എംപിമാര്‍ ഗാന്ധി പ്രതിമയ്ക്കുമുന്നില്‍ ചിക്കന്‍ തന്തൂരി കഴിച്ചു; വിമര്‍ശനവുമായി ബിജെപി

ന്യൂഡല്‍ഹി. പാര്‍ലമെന്റില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്ത എംപിമാരുടെ രാപകല്‍ പ്രതിഷേധത്തിനിടെ ഗാന്ധിപ്രതിമയ്ക്ക് മുന്നില്‍ ചിക്കന്‍ തന്തൂരി കഴിച്ചതിനെ വിമര്‍ശിച്ച് ബിജെപി നേതാവ് ഷെഹ്‌സാദ് പൂനാവാല.

ഗാന്ധപ്രതിമയ്ക്ക് മുന്നില്‍ പ്രതിഷേധ സമരം നടത്തുന്ന എംപിമാര്‍ ചിക്കന്‍ തന്തൂരി കഴിച്ചതായി പല മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തു. മാംസാഹരത്തോടുള്ള ഗാന്ധിജിയുടെ എതിര്‍പ്പ് ഇവര്‍ക്കറിയില്ലെ. ഇത് പിക്‌നിക് ആണോ പ്രതിഷേധമാണോ എന്ന് അദ്ദേഹം ചോദിച്ചു.

Loading...

പ്രതിഷേധ സമരം നടത്തുന്ന എംപിമാര്‍ക്ക് ഭക്ഷണം എത്തിക്കുന്നത് ഓരോ പാര്‍ട്ടികളാണ്. ബുധനാഴ്ച അത്താഴം എത്തിച്ചത് തൃണമൂല്‍ കോണ്‍ഗ്രസായിരുന്നു. ചിക്കന്‍ തന്തൂരിയും റോട്ടിയും ദാലും പനീറുമായിരുന്നു വിഭവങ്ങള്‍. ഇതിനെയാണ് ഷെഹ്‌സാദ് പൂനാവാല വിമര്‍ശിക്കുന്നത്.

പകല്‍ സമയത്തെ കടുത്ത ചൂടും രാത്രിയിലെ കൊതുക് ശല്യവും വകവയ്ക്കാതെയാണ് എംപിമാരുടെ സമരം. ടെന്റ് കെട്ടുവാന്‍ അനുമതി ലഭിക്കാത്തതിനാല്‍ തുറന്ന പ്രദേശത്താണ് സമരം നടത്തുന്നത്. മഴയുണ്ടായപ്പോള്‍ മാത്രം പാര്‍ലമെന്റിന്റെ പ്രധാന കവാടത്തിലേക്ക് പ്രതിഷേധം മാറ്റിയിരുന്നു. ബുധനാവ്ച തുടങ്ങിയസമരം വെള്ളിയാഴ്ച അവസാനിക്കും.