പുഴയില്‍ വീണ് കുഞ്ഞ് മരിച്ച സംഭവം: തന്നെയും കുഞ്ഞിനെയും ഭര്‍ത്താവ് തള്ളിയിട്ടതെന്ന് ഭാര്യയുടെ മൊഴി

കണ്ണൂര്‍: പാനൂര്‍ പാത്തിപ്പാലത്ത് അമ്മക്കൊപ്പം പുഴയില്‍ വീണ കുഞ്ഞ് മരിച്ചു. ഒന്നര വയസ്സുകാരി അന്‍വിതയാണ് മരിച്ചത്. മാതാവ് സോനയെ രക്ഷപ്പെടുത്തി. കൊല്ലേരി യു.പി സ്കൂളിലെ അധ്യാപികയാണ് സോന. ഭര്‍ത്താവ് ഷിജു പുഴയില്‍ തള്ളിയിട്ടതാണെന്ന് സോന പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

തലശ്ശേരി കോടതിയിലെ ജീവനക്കാരനാണ് ഭര്‍ത്താവ് ഷിജു. ഇയാളൊടൊപ്പം ബൈക്കിലാണ് സോനയും മകളും പുഴക്കരയില്‍ എത്തിയത്. ബൈക്ക് പുഴയുടെ സമീപത്ത് നിന്നും കണ്ടെടുത്തു. ഷിജുവിനെ കണ്ടെത്തിയിട്ടില്ല.

Loading...

രാത്രി ഏഴരയോടെ വളള്യായി റോഡില്‍ ചാത്തന്‍മൂല വാട്ടര്‍ ടാങ്കിനോട് ചേര്‍ന്ന ഭാഗത്താണ് സംഭവം. സോനയുടെ കരച്ചില്‍ കേട്ടാണ് നാട്ടുകാര്‍ ഇവിടേക്ക് ഓടിയെത്തിയത്. പുഴയില്‍ മുങ്ങിത്താഴുന്ന സോനയെ ആദ്യം രക്ഷപെടുത്തി കരക്കെത്തിച്ചു. പിന്നീടാണ് കുഞ്ഞും പുഴയില്‍ മുങ്ങിയ വിവരം അറിയുന്നത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കുഞ്ഞിന്‍റെ മൃതദ്ദേഹം കണ്ടെത്തുകയായിരുന്നു.

കുഞ്ഞിന്റെ മൃതദേഹം കൂത്തുപറമ്ബ് ഗവ ആശുപത്രിയിലേക്ക് മാറ്റി. ഷിജുവിനുവേണ്ടിയുള്ള അന്വേഷണം തുടരുകയാണ്. ഇയാളുടെ മൊബൈല്‍ ഫോണ്‍ സ്വിച്ച്‌ ഓഫായ നിലയിലാണ്.