കുഞ്ഞിന്റെ കരച്ചില്‍ അസഹ്യമായി; കുഞ്ഞിനെ അമ്മ കിണറ്റിലെറിഞ്ഞ് കൊന്നു

ആലപ്പുഴ. കരച്ചില്‍ അസഹ്യമായതിാല്‍ അമ്മ 48 ദിവസം മാത്രം പ്രായമുള്ള പെണ്‍കുഞ്ഞിനെ കിണറ്റിലെറിഞ്ഞ് കൊന്നു. ഹരിപ്പാട് തുലാമ്പറമ്പ് വടക്ക് മണ്ണാറപ്പുഴഞ്ഞിയില്‍ ദീപ്തിയാണ് കുട്ടിയെ സ്വന്തം വീട്ടിലെ കിണറ്റില്‍ എറിഞ്ഞ് കൊന്നത്.

കുഞ്ഞ് നൂല് കെട്ടിന് ശേഷം തുടര്‍ച്ചയായി കരയാറുണ്ടെന്നും അത് തനിക്ക് വലിയ അസ്വസ്ഥതയാണ് ഉണ്ടാക്കുന്നതെന്നും ദീപ്തി പോലീസിനോട് പറഞ്ഞു. ശനിയാഴ്ച കുട്ടി നിര്‍ത്താതെ കരഞ്ഞപ്പോഴാണ് ദീപ്തി കുട്ടിയെ കിണറ്റിലെറിഞ്ഞത്.

Loading...

മാനസികാസ്വാസ്ഥം പ്രകടിപ്പിച്ച ദീപ്തിയെ കൗണ്‍സിലിങ്ങിന് വിധേയയാക്കിയ ശേഷം മെഡിക്കല്‍ കോളേജ് മാനസികാരോഗ്യ വിഭാഗത്തില്‍ നിരീക്ഷണത്തിലാണ്. കുഞ്ഞിനെ കൊന്നതാണെന്ന് വ്യക്തമായതോടെ കൊലക്കുറ്റത്തിന് കേസ് എടുത്തു പോലീസ്. ആശുപത്രി വിടുന്നതോടെ ദീപ്തിയെ പോലീസ് അറസ്റ്റ് ചെയ്യും.

ശനിയാഴ്ച ഉച്ചയോടെയാണ് കുഞ്ഞിനെ ആശുപത്രിയില്‍ എത്തിക്കുന്നത്. ആശുപത്രിയില്‍ എത്തിക്കുമ്പോള്‍ കുട്ടി മരിച്ചിരുന്നു. കുളിപ്പിക്കുന്നതിനിടെ പ്ലാസ്റ്റിക് പാത്രത്തില്‍ വീണതാണെന്ന് ബന്ധുക്കള്‍ പറഞ്ഞിരുന്നത്. എന്നാല്‍ ഡോക്ടറിന് സംശയം തോന്നിയതോടെയാണ് പോലീസില്‍ വിവരം അറിയിക്കുന്നത്.

കുഞ്ഞിന്റെ മൃതദേഹം വണ്ടാനം മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി. വിശദമായ ചോദ്യം ചെയ്യലില്‍ ദീപ്തി കുറ്റം സമ്മതിച്ചു.