അമ്മയുടെ മൃതദേഹം തോളില്‍ ചുമന്ന് നാല് പെണ്‍മക്കള്‍

Loading...

ഭുവനേശ്വര്‍: ഭാര്യയുടെ മൃതദേഹം വീട്ടിലെത്തിക്കാന്‍ പണമില്ലാതെ കിലോമീറ്ററുകളോളം ചുമന്ന ദാന മാഞ്ചിയുടെ ചിത്രം കണ്ണില്‍ നിന്ന് മറഞ്ഞിട്ടില്ല. ഇതിന് പിന്നാലെ മറ്റൊരു ദുരന്ത കാഴ്ച കൂടി മുന്നിലെത്തുകയാണ്. ദാന മാഞ്ചിയുടെയും വൃദ്ധയുടെ മൃതദേഹം ഒടിച്ചുമടക്കി മുളങ്കമ്പില്‍ ചുമന്ന കാഴ്ചയും കണ്ട അതേ ഒഡീഷയില്‍നിന്ന്.ദാന മാഞ്ചിയുടെ കളഹന്ദിയില്‍ നിന്നാണ് പുതിയ കാഴ്ചയും പുറംലോകത്തേക്ക് എത്തുന്നത്. അമ്മയുടെ മൃതദേഹം നാലു പെണ്‍മക്കള്‍ ചേര്‍ന്ന് തോളിലേറ്റി ശ്മശാനത്തിലേക്ക് കൊണ്ടുപോകുന്നതാണ് പുതിയ ചിത്രം. ആംബുലന്‍സ് വിളിക്കാന്‍ കൈയ്യില്‍ പണമില്ലാത്തതുകൊണ്ടും സഹായത്തിന് ആരെയും കിട്ടാത്തതുകൊണ്ടും നാല് പെണ്‍മക്കള്‍ അമ്മയുടെ മൃതദേഹം തോളിലേറ്റി ചുമന്നു.വെള്ളിയാഴ്ച രാത്രിയാണ് എണ്‍പതുകാരിയായ കനക് സത്പതി മരിച്ചത്. തുടര്‍ന്ന് മരണാനന്തര കര്‍മ്മങ്ങള്‍ക്കായി അയല്‍വാസികളേയും ബന്ധുക്കളേയും മക്കള്‍ സമീപിച്ചു. എന്നാല്‍ സഹായിക്കാന്‍ ആരും തയ്യാറായില്ല. മൃതദേഹം സ്മശാനത്തിലെത്തിക്കണമെങ്കില്‍ ആംബുലന്‍സ് വിളിക്കണം. ഇതിനും കൈയ്യില്‍ പണമുണ്ടായിരുന്നില്ല.

നേരം പുലരുന്നതുവരെ നാല് പെണ്‍മക്കളും മൃതദേഹത്തിന് കാവലിരുന്നു. വെളിച്ചം വീണപ്പോള്‍ ചെറിയ കട്ടിലില്‍ മൃതദേഹവും കിടത്തി അവര്‍ ശ്മശാനം വരെ ചുമന്നു. ശ്മശാനത്തിലെത്തിച്ച അമ്മയുടെ മൃതദേഹത്തിന് മൂത്ത മകള്‍ പങ്കജിനി തീ കൊളുത്തിയത്. ചിതയൊരുക്കാന്‍ വിറക് വാങ്ങാനും ഇവര്‍ക്ക് ശേഷിയുണ്ടായിരുന്നില്ല. സ്വന്തം വീടിന്റെ മേല്‍ക്കൂരയിലെ പലകകള്‍ ഉപയോഗിച്ചാണ് ചിത തയ്യാറാക്കിയത്.ദോക്രിപാഡ ഗ്രാമത്തില്‍ ഭിക്ഷയെടുത്തായിരുന്നു നാല് പെണ്‍മക്കളടങ്ങുന്ന കുടുംബത്തെ കനക് സത്പതി പോറ്റിയത്. മൂന്ന് മക്കള്‍ വിധവകളാണ്. നാലാമത്തെ യുവതിയെ ഭര്‍ത്താവ് ഉപേക്ഷിച്ചു. ഉപജീവനമാര്‍ഗ്ഗങ്ങള്‍ ഇല്ലാത്തതിനാല്‍ കനകും കുടുംബവും ഭിക്ഷയെടുത്താണ് ജീവിച്ചത്. ഭിക്ഷയാചിച്ച് ജീവിക്കുന്നതിനാല്‍ കനകിനേയും കുടുംബത്തേയും അയല്‍ക്കാരും ബന്ധുക്കളും സമൂഹത്തില്‍ നിന്നും അകറ്റിനിര്‍ത്തി. ശവ സംസ്‌കാര കര്‍മ്മങ്ങള്‍ക്കായി സംസ്ഥാന സര്‍ക്കാരിന്റെ ഹരിചന്ദ്ര യോജന പദ്ധതി നിലവില്‍ ഉണ്ട്. എന്നാല്‍ പദ്ധതിയുടെ പ്രയോജനം ആര്‍ക്കും ലഭിക്കുന്നില്ല.

Loading...