14-കാരനെ തട്ടിക്കൊണ്ട് പോയതിന് പിന്നില്‍ അമ്മയുടെ പണമിടപാട്

കൊല്ലം. കൊട്ടിയത്ത് 14-കാരനെ തട്ടിക്കൊണ്ട് പോയതിന് പിന്നില്‍ അമ്മ നടത്തിയ സാമ്പത്തിക ഇടപാടെന്ന് പോലീസ്. സംഭവത്തില്‍ കുട്ടിയുടെ അമ്മ ഉള്‍പ്പടെയുള്ളവരെ പോലീസ് ചോദ്യം ചെയ്യും. കുട്ടിയുടെ അമ്മ പലരില്‍ നിന്നുമായി ലക്ഷക്കണക്കിന് രൂപ കടം വാങ്ങിയിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്. ഇത് തിരികെ ലഭിക്കാതെ വന്നതോടെ കുടുംബത്തെ സമ്മര്‍ദ്ധത്തിലാക്കി പണം തിരികെ മേടിക്കുവനാണ് സംഘം ശ്രമിച്ചത്. കേസില്‍ പ്രധാന പങ്കുള്ള ഫിസിയോതെറാപ്പസ്റ്റിനെ പോലീസ് കസ്റ്റഡിയിലെടുത്തു.

കുട്ടിയെ വീട്ടില്‍ നിന്നും കടത്തിക്കൊണ്ട് പോയ സംഘത്തിലെ ഒരാളെ പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. കന്യാകുമാരി സ്വദേശി ബിജുവാണ് പോലീസ് പിടിയിലായത്. കൊട്ടിയം കണ്ണനല്ലൂര്‍ കിഴവൂര്‍ ഫാത്തിമാ മന്‍സിലില്‍ ആസാദ് ഷീജ ദമ്പതികളുടെ മകന്‍ ആഷിക്കിനെ കഴിഞ്ഞദിവസം കാറിലെത്തിയ സംഘം തട്ടിക്കൊണ്ട് പോകുകയായിരുന്നു. കേസില്‍ തഴുത്തല സ്വദേശി ഫിസിയോതെറപ്പിസ്റ്റുമായ സെയ്ഫിനെയാണ് കൊട്ടിയം പോലീസ് ഇന്നലെ കസ്റ്റഡിയിലെടുത്തത്.

Loading...

ഷീജയുടെ തഴുത്തലയിലെ കുടുംബവീടിന്റെ അയല്‍ വാസികളാണ് സെയ്ഫിന്റെ കുടുംബം. സെയ്ഫാണ് കുട്ടിയെ തട്ടിക്കൊണ്ട് പോകുവാന്‍ തമിഴ്‌നാട്ടില്‍ നിന്നുള്ള സംഘത്തിന് ഒരു ലക്ഷം രൂപ കൊടുത്തത്. കൂട്ടിയെ വീട്ടില്‍ കയറി പിടിച്ച് കാറില്‍ കയറ്റിയ ശേഷം ക്ലോറോഫോം ഉപയോഗിച്ച് മയക്കിയാണ് തട്ടിക്കൊണ്ട് പോയതെന്ന് പോലീസ് സംശയിക്കുന്നു. ഷീജയ്ക്ക് സെയ്ഫിന്റെ അമ്മയുമായി വലിയ സാമ്പത്തിക ഇടപാടുകള്‍ ഉണ്ടായിരുന്നു.

പലരുടെ അടുത്തുനിന്നുമായി കടം വാങ്ങിയ പണം കുട്ടിയുടെ അമ്മ പലര്‍ക്കായി പലിശയ്ക്ക് നല്‍കി. എന്നാല്‍ പണം തിരികെ നല്‍കുവാന്‍ ഇവര്‍ക്ക് കഴിഞ്ഞില്ല. പണം തിരികെ ചോദിച്ചതിനെ തുടര്‍ന്ന് സെയ്ഫിന്റെ അമ്മയും ഷീജയും തമ്മില്‍ തര്‍ക്കം ഉണ്ടായി. മൂന്ന് മാസം മുമ്പ് സെയ്ഫിന്റെ വിവാഹം നടന്നപ്പോഴും പണം തിരികെ നല്‍കിയില്ല. പാറശാല സ്വദേശിയായ മറ്റൊരു ഫിസിയോതെറാപ്പിസ്റ്റില്‍ നിന്നും ഷീജ പണം വാങ്ങിയതായി പോലീസ് പറയുന്നു. ഇതിന് ഇടനില നിന്നത് സെയ്ഫാണ്.