മദർ തെരേസ ഇന്നുമുതൽ വിശുദ്ധ, വത്തിക്കാനിൽ ചടങ്ങുകൾ പുരോഗമിക്കുന്നു

വത്തിക്കാൻ: മദർ തെരേസയേ വിശുദ്ധയാക്കി പ്രഖ്യാപിക്കാൻ വത്തിക്കാൻ ഒരുങ്ങി. ഇവിടെ ചടങ്ങുകൾക്ക് സാക്ഷ്യം വഹിക്കാൻ എത്തിയത് അധികവും മലയാളികളാണ്‌. ചടങ്ങുകൾ പലതും മലയാള തനിമയിൽ. ശനിയാഴ്ച രാവിലെ വിശുദ്ധ പ്രഖ്യാപന നടപടിക്രമങ്ങള്‍ ആരംഭിച്ചു. സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിലെ മാര്‍പാപ്പയുടെ പ്രഭാഷണം സാധാരണ നടക്കുക ബുധനാഴ്ചയാണ്. എന്നാല്‍, മദര്‍ തെരേസയുടെ നാമകരണച്ചടങ്ങ് പ്രമാണിച്ച് ശനിയാഴ്ച മാര്‍പാപ്പ  പ്രത്യേകമായി ആള്‍ക്കൂട്ടത്തെ അഭിസംബോധന ചെയ്യാനെത്തി. സെന്റ് പീറ്റേഴ്‌സ്  ചത്വരത്തില്‍ പ്രാദേശികസമയം രാവിലെ പത്തുമണിയോടെയാണ് പാപ്പയെത്തിയത്. പാപ്പയുടെ വരവറിയിച്ചത് ഹിന്ദിയിലായിരുന്നു. അതുപറഞ്ഞതാകട്ടെ  മലയാളിയും. തിരുവല്ല സ്വദേശിനി ഡാലിയ.

മാര്‍പാപ്പയെ സ്വാഗതംചെയ്തുകൊണ്ടുള്ള പ്രസംഗങ്ങളില്‍ മലയാളവുമുണ്ടായിരുന്നു. യെമനിലെ ഏദനില്‍ മിഷണറീസ് ഓഫ് ചാരിറ്റി സന്ന്യാസസമൂഹത്തില്‍ പ്രവര്‍ത്തിക്കുന്ന മലയാളിയായ സിസ്റ്റര്‍ സാലി മലയാളത്തില്‍ മാര്‍പാപ്പയ്ക്ക്  സ്വാഗതം പറഞ്ഞു. ഉഷാ ഉതുപ്പിന്റെ ഇംഗ്‌ളീഷിലുള്ള പ്രാര്‍ഥനയും ഉണ്ടായിരുന്നു. ഇറ്റാലിയനിലാണ് മാര്‍പാപ്പ സംസാരിച്ചത്.വിശുദ്ധപ്രഖ്യാപനത്തിനുമുന്നോടിയായി ബുധനാഴ്ച മുതല്‍ ഇന്ത്യന്‍ കലാപരിപാടികളും മറ്റും ആരംഭിച്ചിട്ടുണ്ട്. ഒളിമ്പിക്  സ്റ്റേഡിയത്തില്‍ ഗായിക ഉഷാ ഉതുപ്പിന്റെ ഗാനമേളയും ഇറ്റലിക്കാരുടെ ഇന്ത്യന്‍ നൃത്തവും അരങ്ങേറി.

ഇന്ന് 11 മണിക്കാണ്‌ ചടങ്ങുകൾ നടക്കുക. ഇന്നു മുതൽ വിശുദ്ധപദവിയിലേക്ക് മദർ ഉയർത്തപ്പെടുന്നതോടെ വിശ്വാസികൾക്ക് ഇനി മദർ മധ്യസ്ഥയാകും.