത്തുവാന്‍ ചെറുതായി സമ്മതം മൂളി. പക്ഷെ കാര്യത്തോടടുത്തപ്പോള്‍ ഹെതര്‍ ഒഴിഞ്ഞുമാറുകയും ഡെന്നീസുമൊത്തുള്ള ജീവിതം അവസാനിപ്പിക്കുകയും ചെയ്തു.

Loading...

തുടര്‍ന്ന് ഈ അഭിപ്രായവ്യത്യാസം കോടതിയില്‍ എത്തുകയും ഒരു വര്‍ഷത്തോളം ഇവര്‍ കോടതിയില്‍ പോരടിക്കുകയും ചെയ്തു. ഒടുവില്‍ മെയ് 14, 2014-ല്‍ പാം ബീച്ച് കൗണ്ടി ജഡ്ജി ഡെന്നീസിന് അനുകൂലമായി കേസ് വിധിച്ചു. മകന്റെ സുന്നത്ത് നടത്തിക്കൊള്ളുവാനുള്ള അനുവാദം കോടതി നല്‍കി. പിന്നീട് മാര്‍ച്ച് 2015-ല്‍ ഹെതറിനോട് കുട്ടിക്ക് സുന്നത്തു നടത്താനുള്ള തീയതി കുറിച്ചു കൊണ്ടുവരുവാന്‍ കോടതി ഉത്തരുവുമിട്ടു. എന്നാല്‍ ഹെതര്‍ ഒരിക്കലും കോടതിയിലേക്ക് മടങ്ങിയില്ല. തുടര്‍ന്നാണ് ഇവരെ അറസ്റ്റ് ചെയ്യാനുള്ള വാറന്റ് പുറപ്പെടുവിച്ചതും അറസ്റ്റ് നടന്നതും.

അതോടൊപ്പം കഴിഞ്ഞമാസം ഹെതര്‍ ഭര്‍ത്താവിനും വിധി പ്രഖ്യാപിച്ച ജഡ്ജിക്കുമെതിരെ ഫെഡറല്‍ കോടതിയില്‍ കേസ് കൊടുത്തിരുന്നു. തന്റെ കുട്ടിക്ക് ഇത്തരമൊരു സുന്നത്തു നടത്തുവാനുള്ള ആരോഗ്യപരമായ പ്രശ്നങ്ങള്‍ ഒന്നുമില്ലെന്നും കുട്ടിയില്‍ സുന്നത്ത് നടത്തിയാല്‍ കുട്ടിക്ക് അപകടം സംഭവിക്കുമോ എന്ന് തനിക്ക് ഭയമാണെന്നുമായിരുന്നു പരാതിയില്‍ പറഞ്ഞിരുന്നത്. കൂടാതെ കുട്ടിയുടെ മാനസിക വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കുമെന്നും അവര്‍ പരാതിയില്‍ ബോധിപ്പിച്ചിരുന്നു. ആ കേസില്‍ ഇതുവരെ തീരുമാനങ്ങള്‍ ഒന്നുമായിട്ടില്ല.

അറസ്റ്റ് ചെയ്യപ്പെട്ട ഹെതര്‍ ഇപ്പോള്‍ ബ്രൊവാര്‍ഡ് കൗണ്ടി ജയിലിലാണുള്ളത്.