മദറിന്റെ ഓർമയ്‌ക്കായി ഇന്ത്യൻ തപാൽ വകുപ്പ് സ്‌‌റ്റാമ്പ് പുറത്തിറക്കുന്നു

കാരുണ്യത്തിന്‍റെ അമ്മയായ വാഴ്ത്തപ്പെട്ട മദര്‍ തെരേസായുടെ വിശുദ്ധപദ പ്രഖ്യാപനം 2016 സെപ്റ്റംബര്‍ 4-ാം തീയതി റോമില്‍ വച്ച്.

മുബൈ : വത്തിക്കാനിൽ സെപ്‌റ്റംബർ നാലിന് മദർ തെരേസയെ വിശുദ്ധയായി പ്രഖ്യാപിക്കുന്ന ചടങ്ങുമായി ബന്ധപ്പെട്ട് ഇന്ത്യൻ പോസ്‌റ്റ് മദറിന്റെ ഓർമയ്‌ക്കായി സ്‌റ്റാമ്പ് പുറത്തിറക്കുന്നു. കേന്ദ്ര വാർത്താവിനിമയ സഹമന്ത്രി മനോജ് സിൻഹ മുംബയിലെ ഡിവൈൻ ചൈൽഡ് ഹൈസ്‌കൂൾ ഓഡിറ്രോറിയത്തിൽ ചീഫ് പോസ്‌റ്ര് മാസ്‌റ്റർ ജനറലിന്റെ (മഹാരാഷ്‌ട്ര – ഗോവ സർക്കിൾ )സാന്നിദ്ധ്യത്തിൽ സ്‌റ്റാമ്പ് പുറത്തിറക്കും. മനുഷ്യരാശിക്കു വേണ്ടി അനുകരണീയമായ സേവനങ്ങൾ നടത്തിയിട്ടുള്ള നോബൽ സമ്മാന ജേതാവു കൂടിയായ മദറിനോടുള്ള ബഹുമാനവും ആദരവും കൊണ്ടാണ് സ്‌റ്റാമ്പ് പുറത്തിറക്കുന്നതെന്ന് അധികൃതർ പറയുന്നു.”തപാൽ വകുപ്പിന്റെ ഉപദേശക സമിതിയാണ് മദറിനോടുള്ള ആദരവിന്റെ ഭാഗമായി സ്‌റ്റാമ്പ് പുറത്തിറക്കാൻ തീരുമാനിച്ചത്.

സെപ്‌റ്റംബർ നാല് ഇന്ത്യയെ സംബന്ധിച്ചടുത്തോളം പ്രധാനപ്പെട്ട ദിവസമാണ്. മറ്റു രാജ്യങ്ങളും ശ്രേഷ്‌‌ഠയായ ഒരു വനിതയെ ആദരിക്കുന്ന ദിവസം.”- തപാൽ വകുപ്പ് അധികൃതർ പറയുന്നു.ചടങ്ങിന്റെ ഔദ്യോഗിക ചിഹ്നമായി മുബയ് സ്വദേശിയായ കരൺ വാസ്‌വാനി രൂപകൽപ്പന ചെയ്‌ത ലോഗായാണ് വത്തിക്കാൻ തിരഞ്ഞെടുത്തിരിക്കുന്നത്. കൈയിലിരിക്കുന്ന കുഞ്ഞിനെ സ്‌നേഹത്തോടെ നോക്കി നിൽക്കുന്ന മദറിന്റെ രൂപമാണ് അതിലുള്ളത്.