വിശന്നു വലഞ്ഞു കരഞ്ഞ കുഞ്ഞിനെ അമ്മ കഴുത്ത് ഞെരിച്ചു കൊന്നു

നോയിഡ: വിശന്നു വലഞ്ഞു കരഞ്ഞ എട്ടു മാസം പ്രായമുള്ള കുഞ്ഞിനെ ശ്വാസം മുട്ടിച്ചു കൊന്ന അമ്മ അറസ്റ്റിൽ. ഉത്തർപ്രദേശിലെ നോയിഡയിലാണ് സംഭവം.

കുഞ്ഞ് വിശന്ന് കരയുകയായിരുന്നുവെന്നും ഭക്ഷണം വാങ്ങാൻ പണമില്ലാതിരുന്നതിനാൽ നിരാശയായ താൻ കുഞ്ഞിനെ ഷാൾ ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് അമ്മ പോലീസിന് മൊഴി നൽകിയത്.

Loading...

ഉപേക്ഷിക്കപ്പെട്ട നിലയിൽ കുട്ടിയുടെ അഴുകിയ മൃതശരീരം പോലീസ് കണ്ടെത്തിയതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. നോയിഡയിലെ ഗോപാൽഗാഹ് ഗ്രാമത്തിലെ റോത്താഷ് എന്നയാളുടെ ഭാര്യ ഹേമ (26) ആണ് മകൻ ദീപകിനെ (എട്ട് മാസം) കൊലപ്പെടുത്തിയത്.

വീടിന് സമീപത്തുള്ള തൊഴുത്തിന് സമീപം ചാക്കിലാക്കിയ നിലയിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. മകനെ കാണാനില്ലെന്ന് ഹേമ വീട്ടുകാരെ അറിയിച്ചിരുന്നു. ഇതനുസരിച്ച് ഹേമയും ഭർത്താവും പോലീസിൽ മകനെ കാണാനില്ലെന്ന് കാണിച്ച് പരാതി നൽകി.

കുട്ടിയുടെ തിരോധാനത്തെപ്പറ്റി അന്വേഷിക്കാനായി പോലീസ് ഇവരുടെ വീട്ടിലെത്തിയപ്പോൾ വീടിന് സമീപത്തുനിന്ന് വരുന്ന ദുർഗന്ധം ശ്രദ്ധയിൽപ്പെട്ടു. ഇതേ പറ്റി അന്വേഷിക്കാനായി വീടിന്റെ പരിസരം പരിശോധിച്ചപ്പോൾ കുട്ടിയുടെ മൃതശരീരം പോലീസ് കണ്ടെത്തുകയായിരുന്നു.

മൃതദേഹം കണ്ടെത്തിയതോടെ കുട്ടി കട്ടിലിൽ നിന്ന് വീണ് മരിച്ചുവെന്നാണ് ഹേമ പോലീസിനോടും ബന്ധുക്കളോടും ആദ്യം പറഞ്ഞത്. എന്നാൽ കുട്ടിയുടെ കഴുത്തിൽ പാട് കണ്ടെത്തിയതോടെ പോലീസ് ഹേമ ഉൾപ്പെടെ ബന്ധുക്കളെയെല്ലാം ചോദ്യം ചെയ്തു. ഒടുവിൽ താൻ മകനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് ഹേമ പോലീസിനോട് സമ്മതിച്ചു.