ചേലോൽത് ശരിയാകും, ചേലോൽത് ശരിയാകില്ല: ഫായിസിന് മിൽമ റോയൽറ്റി നൽകി

കിഴിശേരി: ചെലോര്‍ത് റെഡിയാവും ചെലോര്‍ത് റെഡിയാവൂല്ല.. ഒരു നിമിഷം മതി ജീവിതം മാറ്റി മറിക്കാൻ മതിയെന്ന വാക്കുകൾ അന്വർത്ഥമാക്കിയിരിക്കുകയാണ് മലപ്പുറം കിഴിശേരിയിലെ മുഹമ്മദ് ഫായിസ്. കടലാസുകൊണ്ട് പൂക്കളുണ്ടാക്കാൻ ശ്രമിച്ച വീഡിയോയിലൂടെ സമൂഹമാധ്യമങ്ങളില്‍ വൈറലായ ഫായിസിന് സമ്മാനങ്ങളുമായി മിൽമ എത്തി.

ഫായിസിന്റെ മാസ് വാചകം വളരെ പെട്ടെന്നാണ് മിൽമ അടിച്ചുമാറ്റിയത്. ഫായിസിന്‍റെ വൈറലായ വാചകം പരസ്യത്തിന് ഉപയോഗപ്പെടുത്തിയതിന്‍റെ പിന്നാലെയാണ് മിൽമ ഫായിസിന് സമ്മാനങ്ങൾ നൽകിയത്. പൂക്കളുണ്ടാക്കാനുള്ള ശ്രമം പരാജയപ്പെട്ടെങ്കിലും ആത്മവിശ്വാസത്തോടെ നേരിട്ട ഈ നാലാം ക്ലാസുകാരന് പതിനായിരം രൂപയും ആൻഡ്രോയിഡ് ടിവിയും മുഴുവൻ മിൽമ ഉത്പന്നങ്ങളും മിൽമ സമ്മാനമായി നൽകി. മിൽമയുടേത് കൂടാതെ വ്യക്തികളും സംഘടനകളും നിരവധി പുരസ്കാരങ്ങൾ ഇതിനകം മുഹമ്മദ് ഫായിസിന് കിട്ടിയിട്ടുണ്ട്.

Loading...

സമ്മാനമായി ലഭിച്ച പണത്തിൽ ഒരു ഭാഗം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും പാവപ്പെട്ട പെൺകുട്ടികളുടെ വിവാഹത്തിനും നൽകുമെന്ന് ഫായിസും കുടുംബവും പറഞ്ഞു. ചെലോൽത് ശരിയാവും ചെലോൽത് ശരിയാവൂല്ല! പക്ഷേങ്കി ചായ എല്ലാർതും ശരിയാവും പാൽ മിൽമ ആണെങ്കിൽ! എന്നാണ് മലബാര്‍ മില്‍മ പരസ്യവാചകമായി എഴുതിയത്. എന്നാൽ മിൽമയുടെ പോസ്റ്റിന് താഴെ നിരവധി കമന്‍റുകളാണ് വന്നിരുന്നത്. തുടർന്നാണ് മിൽമ റോയൽറ്റി നൽകാൻ തീരുമാനിച്ചത്