കേരളക്കര ഒന്നായി കൈകോര്‍ത്തു; മുഹമ്മദിന് 18 കോടിയുടെ മരുന്ന് കുത്തിവെച്ചു

കണ്ണൂര്‍:കേരളക്കര ഒന്നാകെ കൈകോര്‍ത്ത് 18 കോടി സമാഹരിച്ച് നല്‍കിയ ഒന്നര വയസ്സുകാരന്‍ മുഹമ്മദിന് മരുന്ന് കുത്തിവെച്ചു. മാട്ടൂല്‍ സ്വദേശിയായ ഈ കുരുന്നിനായ് നാടൊന്നാകെ കൈകോര്‍ത്താണ് 18 കോടി സ്വരൂപിച്ചത്. കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ സോള്‍ ജെന്‍സ്മ എന്ന ജീന്‍ തെറാപ്പി മരുന്നാണ് കുഞ്ഞു മുഹമ്മദിന് കുത്തിവെച്ചത് .പീഡിയാട്രിക് ന്യൂറോളജിസ്റ്റ് ഡോ. സ്മിലു മോഹന്‍ലാലിന്റെ മേല്‍നോട്ടത്തിലാണ് മുഹമ്മദിന്‍റെ ചികിത്സ പുരോഗമിക്കുന്നത്.

കുറച്ചു ദിവസത്തെ നിരീക്ഷണത്തിനു ശേഷമേ ചികിത്സാ പുരോഗതി വിലയിരുത്താനാകൂവെന്നാണ് ആശുപത്രി അധികൃതര്‍ അറിയിച്ചത്. മൂന്നു മാസത്തിനകം മരുന്നിന്റെ ഫലം മുഹമ്മദിന്റെ ശരീരത്തില്‍ പ്രകടമായിത്തുടങ്ങുമെന്നാണു പ്രതീക്ഷ. ലോകത്തിലെ ഏറ്റവും വിലകൂടിയ മരുന്നുകളിലൊന്നായ സോള്‍ ജെസ്മ കഴിഞ്ഞ ദിവസമാണ് യുഎസില്‍ നിന്നെത്തിച്ചത്. മരുന്നിന്റെ ഇറക്കുമതിക്കായി ജിഎസ്ടിയും കസ്റ്റംസ് ഡ്യൂട്ടിയും അടക്കമുള്ള നികുതികള്‍ കേന്ദ്ര സര്‍ക്കാര്‍ ഒഴിവാക്കിയിരുന്നു.

Loading...